24 October Thursday

ഓശാനപ്പറമ്പിൽ ഓണമേളം

സുധ സുന്ദരൻUpdated: Sunday Sep 8, 2019



അത്തം തൊട്ട്‌ ഓശാനപ്പറമ്പിൽ ആഘോഷമാണ്‌.  തവനൂർ ആലത്തൂർ ഓശാനപ്പറമ്പിൽ ശാന്തയുടെ ആദ്യ ഓണമല്ല ഇത്‌. എന്നാൽ, ഈ ഓണം ഏറെ പ്രിയപ്പെട്ടതാണ്‌. കരുതലിന്റെ ഓണംകൂടിയാണിത്‌.  പ്രളയം തകർത്ത വീടിനുപകരം കെയർ ഹോം പദ്ധതിയിൽ സർക്കാർ നിർമിച്ചുനൽകിയ പുത്തൻ വീട്ടിലാണ്‌ ശാന്തയും മക്കളും ഓണം ആഘോഷിക്കുന്നത്‌.

ഭർത്താവ്‌  ഉണ്ണികൃഷ്ണൻ വർഷങ്ങൾക്കുമുമ്പ്‌ മരിച്ചു. പിന്നെ മക്കളായ വൈശാഖും വൈഷ്മയുമൊത്ത്‌ ഏറെ പ്രയാസപ്പെട്ടാണ്‌ ജീവിതം മുന്നോട്ടുകൊണ്ടുപോയത്‌. മകന്റെ വരുമാനമായിരുന്നു ജീവിതമാർഗം. സമീപത്തെ സ്‌കൂൾ ബസ്‌ ഡ്രൈവറാണ്‌ വൈശാഖ്‌. എന്നാൽ, കഴിഞ്ഞ വർഷത്തെ പ്രളയം വില്ലനായി. കനത്ത മഴയിൽ സമീപത്തെ പുഴയിൽനിന്ന്‌ വെള്ളം വീട്ടിലേക്ക്‌ കയറി.  സുരക്ഷിത മാർഗം തേടി  ക്യാമ്പിലേക്ക്‌ മാറി. സമീപ അമ്പലത്തിലെ ഊട്ടുപുരയിലായിരുന്നു താമസം. മൂന്നുദിവസം ഊട്ടുപുരയിൽ. പിന്നെ കുടുംബവീട്ടിലേക്കും. വെള്ളമിറങ്ങിയപ്പോൾ തിരിച്ചെത്തി. 

വെള്ളം കയറിയും മരങ്ങൾ വീണും വീട്‌ തകർന്നിരുന്നു.  വീട്‌ ഒരു സ്വപ്‌നംമാത്രമായി മാറിയ സമയത്താണ്‌ സർക്കാരിന്റെ കെയർ ഹോം പദ്ധതി തുണയായത്‌.  അപേക്ഷ നൽകി. സഹായം വൈകിയില്ല. അഞ്ചുമാസംകൊണ്ട്‌ വീട്‌ പൂർത്തിയായി. രണ്ട്‌ കിടപ്പുമുറിയും ഹാളും അടുക്കളയുമുള്ള ഒന്നാംതരം കോൺക്രീറ്റ്‌ വീട്‌. ജൂണിൽ ഇവിടെ താമസം ആരംഭിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top