05 August Wednesday

എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട്‌ തട്ടിപ്പ് : വെള്ളാപ്പള്ളി നടേശൻ ഹർജി നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020


കൊച്ചി
കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട്‌ തട്ടിപ്പ് കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ ഹർജി നൽകി.

ഹർജി കൂടുതൽ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി. കേസിൽ ഉടൻ കുറ്റപത്രം നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പണം സംബന്ധമായ ചില രേഖകൾ എസ്എൻ ട്രസ്റ്റിന്റെ അക്കൗണ്ടിലും ലഡ്‌ജറിലും ഉണ്ടെന്നും ഇവ കണക്കിലെടുക്കാതെ അന്വേഷണസംഘം കുറ്റപത്രം നൽകാൻ ഒരുങ്ങുകയാണെന്നുമാണ് ഹർജിയിലെ ആരോപണം. സുവർണ ജൂബിലി ആഘോഷനടത്തിപ്പിനായി വെള്ളാപ്പള്ളി ജനറൽ കൺവീനറായി 1997–--98 കാലയളവിൽ പിരിച്ച 1,02,61,296 രൂപയിൽ 48 ലക്ഷം തിരിമറി നടത്തിയെന്നാണ് ആരോപണം.

എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോർട്ട്‌ സമർപ്പിക്കാൻ വൈകിയതിനെ തുടർന്നുണ്ടായ കോടതിയലക്ഷ്യഹർജിയിലാണ് കുറ്റപത്രം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

മഹേശന്റെ ആത്മഹത്യ : വെള്ളാപ്പള്ളിയുടെ വസതിയിലേക്ക് ഇന്ന്‌ മാര്‍ച്ച്
കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ വെള്ളാപ്പള്ളി നടേശനെയും കെ എല്‍ അശോകനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണിച്ചുകുളങ്ങര ദേവസ്വം ജനാധിപത്യവേദി ബുധനാഴ്ച ഇവരുടെ  വസതികളിലേക്ക്‌ കൊലക്കയര്‍ ശവമഞ്ചയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ ഇരുവരുടെയും പേരുകൾ സൂചിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

വൈകിട്ട് അഞ്ചിന് കണിച്ചുകുളങ്ങര ദേവീക്ഷേത്ര തെക്കേനടയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. ആത്മഹത്യയ്ക്കുമുമ്പ് മഹേശന്‍ എഴുതിയ 32 പേജുള്ള കത്തില്‍ കണിച്ചുകുളങ്ങര ദേവസ്വത്തില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികളെക്കുറിച്ച് പറയുന്നുണ്ടെന്ന്‌ ഭാരവാഹികൾ പറഞ്ഞു. ജനാധിപത്യവേദി ജനറല്‍ സെക്രട്ടറി സി എസ് ഋഷി, രക്ഷാധികാരി എം കരുണാകരന്‍, എ ജി ഗുപ്തന്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മഹേശന്റെ മരണം : എസ്‌എൻഡിപി ആസ്ഥാനത്ത്‌ ഉപവാസം നടത്തും: ‌ ശ്രീനാരായണ സേവാസംഘം
കെ കെ മഹേശന്റെ മരണം വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് പ്രൊഫ. എം കെ സാനുവും ശ്രീനാരായണ സേവാസംഘം ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും കാര്യദര്‍ശി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ 16ന് എസ്എന്‍ഡിപി ആസ്ഥാനത്ത്‌ ശ്രീനാരായണ സംഘം സെക്രട്ടറിയും പ്രസിഡന്റും നിരാഹാരസമരം നടത്തും. എസ്എന്‍ഡിപി യോഗത്തിന് ജനാധിപത്യ സ്വഭാവമില്ലെന്നും യോഗത്തിലെ അധാര്‍മികതയ്ക്ക് കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വരുന്ന തെരഞ്ഞെടുപ്പില്‍ ശ്രീനാരായണീയര്‍ പിന്തുണയ്ക്കില്ലെന്നും പ്രൊഫ. എം കെ സാനു പറഞ്ഞു. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എന്‍ ഡി പ്രേമചന്ദ്രന്‍, സെക്രട്ടറി പി പി രാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top