19 February Tuesday

പരാതിയുടെ പേരിൽ കടന്നാക്രമിക്കാൻ ശ്രമിച്ചവർക്ക‌് ചുട്ടമറുപടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

തിരുവനന്തപുരം>പി കെ ശശി എംഎൽഎക്കെതിരായ പരാതിയുടെ പേരിൽ കടന്നാക്രമിക്കാൻ ശ്രമിച്ചവർക്ക‌് ചുട്ടമറുപടിയായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് പ്ര‌സ‌്താവന. ആരോപണങ്ങളുടെ പേരിൽ  കുറ്റപ്പെടുത്താൻ ശ്രമിച്ചവർക്ക‌് പ്ര‌‌സ‌്താവന പുറത്തുവന്നതോടെ വായടഞ്ഞു. മറ്റ‌് പാർടികളിൽനിന്ന‌് വ്യത്യസ‌്തമായി സിപിഐ എം എടുക്കുന്ന തത്വാധിഷ‌്ഠിത നിലപാട‌ിന്റെ തെളിവാണ‌് പ്രസ‌്താവന. എത്ര ഉന്നതനായാലും പരാതി കിട്ടിയാൽ അന്വേഷിക്കുകയും കുറ്റക്കാരനാണെന്ന‌ു കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യുക എന്ന സംഘടനാരീതിയാണ‌് സിപിഐ എം പിന്തുടരുന്നത‌്. പി കെ ശശിക്കെതിരെ പരാതി ഉയർന്നപ്പോഴും ഇതേ നിലപാടാണ‌് സ്വീകരിച്ചതെന്ന‌്  പ്രസ‌്താവന വ്യക്തമാക്കുന്നു. 

പരാതി ലഭിച്ചപ്പോൾത്തന്നെ വിശദാംശങ്ങൾ സംസ്ഥാന സെക്രട്ടറിയറ്റിൽ ചർച്ചചെയ‌്ത‌് കേന്ദ്രകമ്മിറ്റിയംഗങ്ങളായ  മുതിർന്ന നേതാക്കളെ അന്വേഷണത്തിന‌് ചുമതലപ്പെടുത്തി. സുതാര്യമായി നടപടി കൈക്കൊള്ളാനുള്ള ആർജവമാണ‌് ഇക്കാര്യത്തിലുണ്ടായത‌്. ഇത്രയൊക്കെ നടപടിയെടുത്തിട്ടും സംസ്ഥാന നേതൃത്വം പരാതി മുക്കി എന്നും കേന്ദ്രനേതൃത്വം ഇടപെട്ടാണ‌് തുടർനടപടി സ്വീകരിച്ചതെന്നുമുള്ള പച്ചക്കള്ളം തട്ടിവിടാനും ഒരുവിഭാഗം മാധ്യമങ്ങൾക്ക‌് മടിയുണ്ടായില്ല. പൊളിറ്റ‌്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഇടപെട്ടിട്ടില്ലെന്ന‌് സംശയരഹിതമായി വ്യക്തമായിട്ടും നുണപ്രചാരണം തുടരുകയായിരുന്നു. എ‌ന്നാൽ, സിപിഐ എമ്മിനും എൽഡിഎഫിനുമെതിരെ ആക്ഷേപം ഉന്നയിക്കുന്നവർ തങ്ങളുടെ കഴിഞ്ഞകാല ചെയ‌്തികൾ മൂടിവയ‌്ക്കുകയായിരുന്നു. ഐസ‌്ക്രീം പാർലർ കേസ‌ുമുതൽ തിരുവനന്തപുരത്ത‌് എം വിൻസന്റ‌് എംഎൽഎയ‌്ക്കെതിരായ കേസ‌ുവരെയുള്ളവയിൽ യുഡിഎഫ‌് കൈക്കൊണ്ട നിലപാട‌് അവരുടെ ഇരട്ടത്താപ്പിന‌് തെളിവാണ‌്.

