22 October Tuesday

പ്രതിസന്ധികള്‍ തടസമായില്ല; എല്ലാ തൊഴിലാളികള്‍ക്കും ആനുകൂല്യം എത്തിച്ച് സര്‍ക്കാര്‍

ജി രാജേഷ‌്കുമാർUpdated: Sunday Sep 8, 2019

തിരുവനന്തപുരം >  സാമ്പത്തിക പ്രയാസങ്ങളെല്ലാം മറികടന്ന്‌ എല്ലാ തൊഴിലാളികൾക്കും ആനുകൂല്യം ലഭിച്ചുവെന്നതാണ്‌ ഇത്തവത്തെ ഓണാഘോഷത്തിന്റെ പ്രത്യേകത. സാമ്പത്തിക പ്രതിസന്ധിയോ പ്രളയദുരന്തമോ ആനൂകൂല്യ വിതരണങ്ങൾക്ക്‌ തടസ്സമായില്ല.

ക്ഷേമനിധി ബോർഡുകളിലെ ജൂലൈ വരെയുള്ള പെൻഷൻ നൽകി. 16 മേഖലയിലെ 6.56 ലക്ഷം തൊഴിലാളികൾക്ക്‌ 226 കോടി രൂപയും ആറു മേഖലയിലെ 3.08 ലക്ഷംപേർക്ക്‌ 122 കോടി രൂപയും വിതരണംചെയ്‌തു. സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ 46.51 ലക്ഷം പേർക്ക്‌ 1716 കോടി രൂപ നൽകി.

പരമ്പരാഗത തൊഴിലാളികൾക്കുള്ള പ്രത്യേക സാമ്പത്തികസഹായം 67 കോടി രൂപ അനുവദിച്ചു. ഈറ്റ–-കാട്ടുവള്ളി–-തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്‌, ഫിഷറീസ്‌ വകുപ്പ്‌, ഖാദി ആൻഡ്‌ വില്ലേജ്‌ ഇൻ‌ഡസ്‌ട്രീസ്‌ ബോർഡ്‌, ഹാൻഡ്‌ലൂം ആൻഡ്‌ ടെക്‌സ്‌റ്റൈൽ ഡയറക്ടറേറ്റ്‌, കയർ വികസന ബോർഡ്‌ എന്നിവയും സഹായധനം വിതരണംചെയ്‌തു.

പൂട്ടിയ കശുവണ്ടി ഫാക്ടറികളിലെ 30,911 തൊഴിലാളികൾക്ക്‌ 2000 രൂപവീതം എക്‌സ്‌ഗ്രേഷ്യയും 10 കിലോ അരിയും നൽകി. അടച്ചുപൂട്ടിയ തോട്ടങ്ങൾ, മറ്റു സ്ഥാപനങ്ങളിലെ 11,443 തൊഴിലാളികൾക്കും 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ ലഭിച്ചു. തോട്ടം തൊഴിലാളികൾക്ക്‌ 1000 രൂപയുടെ ഓണക്കിറ്റ്‌ നൽകി. 1149 കള്ളു ചെത്തുതൊഴിലാളികൾക്ക്‌ 2500 രൂപ വീതവും 743 വിൽപ്പനത്തൊഴിലാളികൾക്ക്‌ 2000 രൂപ വീതവും എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു.

100 ദിവസം ജോലിചെയ്‌ത 4,41,480 തൊഴിലുറപ്പു തൊഴിലാളികൾക്ക്‌ 1000 രൂപ പ്രത്യേക പാരിതോഷികം നൽകി. 4800 അങ്കണവാടി പെൻഷൻകാർക്ക്‌ 1000 രൂപ വീതവും സർക്കാർ പ്രസ്‌ ജീവനക്കാർക്ക്‌ പ്രവർത്തനമികവ്‌ അലവൻസും ഉത്സവ ബത്തയും നൽകി.

ലോട്ടറി തൊഴിലാളികൾക്ക്‌ 30 കോടി രൂപ വിതരണംചെയ്‌തു. സജീവ തൊഴിലാളിക്ക്‌ 6500 രൂപയും  പെൻഷൻകാർക്ക്‌ 2000 രൂപയും ലഭിച്ചു. മൂന്നു മാസ പെൻഷൻ 3600 രൂപവീതം ലഭ്യമാക്കി. ഗ്യാസ്‌ വിതരണത്തൊഴിലാളികൾക്ക്‌ കുറഞ്ഞത്‌ 12,400 രൂപ ബോണസ് അല്ലെങ്കിൽ എക്‌സ്‌ഗ്രേഷ്യ ലഭിക്കും. ആധാരമെഴുത്തുകാർക്ക്‌ 1500 രൂപ ഉത്സവ ബത്ത അനുവദിച്ചു.

ഓണക്കാല ബോണസിന്റെ പേരിലുള്ള തൊഴിൽ തർക്കങ്ങളെല്ലാം പരിഹരിച്ചു. 20 പൊതുമേഖലാ സ്ഥാപനങ്ങളിൽ കുറഞ്ഞത്‌ 8.33 ശതമാനം ബോണസ്‌ ഉറപ്പാക്കി. സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന 220 സ്ഥാപനങ്ങളിലും ബോണസ്‌ നൽകി. ഇരുവിഭാഗങ്ങളിലുമായി  20 കോടിയിലേറെ രൂപയാണ്‌ വിതരണം ചെയ്‌തത്‌.

സിപിഐ എം  1000 ജൈവ ചന്ത തുറക്കും

തിരുവനന്തപുരം > സിപിഐ എം നേതൃത്വത്തിൽ ഓണ സീസൺ ലക്ഷ്യമാക്കി നടത്തിയ സംയോജിത കൃഷിയുടെ വിളവുകളുമായി സംസ്ഥാനത്ത്‌ 1000 ഓണവിപണി തുറക്കും. സംസ്ഥാനതല ഉദ്‌ഘാടനം കോട്ടയം എലിക്കുളത്ത് ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി ഡോ. ടി എം തോമസ് ഐസക് നിർവഹിക്കും. ഭക്ഷ്യസ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം എന്നീ സന്ദേശങ്ങളുമായാണ്‌ കർഷകരെയും തൊഴിലാളികളെയും സഹകരണ സംഘങ്ങളെയും ഒരുമിപ്പിച്ച്‌ വ്യാപകമായി ജൈവക്കൃഷി കൂട്ടായ്‌മകൾ സംഘടിപ്പിച്ചത്‌. ഇങ്ങനെ വിളയിച്ച വിഷരഹിത പച്ചക്കറികൾ വൻതോതിൽ ഓണം ജൈവവിപണികളിൽ ലഭിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top