09 August Sunday

കോവിഡ്‌ വ്യാപനത്തിന് വേഗം കൂടുന്നു; മുറതെറ്റാതെ മുന്നൊരുക്കവും

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


സ്വന്തം ലേഖിക
കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ മുന്നൊരുക്കങ്ങളുമായി സംസ്ഥാന സർക്കാർ. ചികിത്സാ സൗകര്യങ്ങൾ താരതമ്യേന കുറവായുള്ള പ്രദേശങ്ങളുടെ കണക്കെടുത്ത്‌ പ്രത്യേക തയ്യാറെടുപ്പ് നടത്താനാണ്‌ സർക്കാരിന്റെ ശ്രമം. ‌പൊന്നാനി താലൂക്കിലെ സർക്കാർ ആശുപത്രികളിൽ വെന്റിലേറ്റർ ലഭ്യമല്ലെന്ന്‌ ചീഫ്‌ സെക്രട്ടറി വിശ്വാസ്‌ മേത്ത ‌റിപ്പോർട്ട്‌ നൽകിയിരുന്നു. സ്വകാര്യ ആശുപത്രികളിലും പത്തിൽ താഴെ വെന്റിലേറ്ററാണ്‌ ഉള്ളത്‌. ഇതുവരെ അഞ്ചുശതമാനം രോഗിക്കാണ്‌ വെന്റിലേറ്റർ വേണ്ടിവന്നത്‌. എന്നാൽ, കോവിഡ്‌ വ്യാപനത്തിന്‌ വേഗം കൂടുന്ന സാഹചര്യത്തിൽ വയോധികർ, കുട്ടികൾ, ഗുരുതര രോഗമുള്ളർ എന്നിവരിലേക്ക്‌ രോഗം പടർന്നാൽ പ്രശ്‌നം രൂക്ഷമാകും. ഇത്‌ തടയാനാണ്‌ തയ്യാറെടുപ്പ്‌ നടത്തുന്നത്‌. നഗരങ്ങൾ കേന്ദ്രീകരിച്ചാണ്‌‌ കോവിഡ്‌ വ്യാപനം കൂടുതൽ ശക്തിപ്രാപിക്കുന്നത്‌‌.

കൂടുതൽ കോവിഡ്‌ ബാധിതരുള്ളത്‌ മലപ്പുറം ജില്ലയിലാണ്‌. എന്നാൽ, ചികിത്സാ‌ സൗകര്യം കുറവാണെന്ന്‌ സർക്കാർ വിലയിരുത്തിയ നാല്‌ ജില്ലയിൽ മലപ്പുറവും ഉണ്ട്‌. പാലക്കാട്‌, കാസർകോട്‌, ഇടുക്കി എന്നിവയാണ്‌ മറ്റ്‌ ജില്ലകൾ. കൊല്ലത്തും കൂടുതൽ വെന്റിലേറ്റർ ലഭ്യമാക്കണമെന്ന്‌ കലക്ടർ ആവശ്യപ്പെട്ടു. കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷൻ കൂടുതൽ വെന്റിലേറ്ററുകൾക്ക്‌ ഓർഡർ നൽകിയിട്ടുണ്ട്‌. ജൂണിൽ 80 വെന്റിലേറ്റർ വാങ്ങിയിരുന്നു. കൂടാതെ, താലൂക്ക്‌ അടിസ്ഥാനത്തിൽ ഓക്സിജൻ സിലിണ്ടർ നിറയ്‌ക്കാനുള്ള സൗകര്യവും ഒരുക്കും.

തലസ്ഥാനത്ത്‌ 93.75 ശതമാനവും സമ്പർക്കത്തിലൂടെ
സംസ്ഥാനത്ത്‌ ആദ്യമായി കോവിഡ്‌ രോഗികളുടെ എണ്ണം 300 കടന്നു. 301 പേർക്കാണ്‌ ബുധനാഴ്‌ച രോഗം‌. തിരുവനന്തപുരത്ത്‌ പുതുതായി രോഗം സ്ഥിരീകരിച്ച 64ൽ 60പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ 93.75 ശതമാനവും സംസ്ഥാനത്തെ ആകെ സമ്പർക്ക രോഗികളുടെ 66.66 ശതമാനവുമാണിത്‌. സംസ്ഥാനത്ത്‌ 29.90 ശതമാനത്തിനും സമ്പർക്കത്തിലൂടെയാണ്‌ രോഗം.

