08 August Saturday

നാലുപതിറ്റാണ്ടിന്റെ ദുരിതം തീരുന്നു; ആശ്വാസതീരമണഞ്ഞ‌് കേശവൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019


കൊച്ചി
പിറവം വിക്ടറി ഇൻഡസ്ട്രീസ് യൂണിറ്റ് ഉടമ കെ എൻ കേശവൻ നാലുപതിറ്റാണ്ടിലേറെയായി അനുഭവിക്കുന്ന ദുരിതത്തിന‌് മന്ത്രി ഇ പി ജയരാജന്റെ ഇടപെടലിൽ പരിഹാരമാകുന്നു. വ്യവസായ അദാലത്തിൽ പങ്കെടുത്ത് മന്ത്രിക്ക‌്‌ പരാതി നൽകിയതിനെത്തുടർന്നാണ‌്‌ നടപടി.  77,000 രൂപ അടയ‌്ക്കാൻ ജപ‌്തി നോട്ടീസ‌് ലഭിച്ചതിന്റെ പേരിലുള്ള‌ പരാതി എത്രയുംവേഗം പരിഹരിക്കാൻ സിഡ‌്കോ എംഡിക്ക‌് മന്ത്രി നിർദേശം നൽകി. രണ്ടുമാസത്തിനകം പരാതി തീർപ്പാക്കും.

  1976ൽ സിഡ്‌കോയ്ക്ക് ഒരേക്കർ ഭൂമി നൽകിയതുമുതലാണ‌് കേശവന്റെ പ്രശ‌്നം ആരംഭിക്കുന്നത‌്. സ്ഥലം നൽകിയാൽ വ്യവസായം തുടങ്ങുന്നതിനുള്ള സൗകര്യങ്ങൾ സിഡ്‌കോ ഒരുക്കിനൽകുമെന്ന‌് വാക്കാലുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കേശവനുൾപ്പെടെ പത്തുപേർ ഭൂമി ഇഷ്ടദാനമായി നൽകിയത്. വ്യവസായം ആരംഭിക്കുന്നതിന് ജില്ലാ വ്യവസായകേന്ദ്രം  4000 രൂപ മാർജിൻ തുകയായി നൽകി. യൂണിറ്റ് ആരംഭിക്കുന്നതിനുള്ള കെട്ടിടമൊരുക്കി നൽകിയെങ്കിലും ആവശ്യമായ യന്ത്രങ്ങളെല്ലാം സിഡ്‌കോ  നൽകിയില്ല. എങ്കിലും 1977ൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പക്ഷേ, കുറച്ചുനാളുകൾക്കുള്ളിൽ യൂണിറ്റിലെ യന്ത്രങ്ങളും മറ്റ‌് ഉപകരണങ്ങളും മോഷണം പോയി.

മോഷണവിവരം ശ്രദ്ധയിൽപ്പെട്ടതോടെ അന്നത്തെ കലക്ടർ എം പി ജോസഫ് മൂവാറ്റുപുഴ ആർഡിഒ മുഖേന പത്ത് യൂണിറ്റുകളും അടച്ചുപൂട്ടി. പതിമൂന്നുവർഷത്തിനുശേഷം പ്രശ്‌നം വിശദമാക്കി അന്നത്തെ എംഎൽഎ ഗോപി കോട്ടമുറിക്കലിന് നിവേദനം നൽകി.  അദ്ദേഹത്തിന്റെ ശ്രമഫലമായി അന്നത്തെ വ്യവസായമന്ത്രി കെ ആർ ഗൗരിയമ്മ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി യോഗം ചേരുകയും പ്രശ്‌നത്തിനുപിന്നിൽ മിനി വ്യവസായ പദ്ധതിയിലുള്ള പിഴവാണെന്ന് കണ്ടെത്തുകയും ചെയ്തു. നിലവിൽ മാർജിൻ തുകയായി നൽകിയതിന്മേലുള്ള ബാധ്യത തള്ളിക്കളയാനും പുതിയതായി യന്ത്രങ്ങളും ധനസഹായവും നൽകി പത്ത് യൂണിറ്റുകളും പ്രവർത്തിപ്പിക്കാനും നിർദേശം നൽകി. എന്നാൽ, ജില്ലാ വ്യവസായകേന്ദ്രം ഇത‌്‌ നടപ്പാക്കിയില്ല. ബാധ്യത തള്ളിക്കളഞ്ഞിട്ടില്ലെന്ന‌് കേശവൻ അറിയുന്നത് 42 വർഷങ്ങൾക്കുശേഷം ജപ്തി നോട്ടീസ് വന്നപ്പോഴാണ്.

മാർജിൻ തുകയായി നൽകിയ 4000 രൂപയിപ്പോൾ പലിശ വർധിച്ച‌് 77,000 രൂപയായി. എൺപത്തിരണ്ടുകാരനായ കേശവന‌്  ഹൃദയസംബന്ധമായ അസുഖമുണ്ട‌്. നിലവിൽ സ്വന്തമായുള്ളത‌്‌ പ്രളയത്തിൽ തകരാറായ വിണ്ടുകീറിയ ഭൂമിമാത്രം. കടം വീട്ടാൻ നിവൃത്തിയില്ല. ബാധ്യത തള്ളിക്കളയണമെന്നാണ് കേശവന്റെ ആവശ്യം. നിലവിൽ സിഡ്‌കോയുമായി ഒരു ബാധ്യതയും കേശവനില്ല. അതിനാൽ താൻ നൽകിയ ഏഴുസെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചുനൽകണമെന്ന ആവശ്യവും അദ്ദേഹം മന്ത്രിക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചു.  ആവശ്യവുമായി 2004 മുതൽ കേശവൻ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഇതിനാണ‌് ഇപ്പാൾ തീരുമാനമാകുന്നത‌്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top