19 September Thursday

ലീഗ്‌ നിലപാട്‌ വ്യക്തമാക്കണം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019


ഉപ്പള (കാസർകോട്‌)
വിവിധ വിഷയങ്ങളിൽ കോൺഗ്രസ്‌ എംപിമാർ ബിജെപിയെ പിന്തുണക്കുന്നതിൽ  ലീഗ്‌ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ജമ്മു കശ്‌മീർ, യുഎപിഎ, എൻഐഎ വിഷയങ്ങളിൽ യുഡിഎഫിന് യോജിച്ച നിലപാടില്ല.  ഈ വിഷയങ്ങളിൽ  ബിജെപിക്കൊപ്പം നിൽക്കുന്ന കോൺഗ്രസുമായി എത്രനാൾ മുസ്ലിംലീഗിന്‌ മുന്നോട്ടുപോകാനാകും.

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ  കോൺഗ്രസ്‌,  ബിജെപിക്ക്‌ വഴങ്ങുകയാണ്‌. പല നേതാക്കൾക്കും പല  നിലപാടാണ്‌. കോൺഗ്രസിന്റെ രാജ്യസഭാ ചീഫ്‌ വിപ്പ്‌   സ്ഥാനം രാജിവച്ച്‌  ബിജെപിയിൽ ചേർന്നു. ലോക്‌സഭാ കക്ഷി നേതാവ്‌ അധിർ രഞ്ജൻ ചൗധരി വിഷയത്തിൽ സെൽഫ്‌ ഗോളടിച്ച്‌ കോൺഗ്രസിന്‌ പ്രതിസന്ധിയുണ്ടാക്കി. ഭാവി  അധ്യക്ഷനാകുമെന്ന്‌ പറയുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയെ പിന്തുണക്കുന്നു.  സോണിയാഗാന്ധിക്ക്‌ പ്രസംഗം തയ്യാറാക്കുന്ന ജിതേന്ദ്രപ്രസാദും  ബിജെപിക്കനുകൂലമാണ്‌.

   നെഹ്‌റു ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി  നൽകിയത്‌ തെറ്റായെന്നാണ്‌  കോൺഗ്രസ്‌ പറയുന്നത്‌. വർഗീയത ശക്തമാക്കി  ജനങ്ങളെ ഭിന്നിപ്പിച്ച്‌ ഭരിക്കുന്ന ബിജെപിയുടെ അജൻഡക്ക്‌ മുന്നിൽ  കോൺഗ്രസ്‌ മൃദുഹിന്ദുത്വവുമായി പകച്ചുനിൽക്കുകയാണ്‌.  പ്രതിപക്ഷത്തെ ഏകോപിപ്പിച്ച്‌ മുന്നോട്ട്‌ കൊണ്ടുപോകാൻ കോൺഗ്രസിനാകുന്നില്ല.  ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക്‌ ഐക്യദാർഢ്യവുമായി  എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി  ഉപ്പളയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധി വധം മുതൽ ആർഎസ്‌എസ്‌ നടപ്പാക്കുന്ന വർഗീയവൽക്കരണത്തിന്റെ അവസാനത്തെ അധ്യായമാണ്‌ ജമ്മു കശ്‌മീർ വിഭജനം. കേന്ദ്ര നടപടി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടും.  എതിർക്കുന്നവരെ രാജ്യദ്രോഹികളും പാകിസ്ഥാനികളുമാക്കാനാണ്‌  ബിജെപി ശ്രമം. ഇതിന്റെ മുന്നോടിയായാണ്‌ യുഎപിഎ, എൻഐഎ ഭേദഗതികൾ. വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ ബിജെപിക്ക്‌ കമ്യൂണിസ്‌റ്റുകാരെ കീഴ്‌പ്പെടുത്താനാകില്ല. അതിനുള്ള മറുപടിയാണ്‌ ബിജെപിയിലേക്ക്‌ ചേരാൻ അമിത്‌ ഷാ നിർബന്ധിച്ച ത്രിപുരയിലെ ജർണാദാസ്‌ നൽകിയത്‌–- കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top