എറണാകുളം–- ഒമ്പത്‌, മലപ്പുറം–- ഏഴ്‌, കോഴിക്കോട്–- അഞ്ച്‌, ആലപ്പുഴ–- മൂന്ന്‌, പത്തനംതിട്ട, കോട്ടയം–-രണ്ട്‌ വീതം, കൊല്ലം, ഇടുക്കി–- ഒന്നുവീതം എന്നിങ്ങനെയാണ്‌ സമ്പർക്ക വ്യാപനം. മൂന്ന്‌ ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. കോട്ടയം–- രണ്ട്‌, ഇടുക്കി–- ഒന്ന്‌. തൃശൂർ ഒമ്പത്‌ ബിഎസ്എഫ് ജവാന്മാർ, കണ്ണൂർ ഒന്നുവീതം സിഐഎസ്എഫ്, ഡിഎസ്‌സി ജവാന്മാർ, ആലപ്പുഴ മൂന്ന്‌ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസുകാർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 99 പേർ വിദേശത്തുനിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്.

പൂന്തുറയിൽ അതിവ്യാപനം‌
സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷം. തിരുവനന്തപുരം പൂന്തുറയിൽ ബുധനാഴ്‌ച 55 പേർക്കുകൂടി‌ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ പ്രദേശം‌ അതിവ്യാപന മേഖല (സൂപ്പർ സ്‌പ്രെഡ്‌)യായി‌ പ്രഖ്യാപിച്ചു. പത്തനംതിട്ട നഗരസഭാ പ്രദേശവും അടച്ചുപൂട്ടി. എറണാകുളത്ത്‌ ഏതുസമയവും മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു. എറണാകുളത്ത്‌ വരാപ്പുഴ, ചമ്പക്കര, ആലുവ മാർക്കറ്റും ചെല്ലാനം പഞ്ചായത്തും അടച്ചു.

എറണാകുളം ജനറൽ ആശുപത്രിയിൽ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കാർഡിയോളജി, ജനറൽ മെഡിക്കൽ വാർഡുകൾ പ്രവർത്തനം നിർത്തി.   പൂന്തുറയിലെ  സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്‌ വിലയിരുത്തി. തുടർന്ന്‌ പൂന്തുറ ഭാഗത്തുനിന്ന് മറ്റു ഭാഗങ്ങളിലേക്ക്‌ ബോട്ടുകളും വള്ളങ്ങളും പോകാതിരിക്കാൻ കടലിലും ലോക്‌ഡൗൺ പ്രഖ്യപിച്ചു. 25 അംഗ കമാൻഡോ സംഘത്തെ പ്രദേശത്തേക്ക്‌ നിയോഗിച്ചു. അതിർത്തി പൂർണമായും അടച്ചു.  അഞ്ചുദിവസം 600 സാമ്പിൾ പരിശോധിച്ചതിൽ 119ഉം പോസിറ്റീവായിരുന്നു.

പൂന്തുറയിലേത്‌ സമൂഹവ്യാപനത്തിനുമുമ്പുള്ള സൂപ്പർ സ്‌പ്രെഡാണെന്നും അതീവ ജാഗ്രത വേണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജില്ലയിൽ ബുധനാഴ്‌ച സമ്പർക്കത്തിലൂടെ  രോഗം സ്ഥിരീകരിച്ച  60 പേരിൽ 55 ഉം ഇവിടെനിന്നാണ്‌‌. പ്രദേശത്തെ കുടുംബങ്ങൾക്ക്‌ അഞ്ചുകിലോവീതം സൗജന്യ റേഷൻ നൽകും.

ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണം കൂടിയതോടെ  ആലപ്പുഴ പത്തിയൂരിലെ 12–-ാം വാർഡും കണ്ടെയ്ൻമെന്റ്  സോണായി. കോവിഡ്‌ രോഗിയായ തമിഴ്‌നാട്‌ സ്വദേശി‌ സമ്പർക്കം പുലർത്തിയ വയനാട്‌ കൽപ്പറ്റ നഗരസഭയിലെ ടൗൺ ഉൾപ്പെടുന്ന ആറ്‌ വാർഡ്‌ പൂർണമായും രണ്ട്‌ വാർഡ്‌ ഭാഗികമായും അടച്ചു.
 മലപ്പുറത്ത്‌ ശുചീകരണത്തൊഴിലാളിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെത്തുടർന്ന്‌ പരപ്പനങ്ങാടി നഗരസഭാ ഓഫീസിനും ലോക്ക്‌ വീണു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top