21 September Saturday

ദിവ്യ സ്പന്ദനയെ അപകീര്‍ത്തിപ്പെടുത്തല്‍; ഏഷ്യാനെറ്റിന് 50 ലക്ഷം പിഴ വിധിച്ച് ബംഗളൂരു കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday May 8, 2019

ബംഗളൂരു> നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്‌പന്ദനയ്‌ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ ചാനലുകള്‍ക്കെതിരെ കോടതി നടപടി. ഏഷ്യാനെറ്റ്‌, സുവര്‍ണ ന്യൂസ് എന്നീ ചാനലുകള്‍ക്ക് ബംഗളൂരു ഹൈക്കോടതി പിഴ ചുമത്തി. 2013ല്‍ ഐപിഎല്‍ സ്‌പോട്ട് ഫിക്‌സിംഗില്‍  ദിവ്യ സ്‌പന്ദന ഇടപെട്ടുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.

 സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ താനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന ദിവ്യയുടെ ആവശ്യവും കോടതി അംഗീകരിച്ചു.തട്ടിപ്പു സംബന്ധിച്ച് ചില കന്നട താരങ്ങളുടെ ഇടപെടല്‍ വാര്‍ത്തയായപ്പോള്‍ അതില്‍ ദിവ്യ സ്പന്ദനയുടെ ചിത്രവും ചാനലുകള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്.

ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മുന്‍ അംബാസഡര്‍ കൂടിയായിരുന്നു ദിവ്യ സ്‌പന്ദന. താന്‍ ഐപിഎല്‍ 2013ല്‍ ഒരു തരത്തിലും ഭാഗമായിരുന്നില്ലെന്നും കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നുവെന്നും സ്‌പന്ദന കോടതിയില്‍ പറഞ്ഞു. ഏഷ്യാനെറ്റിന്റെ തന്നെ നിയന്ത്രണത്തിലാണ് സുവര്‍ണ ന്യൂസും പ്രവര്‍ത്തിക്കുന്നത്.

ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഐപിഎല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടിയവരെ ചോദ്യം ചെയ്തപ്പോള്‍ ദിവ്യ സ്‌പന്ദന എന്ന പേര് അവര്‍ പറഞ്ഞിരുന്നില്ലെന്നും കോടതി പറഞ്ഞു. അതേസമയം, ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ദിവ്യയ്ക്ക് വരുത്തിയിട്ടില്ലെന്നും പ്രകടമായി ദിവ്യയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് ചാനലുകള്‍ കോടതിയില്‍ വാദിച്ചത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top