30 March Thursday
മത്സ്യബന്ധനരീതി പരിഷ്കരിക്കും

ട്രോളിങ് കാലാവധി നീട്ടും: മേഴ്സിക്കുട്ടിയമ്മ

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2016

കൊച്ചി > കേരളത്തിലെ മത്സ്യഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ മത്സ്യബന്ധനരീതി പരിഷ്കരിക്കുമെന്നും ട്രോളിങ് കാലാവധി ഘട്ടംഘട്ടമായി കൂട്ടുമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊച്ചി സിഎംഎഫ്ആര്‍ഐയില്‍ ശാസ്ത്രജ്ഞരും മത്സ്യഗവേഷണ സ്ഥാപന പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യസമ്പത്ത് കുറയുന്ന സാഹചര്യത്തില്‍ ട്രോളിങ്നിരോധം 90 ദിവസമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റ് പല സംസ്ഥാനങ്ങളിലും 60 ദിവസമാണ് നിരോധം. എന്നാല്‍ കേരളത്തിലിത് 47 ദിവസം മാത്രമാണ്. മത്സ്യത്തൊഴിലാളികളുമായും തൊഴിലാളി യൂണിയനുകളുമായും ചര്‍ച്ചചെയ്ത് ഇത് ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുന്നത് പരിഗണിക്കും.
മത്സ്യഗവേഷണരംഗത്ത് കേരളത്തില്‍ എട്ടു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ പ്രയോജനം നേരിട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല.  ഇത് അവസാനിപ്പിച്ച് ഗവേഷണരംഗത്തെ നേട്ടങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കും. ഒരു നീലവിപ്ളവമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന് കേരളത്തില്‍ നിലവിലുള്ള മത്സ്യബന്ധനനിയമം ഭേദഗതിചെയ്യും.  ഉള്‍നാടന്‍ മത്സ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഇതുസംബന്ധിച്ച രണ്ടാംഘട്ട ചര്‍ച്ച 26ന് കൊച്ചിയില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top