24 April Wednesday

പ്ലാവിന് പിടിച്ചുപറി; ചക്ക വെല്ലുവിളിയാകും

ആർ സാംബൻUpdated: Friday Jun 8, 2018

തൊടുപുഴ > സംസ്ഥാന ഫലം എന്ന മേൽവിലാസം ചക്കയ‌്‌‌‌‌ക്ക് കിട്ടിയശേഷം  പ്ലാവിനു വേണ്ടി എങ്ങും നെട്ടോട്ടം. ലക്ഷക്കണക്കിന് പ്ലാവിൻ തൈകളാണ് ഈ പരിസ്ഥിതി ദിനത്തിൽ മാത്രം സംസ്ഥാനത്ത് വിതരണം ചെയ്‌‌തത്. മൂന്നു വർഷത്തിനു ശേഷം ഇതിൽ മിക്കതും കായ്‌‌‌‌ച്ചു തുടങ്ങും. മതിയായ ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകൾ തുടങ്ങുകയും വിപണി ഉറപ്പാക്കുകയും ചെയ്‌‌തില്ലെങ്കിൽ ചക്കയുടെ ഉൽപാദന വർധന  പുതിയ പ്രശ്നമാകുമെന്ന് ആശങ്ക.

കേരള അഗ്രിക്കൾച്ചറൽ ഡെവലപ്‌‌മെന്റ് സൊസൈറ്റി തൊടുപുഴയിൽ ഈയിടെ നടത്തിയ കാർഷിക മേളയിൽ  പ്ലാവിൻ തൈകളാണ് ഏറ്റവുമധികം വിറ്റുപോയത്. 20000 പേരായിരുന്നു സന്ദർശകരെങ്കിൽ അതിലുമധികമാണ് വിറ്റ പ്ലാവിൻ തൈയുടെ എണ്ണം. മുൻ വർഷങ്ങളിൽ തെങ്ങിൻ തൈകൾക്കായിരുന്നു മേൽക്കൈ. പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ 14000 സ്കൂളിൽ പ്ലാവിൻ തൈ നട്ടത് ചക്കയോടുള്ള നാടിന്റെ വൈകാരിക ബന്ധം  വ്യക്തമാക്കിയിരുന്നു. 2019 പ്ലാവ് വർഷമായി ആചരിക്കാനുള്ള സർക്കാർ തീരുമാനം ചക്ക ഉൽപാദനത്തിൽ ഇനിയും കുതിപ്പാകും.

നിലവിൽ അറുപതോളം ചക്ക സംസ്ക്കരണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പലതിന്റെയും പ്രവർത്തനം തൃപ്തികരമല്ല. നല്ല നിലയിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾ പോലും വിപണി കണ്ടെത്താൻ കഴിയാതെ പ്രതിസന്ധി നേരിടുകയാണ്. മാള പൂപ്പട്ടിയിലെ ചക്ക ഫാക്ടറിയുടെ പ്രവർത്തനം പ്രാരംഭ ദിശയിലാണ്. ഏതാനും വൻകിടക്കാരാണ് ഇപ്പോൾ പ്രാദേശിക ചക്ക വിപണിയിൽ ഇടപെടുന്നത്. ഉൽപാദനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ചക്കയ‌്ക്ക്  ന്യായവില ഉറപ്പാക്കൽ കടുത്ത വെല്ലുവിളിയാകും.

തോട്ടങ്ങളായല്ല ഉൽപാദനമെന്നതിനാൽ ഒരേ ഇനത്തിൽപെട്ട ചക്ക കേരളത്തിൽ പ്രാദേശികമായി ലഭിക്കാനിടയില്ല. ഇത് സംസ്ക്കരണത്തെ ബാധിക്കും. ചകിണിയും മടലും നീക്കുന്നതിനടക്കമുള്ള കൂലിയും മറ്റു കണക്കാക്കുമ്പോൾ ഉൽപാദന ചെലവ്  കൂടും. സബ്സിഡി നിരക്കിൽ ലഭിക്കുന്ന അരിയുടെയും ഗോതാതമ്പിന്റെയും ഉൽപന്നങ്ങളോട് മത്സരിച്ചു വേണം വിപണി ഉറപ്പാക്കാൻ.

കൃഷി, വ്യവസായം, ആരോഗ്യം എന്നിവയുടെ യോജിച്ചുള്ള ശ്രമങ്ങളാണ്  വേണ്ടതെന്ന് ജാക്ഫുഡ് പ്രൊമോഷൻ കൗൺസിൽ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. മൈദകൊണ്ട് ഉണ്ടാക്കുന്ന ബ്രഡിനും പാലിനും പകരമായി ചക്ക കൊണ്ടുള്ള ആരോഗ്യ പാനിയങ്ങൾ പരീക്ഷിക്കണം. ചക്കയുടെ ഗുണഗണങ്ങൾ വർണിക്കുന്നതല്ലാതെ പുതിയ ഉൽപന്നങ്ങൾക്കുള്ള ശ്രമം നടക്കുന്നില്ല.

നാട്ടിൻപുറങ്ങളിൽ പലയിടത്തും ഇപ്പോൾ തന്നെ ചക്ക ബാധ്യതയാണ്. ഇടാൻ ആളില്ലാത ചക്ക നിലംപൊത്തുന്നതും കൊതുകും ഈച്ചയും പെരുകി പാരിസ്ഥിതിക പ്രശ്നമാകുന്നതും പതിവാണ്. പുതിയ  ബഡ് ഇനങ്ങൾ തടി ഉപയോഗത്തിന് കാര്യമായി ഉതകില്ല. ആടു വളർത്തൽ നിലച്ചതോടെ പ്ലാവിലയ‌്ക്കും ഉപയോഗമില്ല. ഉൽപാദനം കുതിക്കുന്നതോടെ പുതിയ സാധ്യതകളും തുറക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top