24 October Thursday

സിപിഐ എം പ്രവർത്തകരെ വധിക്കാൻ ശ്രമം: 7 ആർഎസ്എസുകാരെ ശിക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019


കൊല്ലം
സിപിഐ എം  പ്രവർത്തകരായിരുന്ന കടവൂർ കുരീപ്പുഴ ചേനേത്തു കിഴക്കതിൽ ജോർജ്, ചേനേത്തു പടിഞ്ഞാറ്റതിൽ സാംദാസ് എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ കോടതി ശിക്ഷിച്ചു.  ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ആൻസിൽ,  എം എസ് അരുൺ,  അനീഷ് മോഹൻ, അഞ്ചാംപ്രതി രാഹുൽ, ഏഴ്, എട്ട് പ്രതികളായ  കാലാ വിഷ്ണു എന്ന വിഷ്ണു, അനീഷ്, പത്താം പ്രതി രതീഷ് എന്നിവരെയാണ് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് കെ എൻ  സുജിത് ശിക്ഷിച്ചത്. പ്രതികൾ വിവിധ വകുപ്പുകളിലായി 16 മാസം വെറും തടവും 81,000 രൂപ പിഴയും ഒടുക്കണം. പിഴത്തുകയിൽനിന്ന് സാം ദാസിന് 50,000,  ജോർജിന് 25,000 രൂപ എന്നിങ്ങനെ നൽകണം.  പിഴയൊടുക്കാതിരുന്നാൽ വീണ്ടും തടവുശിക്ഷ അനുഭവിക്കണം.  നാലാം പ്രതി വിനയചന്ദ്രൻ, ആറാം പ്രതി ലിജോ, ഒമ്പതാം പ്രതി മൈനാ വിഷ്ണു എന്ന വിഷ്ണു, 11–ാം  പ്രതി അനീഷ്, 12–ാം  പ്രതി സതീഷ് എന്നിവരെ വെറുതെവിട്ടു.

2013 ആഗസ്ത് 31ന് രാത്രി 10.30നായിരുന്നു സംഭവം. പരിക്കേറ്റ ജോർജ്, സാംദാസ് എന്നിവരുടെ സുഹൃത്തായ റോയിയെ പ്രതികളിൽ ചിലർ ചേർന്ന് സംഭവദിവസം വൈകിട്ട് മർദിച്ചിരുന്നു.  പരിക്കേറ്റവർ റോയിയോടൊപ്പം അഞ്ചാലുംമൂട് സ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വിരോധമാണ്  ജോർജിനേയും സാംദാസിനെയും ആക്രമിക്കാൻ കാരണം.  കുരീപ്പുഴ കീക്കോലിമുക്കിലുള്ള തേജസ് ക്ലബ്ബിന്റെ പ്രവർത്തകരായ ഇവർ രാത്രി പത്തോടെ ക്ലബ്ബിൽനിന്ന് വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോൾ ബൈക്കിലെത്തിയ പ്രതികൾ പിന്തുടർന്ന് ചേനേത്ത് കളരിക്കു സമീപം ഇടവഴിയിൽ  മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.  കൊല്ലം വെസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്.  പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ വി  വിനോദ് കോടതിയിൽ ഹാജരായി.
 


പ്രധാന വാർത്തകൾ
 Top