31 March Friday
28.2 ശതമാനം തൊഴിലും കുറഞ്ഞു

മത്തി കുറഞ്ഞു; 150 കോടി നഷ്ടം

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2016

കൊച്ചി> കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് മത്തിയിലുണ്ടായ ഗണ്യമായ കുറവുമൂലം 150 കോടി രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ പഠന റിപ്പോര്‍ട്ട്. മത്തിയുടെ ക്ഷാമംമൂലം മത്സ്യമേഖലയില്‍ 28.2 ശതമാനം തൊഴില്‍ കുറഞ്ഞു. മത്തിയുടെ വില 60 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.


സംസ്ഥാനത്തെ മത്സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന്  മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സിഎംഎഫ്ആര്‍ഐയില്‍ വിളിച്ചുചേര്‍ത്ത, ഫിഷറീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുടെ സംയുക്ത യോഗത്തിലാണ് ഈ റിപ്പോര്‍ട്ട് സിഎംഎഫ്ആര്‍ഐ നല്‍കിയത്.


മത്തിയുടെ ലഭ്യത കുറയുന്നതിനുള്ള കാരണങ്ങളും സിഎംഎഫ്ആര്‍ഐ കണ്ടെത്തി. അതിരുകടന്നുള്ള മത്സ്യബന്ധനം, മത്തിയുടെ പ്രജനനസമയത്തിലെ മാറ്റം, എല്‍നിനോ പ്രതിഭാസം, അമിതമായ തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തത് തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. 2010– 2012 കാലയളവില്‍ വന്‍തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തതാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മത്തി കുറയുന്നതിന് പ്രധാന കാരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


മത്തിയുടെ ലഭ്യതയില്‍ ഈ വര്‍ഷം വര്‍ധനവിന് സാധ്യതയില്ലെന്നും സിഎംഎഫ്ആര്‍ഐയിലെ ഫിഷറി എണ്‍വയോണ്‍മെന്റ് ആന്‍ജ് മാനേജ്മെന്റ് ഡിവിഷന്‍ മേധാവി ഡോ. വി കൃപയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലുണ്ട്. കുഞ്ഞുമത്സ്യങ്ങളെ പിടിക്കുന്നതിലുള്ള നിരോധം കൂടുതല്‍ ശക്തമാക്കണമെന്ന്  സി എംഎഫ്ആര്‍ഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യബന്ധന വലയുടെ നീളവും ആഴവും കുറയ്ക്കുന്നതിനും മറ്റ് കരുതല്‍നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഫിഷറീസ്മേഖലയുടെ വികസനത്തിന് ഏതുതരത്തിലുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സിഎംഎഫ്ആര്‍ഐ ഒരുക്കമാണെന്ന് ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top