24 September Thursday

കോവിഡ്‌ : വീട്ടുനിരീക്ഷണത്തിന്‌ മാർഗനിർദേശമായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


സ്വന്തം ലേഖിക
കോവിഡ്‌ പ്രഥമതല ചികിത്സാകേന്ദ്രങ്ങളിൽ ഉള്ളവർക്ക്‌ രോഗലക്ഷണം ഇല്ലെങ്കിൽ വീട്ടുനിരീക്ഷണമാകാമെന്ന്‌ ആരോഗ്യവകുപ്പ്‌. രോഗവ്യാപന തോത്‌ അനുസരിച്ച്‌ ജില്ലകൾക്ക്‌ തീരുമാനമെടുക്കാം. ഇതുവഴി പ്രഥമതല ചികിത്സാകേന്ദ്രങ്ങളിലെ ലക്ഷണമുള്ള രോഗികൾക്ക്‌‌ കൂടുതൽ ശ്രദ്ധ നൽകാനാകുമെന്നും ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. ടെലി മെഡിസിൻ, കോവിഡ്‌ കോൾ സെന്റർ, ആവശ്യമെങ്കിൽ രോഗികളെ ആശുപത്രികളിലേക്ക്‌ മാറ്റാനുള്ള വികേന്ദ്രീകൃത ഗതാഗതാ സംവിധാനം എന്നിവ പൂർണസജ്ജമാണെന്ന്‌ ഉറപ്പാക്കണം.പന്ത്രണ്ട്‌ വയസ്സിൽ താഴെയുള്ളവർക്കൊപ്പം രക്ഷിതാവിനോ മറ്റൊരു കുടുംബാംഗത്തിനോ സമ്പർക്കവിലക്കിൽ കഴിയാം. മൂന്നാമതൊരു അംഗം ഇവരെ പരിചരിക്കണം. വീട്ടിലെ മുതിർന്ന പൗരന്മാർ രോഗിയുമായോ രോഗി ഉപയോഗിച്ച വസ്തുക്കളുമായോ സമ്പർക്കത്തിൽ വരരുത്‌. ഹൈ റിസ്ക്‌ വിഭാഗത്തിലെ അംഗങ്ങളെ കഴിയുമെങ്കിൽ മാറ്റിപ്പാർപ്പിക്കണം.

ദിവസേന പൾസ്‌ ഓക്സിമീറ്റർ ഉപയോഗിച്ച്‌ ശരീരത്തിലെ ഓക്സിജൻ അളവ്‌ നിർണയിക്കണം.
രുചിയില്ലായ്മ, ശ്വാസതടസ്സം, നെഞ്ചുവേദന, ബോധക്ഷയം, അമിതക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങൾ (റെഡ്‌ ഫ്ലാഗ്‌ സൈൻസ്‌) അനുഭവപ്പെട്ടാൽ ഉടൻ മെഡിക്കൽ ഓഫീസറെ അറിയിക്കണം.

രോഗിയും പരിചാരകനും സദാസമയവും ത്രീ ലെയർ മാസ്ക്‌ ഉപയോഗിക്കണം. ടെലി കൺസൾട്ടേഷനുമായി സഹകരിക്കണം. ലക്ഷണങ്ങൾ പ്രകടമായാൽ അവയുടെ തീവ്രതയുടെ അടിസ്ഥാനത്തിൽ എത്രയുംപെട്ടെന്ന്‌ പ്രഥമതല ചികിത്സാ കേന്ദ്രങ്ങളിലേക്കോ കോവിഡ്‌ ആശുപത്രികളിലേക്കോ മാറ്റണം എന്നും മാർഗനിർദേശത്തിൽ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top