21 September Saturday

പൊലീസ് സീനിയോറിറ്റി: മുന്‍കാലപ്രാബല്യം ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019


കൊച്ചി
ആംഡ് പൊലീസ് ബറ്റാലിയനിൽനിന്ന് ജില്ലാ ആംഡ്‌ റിസർവിലേക്ക് വരുന്ന പൊലീസുകാരുടെ സീനിയോറിറ്റി, നിയമന തീയതിയുടെ അടിസ്ഥാനത്തിൽ 1986 മുതൽ മുൻകാല പ്രാബല്യത്തിലാക്കിയ ചട്ടഭേദഗതി ഹൈക്കോടതി ശരിവച്ചു. മുൻകാല പ്രാബല്യത്തോടെ ചട്ടഭേദഗതി വരുത്താനാകില്ലെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെ ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്‌.

ഡിസ്ട്രിക്ട്‌ ആംഡ് റിസർവ്, ആംഡ് പൊലീസ് ബറ്റാലിയൻ എന്നിവയിൽ നേരത്തെ ഡയറക്ട്‌ റിക്രൂട്ട്മെന്റായിരുന്നു. ആംഡ് പൊലീസ് ബറ്റാലിയനിലെ കോൺസ്റ്റബിളിനെ നിശ്ചിതകാലത്തെ പരിശീലനത്തിനുശേഷം ഡിസ്ട്രിക്ട്‌ ആംഡ് റിസർവിലേക്ക് വിടും. ഇങ്ങനെവരുന്ന ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി സംരക്ഷിക്കാൻ നിയമനചട്ടത്തിൽ 1980ൽ രണ്ടു ഭേദഗതി കൊണ്ടുവന്നു. നിയമന തീയതിയുടെയോ പിഎസ്‌‌സി അഡ്വൈസിന്റെയോ അടിസ്ഥാനത്തിൽ സീനിയോറിറ്റി നിശ്ചയിക്കുമെന്നായിരുന്നു വ്യവസ്ഥ. ഭേദഗതിക്കുമുമ്പ് ഡിസ്ട്രിക്ട്‌ ആംഡ് റിസർവിൽ നിയമിക്കപ്പെട്ടവരുടെ സീനിയോറിറ്റിയെ ഭേദഗതി പ്രതികൂലമായി ബാധിക്കരുതെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഒട്ടേറെപ്പേരുടെ സീനിയോറിറ്റിയെ ഇത് പ്രതികൂലമായി ബാധിച്ചു. പ്രശ്നം പരിഗണിച്ച സർക്കാർ 1989ൽ ചട്ടഭേദഗതി കൊണ്ടുവന്ന് ഡിസ്ട്രിക്ട്‌ ആംഡ് റിസർവിലെ നേരിട്ടുള്ള നിയമനം ഒഴിവാക്കി. അതിനൊപ്പം സീനിയോറിറ്റി സംബന്ധിച്ച ഭേദഗതിയും ഇല്ലാതായി. 2012ലെ ഹൈക്കോടതി വിധിയിലാണ് സർക്കാർ ഇതിന്റെ പ്രശ്നം മനസ്സിലാക്കിയത്. 2017ൽ പഴയ ഭേദഗതികൾ മുൻകാല പ്രാബല്യത്തിൽ വീണ്ടും കൊണ്ടുവന്നു. ഇതാണ് കെഎടി റദ്ദാക്കിയത്. 
ഹൈക്കോടതി വിധി മൂലം സിവിൽ പൊലീസ് ഓഫീസർമാരുടെ പ്രമോഷൻ സുഗമമാകും. സർക്കാരിനുവേണ്ടി ഗവ.പ്ലീഡർ ആന്റണി മുക്കത്ത് ഹാജരായി.


പ്രധാന വാർത്തകൾ
 Top