13 November Wednesday

മൂന്നാറിൽ വീണ്ടും മലയിടിച്ചിൽ; 2 പേരെ കാണാതായെന്ന് സംശയം ; ടിപ്പർ ലോറി പാറ വീണ് തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019


മൂന്നാർ
കനത്ത പേമാരിയെത്തുടർന്ന് കൊച്ചി– -മധുര ദേശീയപാതയിൽ ലാക്കാട്‌ ഗ്യാപ്പിൽ വീണ്ടും മലയിടിച്ചിൽ. രണ്ടുപേരെ കാണാതായെന്ന് സംശയം. ഒരാളെ പരിക്കുകളോടെ മൂന്നാർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് വത്തലകുണ്ട് സ്വദേശി പാൽരാജ്(45) ആണ് ആശുപത്രിയിൽ കഴിയുന്നത്. ദേശീയപാതയുടെ ജോലികളിൽ ഏർപ്പെട്ടിരുന്ന ഒരു ടിപ്പർ ലോറി പാറ വീണ് പൂർണമായി തകർന്നു. അപകടത്തിന്റെ വ്യാപ്തി വ്യക്തമല്ല. ഇടിച്ചിൽ തുടരുന്നതിനാൽ പാറയും മണ്ണും നീക്കാനുള്ള ശ്രമം ആരംഭിച്ചു.

ചൊവ്വാഴ്ച പകൽ ഒന്നര മുതൽ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. മഴ ശമിച്ച് ഒരു മണിക്കൂറിനുശേഷം മൂന്നരയോടെ മുമ്പ്‌ ഇടിഞ്ഞതിന്റെ അവശേഷിച്ചിരുന്ന മലയിലെ പാറക്കൂട്ടവും മണ്ണും താഴേക്ക്‌ പതിക്കുകയായിരുന്നു. റോഡിലെ കല്ല് പൊട്ടിച്ചുനീക്കുന്ന ജോലികളാണ് നടന്നിരുന്നത്. മഴ കനത്തതോടെ ജോലിക്കാർ സ്ഥലത്തുനിന്ന്‌ മാറിയിരുന്നതായി കരുതുന്നു. ടിപ്പർ ലോറി ഡ്രൈവറെയും സഹായിയെയുമാണ് കാണാതായിരിക്കുന്നത്. ഇവർ ജോലി നിർത്തി സ്ഥലത്തുനിന്നും മടങ്ങിപ്പോയോ എന്ന് വ്യക്തമല്ല. സുബൈർ എന്നയാളെ രാജകുമാരിയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും രണ്ടുപേർ മണ്ണിനടിയിലായെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച പാൽരാജാണ്‌ പറഞ്ഞത്‌.

ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. കൂടുതൽ വാഹനങ്ങൾ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടോ എന്നതും വ്യക്തമല്ല. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച്‌ പാറയും മണ്ണും നീക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. സംഭവസമയം ടൂറിസ്റ്റ് വാഹനങ്ങൾ ഒന്നും അതുവഴി കടന്നുപോയില്ല എന്നാണ് ലഭിക്കുന്ന വിവരം. ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. കാണാതായവർക്ക് വേണ്ടി പൊലീസ്, അഗ്നിസേനാ വിഭാഗം എന്നിവർ തെരച്ചിൽ നടത്തി. ജൂലൈ 27 നാണ് ഇവിടെ വൻ തോതിൽ മണ്ണിടിച്ചിലുണ്ടായത്. പാറകളും മണ്ണും നീക്കം ചെയ്ത് രണ്ടാഴ്ച മുമ്പാണ് ഗതാഗതം പുനഃസ്ഥാപിച്ചത് .


പ്രധാന വാർത്തകൾ
 Top