21 November Thursday

മഞ്ചക്കണ്ടിയിലേത്‌ ഏറ്റുമുട്ടൽ തന്നെ ; ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


അട്ടപ്പാടിയിൽ മാവോയിസ്റ്റുകളുടെ വെടിവെപ്പിനെ പ്രതിരോധിക്കുക മാത്രമാണ് തണ്ടർബോൾട്ട് ചെയ്തതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 2004 ഫെബ്രുവരിയിൽ ഒഡിഷയിലെ കോറാപുത്‌ ജില്ലയിൽ ആയുധശേഖരം ആക്രമിച്ച്‌ എ കെ 47 തോക്കുകളും  റൈഫിളുകളും തട്ടിയെടുത്ത്‌ അതുപയോഗിച്ചാണ് മാവോയിസ്റ്റുകൾ ആക്രമണം നടത്തിയതെന്നും സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി അറിയിച്ചു. 

കൊല്ലപ്പെട്ട മണിവാസകത്തിന്റെ സഹോദരി ലക്ഷ്മിയും കാർത്തിയുടെ സഹോദരൻ മുരുകേശനും നൽകിയ ഹർജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഏറ്റുമുട്ടലിലാണ്‌ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു. മണിവാസകത്തിന്റെ കാലിലെ മുറിവുണ്ടായത്‌ ഉയരമുള്ള സ്ഥലത്തുനിന്ന് താഴേക്ക് പതിച്ചതുകൊണ്ടാകാം. കൈയിലെ മുറിവ് തോക്കുപിടിച്ചുനിന്നപ്പോൾ ഉണ്ടായതാണ്. ഇവർക്ക് വെടികൊണ്ടത് തൊട്ടടുത്തുനിന്നല്ല. ആക്രമണത്തെ പ്രതിരോധിക്കുകയാണ് തണ്ടർബോൾട്ട് ചെയ്തത്. വെടിവയ്‌പ്പിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ കൈയിലുണ്ട്. എല്ലാ കാര്യങ്ങളും കേസ് ഡയറിയിലുണ്ടെന്നും പൊലീസ് അറിയിച്ചു. കേസ് ഡയറിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.

12ന് ഹർജി വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് ആർ നാരായണപിഷാരടി അറിയിച്ചു. ഹർജി തീർപ്പാകുംവരെ രണ്ടു മാവോയിസ്റ്റുകളുടെയും മൃതദേഹം സംസ്കരിക്കരുതെന്നും നിർദേശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top