09 December Monday

രാജ്യസഭാ സീറ്റ് മാണിക്ക് അടിയറവച്ചു

എം പ്രശാന്ത്Updated: Friday Jun 8, 2018

അനുശോചനയോഗമല്ല... കേരള ഹൗസിൽ വാർത്താ സമ്മേളനത്തിൽ ജോസ്‌ കെ മാണി സംസാരിക്കുന്നു. പി കെ കുഞ്ഞാലിക്കുട്ടി, രമേശ്‌ ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർ സമീപം ഫോട്ടോ: കെ എം വാസുദേവൻ

ന്യൂഡൽഹി>രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യന്റെ കാലാവധി പൂർത്തിയായതിനെതുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് യുഡിഎഫിൽ ഇല്ലാത്ത കേരള കോൺഗ്രസ് മാണി വിഭാഗത്തിന് കോൺഗ്രസ് അടിയറവച്ചു. യുഡിഎഫിനെ ശക്തിപ്പെടുത്താനെന്ന പേരിൽ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിലെത്തി നടത്തിയ കരുനീക്കങ്ങളാണ് കേരള കോൺഗ്രസിന് സീറ്റ് ഉറപ്പിച്ചത്. പി ജെ കുര്യൻ, പി സി ചാക്കോ തുടങ്ങിയ മുതിർന്ന നേതാക്കൾ പരിഗണിക്കപ്പെട്ടിരുന്ന സീറ്റ് കേരള കോൺഗ്രസിന് നൽകാൻ ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം എം ഹസ്സനും ഒരുപോലെ താൽപ്പര്യമെടുത്തു. മുതിർന്ന നേതാവ് എ കെ ആന്റണിയുടെപോലും എതിർപ്പ് മറികടന്നാണ് ഡൽഹിയിലെ ഗൂഢാലോചനയും തുടർന്നുള്ള നാടകീയ തീരുമാനവും.

അർഹതപ്പെട്ട സീറ്റ് അടിയറവച്ചതിനെതുടർന്ന് നേതൃത്വത്തിനെതിരായി കോൺഗ്രസിൽ കലാപം ശക്തിപ്പെടുകയാണ്. മുതിർന്ന നേതാക്കളായ വി എം സുധീരനും പി ജെ കുര്യനും രൂക്ഷപ്രതികരണവുമായി രംഗത്തുവന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പല യുവനേതാക്കളും നേതൃത്വത്തെ വിമർശിച്ചു. ആന്റണിയാകട്ടെ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുതോൽവിയെതുടർന്ന് ആത്മവിശ്വാസം നഷ്ടമായ കോൺഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്തുന്നതാണ് തീരുമാനമെന്നാണ് വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം. കോൺഗ്രസ് അണികൾ കടുത്ത നിരാശയിലായപ്പോൾ അപ്രതീക്ഷിതമായി സീറ്റ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കേരള കോൺഗ്രസ്. യുഡിഎഫിനുള്ളിൽ വിലപേശൽശക്തി വർധിപ്പിക്കാനായത് ലീഗിനെയും സന്തോഷിപ്പിക്കുന്നു.
യുഡിഎഫിലേക്ക് തിരിച്ചുവരുന്നതിനായി രാജ്യസഭാ സീറ്റ് വേണമെന്ന നിബന്ധന കേരള കോൺഗ്രസ് മുന്നോട്ടുവച്ചിരുന്നില്ല. എന്നാൽ, ഡൽഹി ചർച്ചകൾക്കിടെ കുഞ്ഞാലിക്കുട്ടിയാണ് സീറ്റ് കേരള കോൺഗ്രസിന് നൽകണമെന്ന ആവശ്യം ഉയർത്തിയത്. ഇതിനോട് വളരെ പെട്ടെന്നുതന്നെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും വഴങ്ങി. ബുധനാഴ്ച രാത്രിയിലെ ചർച്ചകളിലാണ് നാടകീയമായ വഴിത്തിരിവുണ്ടായത്. വ്യാഴാഴ്ച പകൽ കേരള ഹൗസിൽ നടന്ന ചർച്ചകൾക്കൊടുവിൽ ധാരണയായി. പിന്നീട് നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടു. ആദ്യം കോൺഗ്രസ് നേതാക്കൾമാത്രമായി ചർച്ച. പിന്നീട് കുഞ്ഞാലിക്കുട്ടിയും ജോസ് കെ മാണിയും പങ്കുചേർന്നു.

യുഡിഎഫിനെ ശക്തിപ്പെടുത്താൻ കേരള കോൺഗ്രസ് വരേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായി രാജ്യസഭാ സീറ്റ് നൽകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് പരമാവധി സീറ്റ് കിട്ടാൻ ഇതുമാത്രമാണ് മാർഗമെന്ന് നേതാക്കൾ യോജിപ്പോടെ അറിയിച്ചപ്പോൾ രാഹുൽ വഴങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റുതന്നെ കേരള കോൺഗ്രസിന് നൽകാനും തീരുമാനമായി.

പിന്നീട് കേരള ഹൗസിൽ വാർത്താസമ്മേളനത്തിൽ ഉമ്മൻചാണ്ടിയാണ് കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനിച്ചതായി അറിയിച്ചത്. യുഡിഎഫിലുള്ളപ്പോൾ കേരള കോൺഗ്രസിന് ടേൺ അനുസരിച്ച് സീറ്റ് നൽകിയിരുന്നു. ഇപ്പോൾ ഒഴിവുവരുന്ന സീറ്റ് കോൺഗ്രസിന് ലഭിക്കേണ്ടതാണ്. എന്നാൽ, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരള കോൺഗ്രസിന് നൽകുകയാണ്. കേരള കോൺഗ്രസിന് നാലുവർഷം കഴിഞ്ഞ‌് ലഭിക്കേണ്ടിയിരുന്ന ടേൺ കോൺഗ്രസിന് ലഭിക്കും. അതുകൊണ്ട് കോൺഗ്രസിന് നഷ്ടമില്ല. യുഡിഎഫ് പൊതുതാൽപ്പര്യത്തോടെ എടുത്ത തീരുമാനമാണ്‐ ഉമ്മൻചാണ്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ താൽപ്പര്യപ്രകാരമാണ് സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ചെന്നിത്തല പറഞ്ഞു. പൊതുതാൽപ്പര്യപ്രകാരമാണ് തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന കേരള കോൺഗ്രസ് പാർലമെന്ററി പാർടി യോഗം യുഡിഎഫ് പ്രവേശനകാര്യം തീരുമാനിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. യുഡിഎഫ് നേതൃയോഗം വെള്ളിയാഴ്ച പകൽ 11ന‌് ചേർന്ന് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top