19 July Friday

നിപാ: പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം തൊടുപുഴയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

തൊടുപുഴ > നിപാ രോഗഭീതിയില്‍ നിന്നും കേരളം മുക്തമായിക്കൊണ്ടിരിക്കെ, രോഗവ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തി എല്ലാ പഴുതുകളും അടയ്ക്കുക എന്ന ലക്ഷ്യത്തോടെ   പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗദ്ധസംഘം തൊടുപുഴയില്‍ പരിശോധനയ്‌ക്കെത്തി. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചായിരുന്നു വവ്വാലുകളെ പിടികൂടിയുള്ള പരിശോധനയ്ക്ക് തുടക്കമിട്ടത്.

നിപാ രോഗം ബാധിച്ച വിദ്യാര്‍ഥി താമസിച്ചിരുന്ന തൊടുപുഴയിലെ പ്രദേശത്തു നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ നഗരസഭയിലെ 34?-ാം വാര്‍ഡ് പരിസരത്തെ റബര്‍തോട്ടത്തില്‍ കൂട്ടത്തോടെ വവ്വാലുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു.   ഈ വിവരം അനുസരിച്ചാണ് വിദഗ്ധസംഘം എത്തിയത്.

പ്രദേശത്ത് 42 മുതല്‍ 50 അടിയോളം ഉയരത്തില്‍ 'മിസ്റ്റ് നെറ്റ്' സ്ഥാപിച്ചാണ് വവ്വാലുകളെ പിടികൂടുന്നത്. തൊടുപുഴയില്‍ ആദ്യം പരിശോധന നടത്തിയ സ്ഥലത്ത് ഇത്തരത്തില്‍ മൂന്ന് 'മിസ്റ്റ് നെറ്റുകള്‍' സ്ഥാപിച്ചു. പ്രത്യേക മുഖാവരണങ്ങള്‍ അണിഞ്ഞാണ് സംഘം വവ്വാലുകളുള്ള സ്ഥലത്ത് പരിശോധന നടത്തിയത്. ഞായറാഴ്ച രാവിലെയോടെ 'മിസ്റ്റ് നെറ്റില്‍' വവ്വാലുകള്‍ കുടുങ്ങുമെന്ന് സംഘം അറിയിച്ചു.

തൊടുപുഴയിലും വടക്കന്‍ പറവൂരിലും രണ്ടിടങ്ങളില്‍ വീതം  വവ്വാലുകളെ പിടികൂടി പരിശോധിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നൂറിലേറെ വവ്വാലുകളെ പരിശോധനയ്ക്ക് വിധേയമാക്കും. ഇവയെ പിടികൂടി ഉമിനീര് അടക്കമുള്ള സ്രവങ്ങള്‍ ശേഖരിച്ച ശേഷം വിട്ടയയ്ക്കും. തുടര്‍ന്ന് സ്രവങ്ങള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാഹനത്തില്‍ പൂനെയിലെ ലാബില്‍ എത്തിച്ചായിരിക്കും പരിശോധിക്കുകയെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴ യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബാലസുബ്രഹ്മണ്യം പറഞ്ഞു.

പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എം ബി ഗോഖലെ, ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. എ ബി സുദീപ് എന്നവരടക്കം മൂന്ന് ശാസ്ത്രജ്ഞരും അഞ്ച് സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് തൊടുപുഴയില്‍ പരിശോധനയ്ക്ക് എത്തിയത്. വവ്വാലുകളെ പിടികൂടി സ്രവങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പത്തു ദിവസത്തോളം എടുത്തേക്കാമെന്നും അവര്‍ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top