19 September Saturday

ഗുരുതരാവസ്ഥയിലുള്ളവരുടെ ചികിത്സ : സ്വകാര്യ ആശുപത്രിയും ഒരുങ്ങണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


കൊച്ചി
കോവിഡ്‌ അതിവ്യാപനമുണ്ടായാൽ പൊതു-–-സ്വകാര്യ ആരോഗ്യ സംവിധാനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കലക്ടർ എസ് സുഹാസ് അവലോകന യോഗത്തിൽ നിർദേശിച്ചു. കാറ്റഗറി സിയിൽ  ഉൾപ്പെട്ട ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാൻ സ്വകാര്യ ആശുപത്രികൾ തയ്യാറെടുക്കണം. കോവിഡ് സ്ഥിരീകരിച്ച്‌ മറ്റ് രോഗങ്ങളില്ലാത്തവർക്ക് ജില്ലാ ഭരണനേതൃത്വം തയ്യാറാക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സൗകര്യങ്ങൾ ഉപയോഗിക്കാം.

എന്നാൽ, മറ്റ് രോഗബാധിതരായി ആശുപത്രിയിൽ എത്തി കോവിഡ് സ്ഥിരീകരിക്കുന്ന കാറ്റഗറി ബി വിഭാഗത്തിലുള്ളവരെയും കാറ്റഗറി സിയിൽ  ഉൾപ്പെട്ട രോഗികളെയും ഉൾക്കൊള്ളുന്നതിന്‌ സ്വകാര്യ ആശുപത്രികൾ തയ്യാറെടുക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു. സൗകര്യങ്ങൾക്ക് അനുസൃതമായി കോവിഡ് രോഗികൾക്കായി ഐസിയു സംവിധാനങ്ങൾ ഒരുക്കണം. ഒരു ആംബുലൻസും കോവിഡ് രോഗികൾക്കായി കരുതണം. രോഗബാധിതരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനുമുമ്പ്‌ ജില്ലാ കൺട്രോൾ റൂമിൽ വിവരം നൽകണം. കോവിഡ് ചികിത്സയ്ക്കായി ഏറ്റെടുത്ത  പിവിഎസ് ആശുപത്രിയിൽ മറ്റ് ആശുപത്രികളിൽനിന്നുള്ള നേഴ്സുമാർ ഉൾപ്പെടെ വിവിധ മെഡിക്കൽ വിഭാഗം ജീവനക്കാരെ ആവശ്യമുണ്ട്. പിവിഎസ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സഹായിക്കുമെന്നും യോഗം വിലയിരുത്തി.

705 പേർ വീടുകളിൽ നിരീക്ഷണത്തിൽ
705 പേരെക്കൂടി  പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 905 പേരെ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 11,022 ആണ്. ഇതിൽ 9,168 പേർ വീടുകളിലും 164 പേർ കോവിഡ് കെയർ സെന്ററുകളിലും 1690 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 109 പേരെ പുതുതായി ആശുപത്രിയിൽ/ എഫ്എൽടിസിയിൽ പ്രവേശിപ്പിച്ചു. ആശുപത്രികളിൽ/എഫ്എൽടിസികളിൽനിന്ന് 59 പേരെ ഡിസ്ചാർജ് ചെയ്തു. 876 സാമ്പിളുകൾകൂടി പരിശോധയ്ക്ക് അയച്ചു. വെള്ളിയാഴ്‌ച 967 പരിശോധനാഫലങ്ങൾ ലഭിച്ചു. ഇനി 899 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ ലാബുകളിൽനിന്നും ആശുപത്രികളിൽനിന്നുമായി 2121 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top