ബിജെപിയുടെ സ്ഥിതിയും ഇക്കാര്യത്തിൽ വ്യത്യസ‌്തമല്ല. യുഡിഎഫിന്റെയും ബിജെപിയുടെയും ചെയ‌്തികൾ കണ്ടില്ലെന്ന‌് നടിക്കുകയാണ‌് മാധ്യമങ്ങൾ. സോളാർ കേസിൽ കോൺഗ്രസിലെയും യുഡിഎഫിലെയും ഉന്നത നേതാക്കൾക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കപ്പെട്ടിട്ടും നിയമസംവിധാനങ്ങൾക്കുമുന്നിൽ പരാതി നൽകിയിട്ടും കോൺഗ്രസോ ഘടക കക്ഷികളോ  ചെറുവിരലനക്കിയില്ല. അന്നത്തെ മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും എംഎൽഎമാർക്കും എംപിമാർക്കുമൊക്കെ എതിരെ ഗുരുതര ആരോപണങ്ങളാണ‌് സരിത എസ‌് നായർ ഉന്നയിച്ചത‌്.

കൊല്ലത്ത‌് ഒരു ജനപ്രതിനിധി സിനിമാതാരത്തെ പരസ്യമായി അപമാനിച്ചപ്പോഴും ഇവർ മൗനംപാലിച്ചു. തലസ്ഥാനജില്ലയിൽ വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ കോൺഗ്രസ‌് എംഎൽഎ ജയിലിൽനിന്ന‌് ഇറങ്ങിയപ്പോൾ മാലയിട്ട‌് സ്വീകരിച്ചവരാണ‌് കോൺഗ്രസുകാർ.
പാലക്കാട്ടെ പരാതിയിൽ പൊലീസിനെയോ മറ്റ‌് നിയമസംവിധാനങ്ങളെയോ സമീപിക്കാനുള്ള സ്വാതന്ത്ര്യം പരാതിക്കാരിക്കുണ്ട‌്. സംഭവത്തിൽ പാർടിതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ‌് യുവതി ആവശ്യപ്പെട്ടത‌്. അത‌് തീർത്തും സംഘടനാപരമായ നടപടിക്രമമാണ‌്.

സംഘടനാ നടപടിക്രമമനുസരിച്ചുള്ള പരാതി പൊലീസിന‌് കൈമാറേണ്ട ബാധ്യതയില്ല. മാത്രമല്ല, യുവതിയുടെ പരാതിപ്രകാരമുള്ള സംഘടനാനടപടികൾ പാർടി ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത‌് നഗരസഭാ കൗൺസിലർകൂടിയായ ബിജെപിയുടെ യുവനേതാവ‌് യുവമോർച്ച നേതാവായ യുവതിയെ പീഡിപ്പിച്ചതു സംബന്ധിച്ച‌് സംഘടനാതലത്തിൽ പരാതി ഉയർന്നപ്പോൾ ആരോപണമുന്നയിച്ചവരെ ഭീഷണിപ്പെടുത്തി പരാതി ഒതുക്കിത്തീർക്കാനാണ‌് ശ്രമിച്ചത‌്. 

ഇതിൽനിന്നെല്ലാം വ്യത്യസ‌്തമായ നിലപാട‌് എക്കാലത്തും കൈക്കൊണ്ട പാർടിയാണ‌് സിപിഐ എം. പി കെ ശശിക്കെതിരെ പരാതി ലഭിച്ചതുമുതൽ പാർടി കൈക്കൊണ്ട നടപടികൾ അക്കമിട്ടുനിരത്തിയാണ‌് പ്രസ‌്താവന. സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ, അപമാനിക്കൽ തുടങ്ങിയ പ്രശ്‌നങ്ങളിൽ സംസ്ഥാനത്തെ മറ്റൊരു പാർടിയും സിപിഐ എം  സ്വീകരിച്ചതുപോലെയുള്ള കർശനമായ നിലപാടെടുത്തില്ല.  ഇതെല്ലാം മറച്ചുവച്ചാണ‌് പാർടിക്കെതിരെ കടന്നാക്രമണം നടത്തുന്നത‌്.


പ്രധാന വാർത്തകൾ
 Top