15 October Tuesday

തിരുവനന്തപുരം കാസർകോട്‌ വെറും 4 മണിക്കൂർ ; 66079 കോടി രൂപയുടെ അതിവേഗ റെയിൽ ഇടനാഴി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

സ്വന്തം ലേഖകൻ
തിരുവനന്തപുരം മുതൽ കാസർകോട‌് വaരെയുള്ള അതിവേഗ റെയിൽ ഇടനാഴി (സെമി ഹൈസ്പീഡ‌് റെയിൽ കോറിഡോർ) പദ്ധതിയുടെ സാധ്യതാപഠന റിപ്പോർട്ടും അലൈൻമെന്റും മന്ത്രിസഭ അംഗീകരിച്ചു. 66079 കോടി രൂപയാണ്‌ പദ്ധതി അടങ്കൽ. ഇതോടെ വിശദ പദ്ധതിരേഖ തയ്യാറാക്കാനായി സർവേ നടപടി ആരംഭിക്കാം.

കേരള റെയിൽ ഡെവലപ‌്മെന്റ‌് കോർപറേഷൻ (കെആർഡിസിഎൽ) മേൽനോട്ടത്തിൽ സിസ്‌ട്രയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. ഇന്ത്യൻ റെയിൽവേയുടെയും കേരള സർക്കാരിന്റെയും സംയുക്തസംരംഭമാണ്‌ കെആർഡിസിഎൽ. അതിവേഗ റെയിൽ, റോഡ്‌ ഗതാഗത വികസന മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര കൺസൾട്ടൻസി, എൻജിനിയറിങ്‌ കമ്പനിയാണ്‌ സിസ്‌ട്ര. പാരീസ്‌ ആണ്‌ ആസ്ഥാനം. അതിവേഗ ട്രെയിനുകൾക്കായി നിലവിലുള്ള ഇരട്ട പാതയ്ക്കുപുറമെ 532 കിലോമീറ്ററിൽ മൂന്നും നാലും പാത എന്നതാണ്‌ പദ്ധതി. ഈ പാതയിൽ മണിക്കൂറിൽ ശരാശി 180 മുതൽ 200 കി.മീ വരെ വേഗത്തിൽ സഞ്ചരിക്കാം.

തിരുവനന്തപുരത്തുനിന്ന്‌ ഒന്നര മണിക്കൂറിനകം എറണാകുളത്തും നാലുമണിക്കൂറിനകം കാസർകോട്ടും എത്താനാകും. പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ അഞ്ചുവർഷത്തിനകം നടപ്പാക്കും.

9 ബോഗി; 1330 പേർക്ക്‌ സഞ്ചരിക്കാം
മണിക്കൂറിൽ 200 കി. മീ. വേഗത്തിൽ കൊച്ചുവേളിക്കും കാസർകോടിനുമിടയിൽ പായുന്ന ട്രെയിനിൽ ആദ്യഘട്ടത്തിൽ 1330 യാത്രക്കാർക്ക്‌ ഒരേസമയം സഞ്ചരിക്കാം. ഒമ്പത്‌ ബോഗികളുണ്ടാകും. യാത്രക്കാർ കൂടിയാൽ ബോഗികളുടെ എണ്ണം 12 വരെയാകാം. ആധുനിക സിഗ്നൽ സംവിധാനവും അതിവേഗ പാതയിലുണ്ടാകും. വിവര വിനിമയം, ടിക്കറ്റിങ്, യാത്രാ സൗകര്യം, വൈദ്യുതിവിതരണം തുടങ്ങിയവയ്ക്കും നൂതന സംവിധാനങ്ങളാകും. പാതയിലുടനീളവും സ്റ്റേഷനുകളടക്കമുള്ള കെട്ടിടങ്ങളിലും സോളാർ പാനൽ സജ്ജീകരിക്കും. ഇവിടെ വൈദ്യുതവാഹനങ്ങളും ചാർജ് ചെയ്യാം. റെയിൽ ഇടനാഴി നിർമാണം അര ലക്ഷത്തോളം തൊഴിലവസരം സൃഷ്ടിച്ചേക്കും. പദ്ധതി പൂർത്തിയാവുമ്പോൾ 11,000 പേർക്ക് തൊഴിൽ ലഭിക്കും.

റോഡ്‌ പുത്തനാക്കാൻ 788 കോടി
തിരുവനന്തപുരം
റീബിൽഡ്‌ കേരളയുടെ പദ്ധതി നിർദേശങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം. റോഡ്‌ പുനർനിർമാണത്തിന് ഈ വർഷം 300 കോടി രൂപ  വായ്പയിൽനിന്ന്‌ അനുവദിക്കും. തദ്ദേശസ്വ വകുപ്പിന്റെ കീഴിലുള്ള റോഡ്‌ പുനർനിർമാണത്തിന് 488 കോടി രൂപയും ലഭ്യമാക്കും. റോഡ്‌ പുത്തനാക്കാൻ മൊത്തം 788 കോടി ലഭിക്കും
കുടുംബശ്രീ വഴിയുള്ള ജീവനോപാധികൾ, ജലവിഭവം, ജൈവവൈവിധ്യം, ഖര-ദ്രവ്യ മാലിന്യ സംസ്കരണം എന്നീ മേഖലകളിലെ പദ്ധതികൾക്കും തുക അനുവദിക്കും.

ഉന്നതാധികാര സമിതി നിർദേശം അനുസരിച്ചായിരിക്കും തുക നൽകുക. കാസർകോട്‌ മുതൽ തിരുവനന്തപുരം വരെ ദേശീയ പാത 45 മീറ്ററായി വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സംസ്ഥാനം നൽകിയ ഉറപ്പിന്റെ ഭാഗമായാണ്‌ തീരുമാനം.


പ്രധാന വാർത്തകൾ
 Top