13 December Friday

നിയമന നടപടിയുമായി മുന്നോട്ട്‌: പിഎസ്‌സി ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019


തിരുവനന്തപുരം
സിവിൽ പൊലീസ്‌ ഓഫീസർ പരീക്ഷയിൽ വ്യാപക ക്രമക്കേട്‌ നടന്നെന്ന ആക്ഷേപം ക്രൈംബ്രാഞ്ച്‌ തള്ളിയ സാഹചര്യത്തിൽ റാങ്കപട്ടികയിൽ നിന്ന്‌ നിയമന നടപടികൾ ആരംഭിക്കുമെന്ന്‌ പിഎസ്‌സി ചെയർമാൻ എം കെ സക്കീർ പറഞ്ഞു.

നിയമനം തടസ്സപ്പെടാതിരിക്കാനാണ്‌ ക്രൈംബ്രാഞ്ചിനോട്‌ പിഎസ്‌സി ഇടക്കാല റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്‌. റാങ്ക് ലിസ്‌റ്റിലെ മറ്റ് ഉദ്യോഗാർഥികൾക്ക് അഡ്വൈസ്‌ മെമ്മോ നൽകുന്നതിൽ തടസ്സമില്ലെന്നാണ്  റിപ്പോർട്ട്. അടുത്ത തിങ്കളാഴ്‌ച ചേരുന്ന പിഎസ്‌സി യോഗം ഇത്‌ ചർച്ചചെയ്യും.

പിഎസ്‌സിക്കെതിരെ ചിലർ ഉയർത്തിയ ആരോപണം  അടിസ്ഥാനരഹിതമാണെന്ന്‌ വ്യക്തമായി. പിഎസ്‌സിക്ക്‌ തെറ്റുപറ്റിയതായി റിപ്പോർട്ടിൽ പറയുന്നില്ല. ചില ഉദ്യോഗാർഥികളാണ്‌ ക്രമക്കേട്‌ നടത്തിയത്‌. പിഎസ്‌സി വിജിലൻസ്‌ അത്‌ കണ്ടെത്തുകയും  ക്രൈംബ്രാഞ്ച്‌ അന്വേഷണം ആവശ്യപ്പെടുകയുംചെയ്‌തു.

പിഎസ്‌സിയിൽനിന്ന്‌ ചോദ്യം ചോർന്നിട്ടില്ലെന്ന്‌ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പ് നടത്തിയവരെ നേരത്തെ അയോഗ്യരാക്കിയിരുന്നു. പിഎസ്‌സി ജീവനക്കാർക്ക്‌ ഈ സംഭവത്തിൽ പങ്ക്‌  ഉണ്ടെന്ന്‌  കണ്ടെത്തിയിട്ടില്ല. 

പിഎസ്‌സിയെ  സംശയനിഴലിൽ നിർത്തി തുടർന്നുവരുന്ന പരീക്ഷകളെയും നിയമനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുന്നവർ ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണ്‌.  ഉദ്യോഗാർഥികളും പൊതുസമൂഹവും ഇക്കാര്യം തിരിച്ചറിയണമെന്നും പിഎസ്‌സി ചെയർമാൻ അഭ്യർഥിച്ചു.


പ്രധാന വാർത്തകൾ
 Top