16 September Monday

വലിച്ചെറിയരുത്‌.. പ്ലീസ്‌: 20 ലക്ഷം പേർക്ക്‌ ബോധവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019


തിരുവനന്തപുരം
സംസ്ഥാനത്ത്‌ 20 ലക്ഷംപേർക്ക്‌ ഹരിതനിയമ ബോധവൽക്കരണം നൽകുന്നു. ‘അരുത്‌ വലിച്ചെറിയരുത്‌, കത്തിക്കരുത്‌’എന്നപേരിൽ കിലയുടെ സഹകരണത്തോടെ ഹരിത കേരളം മിഷനാണ്‌ ബോധവൽക്കരണം നൽകുന്നത്‌. അരലക്ഷം വിദ്യാർഥികൾക്കുള്ള ബോധവൽക്കരണവും ആരംഭിച്ചു. ഇതിനായി എൻസിസി, എൻഎസ്‌എസ്‌, എസ്‌പിസി തുടങ്ങിയവയിൽ അംഗങ്ങളായ വിദ്യാർഥികൾക്ക്‌ പരിശീലനം നൽകി. മാലിന്യം പൊതുഇടങ്ങളിൽ നിക്ഷേപിക്കുന്നവർക്കെതിരെ നിലവിലുള്ള ശിക്ഷാനടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ ബോധവൽക്കരണം. 

തദ്ദേശ വാർഡിൽ 100 പേർക്ക്‌ ബോധവൽക്കരണം നൽകും. ഇവരുടെ സഹായത്തോടെ മറ്റുള്ളവരെ ബോധവൽക്കരിക്കും. ഇന്ത്യൻ ശിക്ഷാനിയമം, കേരള–-ജലസേചന–-ജലസംരക്ഷണനിയമം, കേരള പഞ്ചായത്ത്‌ ആക്ട്‌, കേരള മുനിസിപ്പൽ നിയമം, ഭക്ഷ്യ സുരക്ഷാനിയമം, മലിനീകരണ നിയന്ത്രണനിയമം തുടങ്ങിയവ പ്രകാരമുള്ള ശിക്ഷാനടപടികൾ ജനങ്ങളോട്‌ വിശദീകരിക്കും. ഇതിനുശേഷവും മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്‌താൽ ശിക്ഷാനടപടി ആരംഭിക്കും.
മേയർമാർ, മുനിസിപ്പൽ ചെയർമാൻമാർ, സെക്രട്ടറിമാർ എന്നിവർക്കുള്ള ബോധവൽക്കരണം നടന്നു.  മന്ത്രി എ സി മൊയ്‌തീൻ ഉദ്‌ഘാടനംചെയ്‌തു. കില ഡയറക്ടർ ഡോ. ജോയ്‌ ഇളമൺ അധ്യക്ഷനായി. ഹരിത കേരളം മിഷൻ എക്‌സിക്യൂട്ടീവ്‌ വൈസ്‌ ചെയർപേഴ്‌സൺ ഡോ. ടി എൻ സീമ, കൺസൾട്ടന്റ്‌ എൻ ജഗജീവൻ, പൊലീസ്‌ ഇൻസ്‌പെക്ടർ ഷാജിമോൻ എന്നിവർ സംസാരിച്ചു. മേയർമാരായ വി കെ പ്രശാന്ത്‌, തോട്ടത്തിൽ രവീന്ദ്രൻ, മുനിസിപ്പൽ ചെയർമാൻ പാനൽ സെക്രട്ടറി സാബു, നഗരകാര്യ ഡയറക്ടർ ഗിരിജ എന്നിവർ പങ്കെടുത്തു. കൺസൾട്ടന്റ്‌ ടി പി സുധാകരൻ സ്വാഗതവും ടെക്‌നിക്കൽ ഡയറക്ടർ വി രാജേന്ദ്രൻനായർ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top