22 September Sunday

കുറുമ്പ്‌ കെണിയായി, കുട്ടിക്കൊമ്പന്‌ ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019


കോതമംഗലം
ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. പുരയിടത്തിലെ തെങ്ങ് കുത്തിമറിച്ചപ്പോൾ വൈദ്യുതിക്കമ്പിയിലേക്ക് വീണായിരുന്നു 10 വയസ്സുള്ള കൊമ്പന്റെ ദാരുണാന്ത്യം. കുട്ടമ്പുഴ നൂറേക്കറിൽ പാലക്കുന്നേൽ ലക്ഷ്മണന്റെ പുരയിടത്തിൽ ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം.

അർധരാത്രി ആനയുടെ അലർച്ചയും തെങ്ങ് വീഴുന്ന ശബ്ദവും ലക്ഷ്മണനും   അയൽക്കാരും കേട്ടിരുന്നു. ഇവർ പുലർച്ചെ ചെന്നുനോക്കിയപ്പോഴാണ്  കൊമ്പന്റെ ജഡം  കണ്ടത്‌. പൊട്ടിവീണ വൈദ്യുതിക്കമ്പി ആനയുടെ ദേഹത്ത്‌ ചുറ്റിയ നിലയിലായിരുന്നു.  

കുട്ടമ്പുഴ ഫോറസ്‌റ്റ്‌ ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്‌, റേഞ്ച് ഓഫീസർ എസ് രാജന്റെ നേതൃത്വത്തിൽ വനപാലകർ എത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. എന്നാൽ, പുരയിടത്തിൽനിന്ന്‌ ജഡം നീക്കാനുള്ള വനപാലകരുടെ ശ്രമം  നാട്ടുകാർ തടഞ്ഞു. വന്യമൃഗശല്യം   പരിഹരിക്കണമെന്നായിരുന്നു ആവശ്യം. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. പ്രശ്നം ചർച്ചചെയ്യാൻ ഉന്നതതല യോഗം വിളിക്കാമെന്ന ഉറപ്പിലാണ്‌ നാട്ടുകാർ ശാന്തരായത്‌.

തുടർന്ന്‌, ജഡം ഉൾവനത്തിൽ എത്തിച്ച് പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. കുട്ടമ്പുഴ, പൂയംകുട്ടി  മേഖലകളിലെ ജനവാസകേന്ദ്രങ്ങളിൽ പുഴകടന്ന്‌ കാട്ടാനകൾ വരുന്നത്‌ പതിവാണെങ്കിലും   അപകടത്തിൽപ്പെടുന്നത് അപൂർവം.
 


പ്രധാന വാർത്തകൾ
 Top