21 November Thursday

പൊതുമേഖലാ സ്വകാര്യവൽക്കരണം : സംസ്ഥാനത്തിന്റെ ഭൂമി തിരിച്ചുപിടിക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019



തിരുവനന്തപുരം
കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിന്റെ മറിവിൽ  സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ ഭൂമിയും വിൽക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. വ്യവസായസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്‌ ഉദാരമായി ഭൂമിയും മറ്റു സൗകര്യങ്ങളും നൽകിയത്‌. സംസ്ഥാനത്തിന്റെ താൽപ്പര്യം സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മുല്ലക്കര രത്‌നാകരൻ, ചിറ്റയം ഗോപകുമാർ, ഇ ടി ടൈസൺ, വി ആർ സുനിൽകുമാർ, പി കെ അബ്‌ദുറബ്ബ്‌, മഞ്ഞളാംകുഴി അലി, പി കെ ശശി, പി ടി എ റഹീം എന്നിവരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

കേന്ദ്ര സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധത
കേന്ദ്ര സർക്കാർ ഓഹരി വിൽക്കാൻ തീരുമാനിച്ച വ്യവസായസ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാനം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ മന്ത്രി ഇ പി ജയരാജൻ കെ ദാസനെ അറിയിച്ചു. പാലക്കാട്‌ ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡിന്റെ ആസ്‌തികൾ 53.02 കോടിക്ക്‌ സംസ്ഥാനം ഏറ്റെടുക്കും. സംസ്ഥാനം സൗജന്യമായി നൽകിയ ഭൂമിക്കുകൂടി വില നൽകണമെന്ന്‌ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കാസർകോട്‌ ബിഎച്ച്‌ഇഎൽ–-ഇഎംഎൽ- എന്നിവയുടെ  51 ശതമാനം ഓഹരി സംസ്ഥാനത്തിന്‌ കൈമാറാനുള്ള നടപടി പുരോഗമിക്കുകയാണ്‌. ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷനെ ലിക്വിഡേറ്റ്‌ ചെയ്‌ത ബാധ്യതകൾ തീർപ്പാക്കാനായി ലിക്വിഡേറ്ററെ നിയമിച്ചിട്ടുണ്ട്‌. ഈ സ്ഥാപനങ്ങളെല്ലാം പൊതുമേഖലയിൽ നിലനിർത്തണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ പലവട്ടം ആവശ്യപ്പെട്ടതാണെന്നും മന്ത്രി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top