14 December Saturday
ഓൺലൈൻ ഏകജാലകം ശക്തിപ്പെടുത്തും

സാക്ഷ്യപത്രം മതി; വ്യവസായം തുടങ്ങാം ; ബില്ലുകൾ അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019


തിരുവനന്തപുരം
സംരംഭകർക്ക്‌ വ്യവസായം തുടങ്ങാനുള്ള കടമ്പകൾ ലഘൂകരിക്കാനുള്ള ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു. ഇതിലൂടെ വ്യവസായസംരംഭങ്ങൾ ആരംഭിക്കുന്നത്‌  സുഗമമാക്കാനും  പ്രോത്സാഹിപ്പിക്കാനും കഴിയുന്ന  രണ്ട്‌ സുപ്രധാന  ബില്ലുകളാണ്‌  മന്ത്രി ഇ പി ജയരാജൻ അവതരിപ്പിച്ചത്‌.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ ആരംഭിക്കുന്നതിന്‌  ആവശ്യമായ അംഗീകാരം, പരിശോധനകൾ എന്നിവയിൽനിന്ന്‌ മൂന്നുവർഷത്തേക്ക്‌ സംരംഭകരെ  ഒഴിവാക്കുന്നതാണ്‌ 2019ലെ കേരള സൂക്ഷ്മ -–-ചെറുകിട–--ഇടത്തരം വ്യവസായസ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ. ഏകജാലക ക്ലിയറൻസ് ബോർഡിന്റെ  പ്രവർത്തനം സുഗമമാക്കാൻ പ്രത്യേക സെക്രട്ടറിയറ്റ് രൂപീകരിച്ചുള്ളതാണ്‌ 2019ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി ബിൽ.  നിലവിലെ വ്യവസായസൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുകയാണ്‌ ബില്ലുകളുടെ ലക്ഷ്യമെന്ന്‌ മന്ത്രി പറഞ്ഞു. 

വ്യവസായങ്ങൾ ആരംഭിക്കുന്നതിന്‌  വിവിധ അനുമതിപത്രവും സർട്ടിഫിക്കറ്റുകളും എൻഒസിയും ആവശ്യമാണ്‌. എന്നാൽ, പുതിയ നിയമപ്രകാരം സംരംഭകൻ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡിലും ജില്ലാ ബോർഡിലും സ്വയം സാക്ഷ്യപത്രം നൽകിയാൽ മതി.   മൂന്നുവർഷം കഴിഞ്ഞാൽ ആറുമാസത്തിനകം ആവശ്യമായ എല്ലാ അംഗീകാരവും വാങ്ങണം.  മലിനീകരണ നിയന്ത്രണ ബോർഡിന്റെ  റെഡ്‌  ലിസ്റ്റിൽപെട്ട വ്യവസായം ഇതുവഴി  ആരംഭിക്കാനാകില്ല.  സംസ്ഥാന, ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡിലാണ്‌ സ്വയം സാക്ഷ്യ പത്രം നൽകേണ്ടത്‌. സാക്ഷ്യപത്രം ലഭിച്ചാൽ  കൈപ്പറ്റ് രസീത്‌  നൽകണം. മൂന്ന് വർഷമാണ് ഈ രസീത്‌ കാലാവധി. ഇത് കണക്കാക്കിയാണ് വ്യവസായ സ്ഥാപനത്തിന് അനുമതി നൽകുന്നത്. എന്നാൽ, 2008ലെ കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമത്തിലെ വ്യവസ്ഥയ്‌ക്ക് വിരുദ്ധമായി ഭൂമി ഉപയോഗിക്കാൻ  കൈപ്പറ്റ് സാക്ഷ്യപത്രം ലഭിക്കില്ല.  2016ലെ കേരള നഗര- ഗ്രാമ ആസൂത്രണ നിയമപ്രകാരം വിജ്ഞാപനംചെയ്ത മാസ്റ്റർപ്ലാൻ പ്രാബല്യത്തിലുള്ളിടത്ത് ഭൂവിനിയോഗത്തിൽനിന്നു വ്യതിചലിച്ച്‌ ആ ഭൂമി ഉപയോഗിക്കാനും പാടില്ല. 

വ്യവസായസ്ഥാപനം സ്വയം സാക്ഷ്യപത്രത്തിൽ പറഞ്ഞ കാര്യം ലംഘിച്ചാൽ അഞ്ചുലക്ഷം രൂപവരെ പിഴയായി ഈടാക്കും. പുതിയ നിയമപ്രകാരം വ്യവസായത്തിന്‌  അംഗീകാരം നൽകാനായി  മൂന്നുവർഷത്തേക്ക് ഒരു പരിശോധനയും പാടില്ല.   ഏകജാലക ക്ലിയറൻസ്‌ ബോർഡുകളുടെയും വിവിധ വകുപ്പുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കാനാണ്‌ സെക്രട്ടറിയറ്റ്‌ രൂപീകരിക്കുന്നത്‌. ബില്ലുകൾ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌ വിട്ടു. കെ–-സ്വിഫ്‌റ്റ്‌,ഇ പി ജയരാജൻ

ഓൺലൈൻ ഏകജാലകം ശക്തിപ്പെടുത്തും
തിരുവനന്തപുരം
ഏകജാലക സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ കെ–-സ്വിഫ്‌റ്റ്‌ സോഫ്‌റ്റ്‌വെയറിൽ  മാറ്റം കൊണ്ടുവരുമെന്ന്‌  മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കേരളത്തിലെ മികച്ച വ്യവസായ അന്തരീക്ഷം കൂടുതൽ സൗഹൃദപരമാക്കും. അനാവശ്യ പ്രചാരണം അഴിച്ചുവിട്ട്‌ വ്യവസായികളെ അകറ്റുന്നവരുണ്ട്‌. അത്തരം മനോഭാവം അവസാനിപ്പിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട രണ്ട്‌ ബിൽ അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കെ–-സ്വിഫ്‌റ്റ്‌ ശക്തിപ്പെടുത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ വ്യവസായാന്തരീക്ഷം പഠിക്കും.  ചെറുകിട സംരംഭങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കും.  വ്യവസായികളെ കൂടുതൽ ആകർഷിക്കാനാണ്‌ പുതിയ നിയമം നിർമിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top