14 April Wednesday
പാനൂരിൽ ലീഗ്‌ ആസൂത്രണം 
ചെയ്‌തത്‌ വൻ കലാപം

ലീഗ്‌ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം ; 8 സിപിഐ എം ഓഫീസ്‌‌ കത്തിച്ചു; വീടുകളും കടകളും ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

പാനൂര്‍ കൊച്ചിയങ്ങാടിയില്‍ മുസ്ലീം ലീഗുകാര്‍ കത്തിച്ച ഇഎംഎസ് സ്മാരക മന്ദിരത്തിന്റെ ഉള്‍വശം


പാനൂർ
പെരിങ്ങത്തൂരിലും പുല്ലൂക്കരയിലും മുസ്ലിംലീഗ്‌ ക്രിമിനൽ സംഘങ്ങൾ നടത്തിയത്‌ സമാനതകളില്ലാത്ത അക്രമവും കൊള്ളിവയ്‌പ്പും. സിപിഐ എമ്മിന്റെ രണ്ട്‌ ലോക്കൽ കമ്മിറ്റി ഓഫീസുകളും ആറ്‌‌ ബ്രാഞ്ച്‌ ഓഫീസുകളും തകർത്ത്‌ തീയിട്ടു. നിരവധി വീടുകൾക്കും കടകൾക്കുംനേരെയും ആക്രമണമുണ്ടായി. രണ്ട്‌ ബസ്‌ ഷെൽട്ടറുകളും ഒരു പൊലീസ്‌ ബസും എറിഞ്ഞുതകർത്തു. തെരഞ്ഞെടുപ്പ്‌ സംഘർഷത്തെതുടർന്ന്‌ കൊല്ലപ്പെട്ട മുസ്ലിംലീഗ്‌ പ്രവർത്തകന്റെ മൃതദേഹവുമായുള്ള വിലാപയാത്രയുടെ മറവിലായിരുന്നു ആസൂത്രിത ആക്രമണം.

സിപിഐ എം പെരിങ്ങളം, പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസുകളാണ്‌ തകർത്ത്‌ തീയിട്ടത്‌. ഓഫീസിലെ ഫർണിച്ചറും ഫയലുകളും പൂർണമായും കത്തിച്ചു. നിലത്തെ ടൈലുകളും ചുമരുകളും കമ്പിപ്പാരകൊണ്ട്‌ കുത്തിയിളക്കിയശേഷമാണ്‌ തീയിട്ടത്‌. സിപിഐ എം കീഴ്‌മാടം, പെരിങ്ങത്തൂർ ടൗൺ, വേട്ടാണിക്കുന്ന്‌, കൊച്ചിയങ്ങാടി, കടവത്തൂർ ടൗൺ, ഇരഞ്ഞിയിൽ കീഴിൽ ബ്രാഞ്ച്‌ ഓഫീസുകളും തകർത്തശേഷം തീയിട്ടു.

ആയുധങ്ങളുമായി സംഘടിച്ചെത്തിയ ക്രിമിനലുകൾ മണിക്കൂറുകളോളം പെരിങ്ങത്തൂർ, പുല്ലൂക്കര, കടവത്തൂർ, മുണ്ടത്തോട്‌ പ്രദേശങ്ങളിൽ  അഴിഞ്ഞാടി.ഡിവൈഎഫ്‌ഐ പെരിങ്ങളം മേഖലാ ട്രഷറർ കെ പി ഷുഹൈലിന്റെ പുല്ലൂക്കരയിലെ വീട്‌ തകർത്തു. പെരിങ്ങത്തൂർ ടൗണിലെ അജിത ടീഷോപ്പും പൂർണമായി തകർത്തു. പുല്ലൂക്കരയിലെ അനീഷ്‌കുമാറിന്റേതാണ്‌ കട. ഷട്ടർ കുത്തിപ്പൊളിച്ചാണ്‌ അക്രമികൾ അകത്തുകയറിയത്‌. പാത്രങ്ങളും അടുപ്പും പച്ചക്കറികളും ഫർണിച്ചറും റോഡിലേക്ക്‌ വലിച്ചിട്ടാണ്‌ നശിപ്പിച്ചത്‌.

സിപിഐ എം പെരിങ്ങത്തൂർ ടൗൺ ബ്രാഞ്ച്‌ ഓഫീസിനോട്‌ ചേർന്ന ആദർശ്‌ സ്‌റ്റുഡിയോയുടെ ചില്ലുകളും തകർത്തിട്ടുണ്ട്‌. കടവത്തൂർ ടൗണിലെ സിപിഐ എം ബ്രാഞ്ച്‌ ഓഫീസിലെ ഫർണിച്ചറും സമീപത്തെ നീതി സ്‌റ്റോറിലെ സാധനങ്ങളും റോഡിലിട്ട്‌ കത്തിച്ചു. ഓഫീസിനുതൊട്ടടുത്ത അനിരുദ്ധന്റെ വീടിനുനേർക്കും കല്ലെറിഞ്ഞു. വീട്ടിലേക്ക്‌ അതിക്രമിച്ചുകയറാനും ശ്രമിച്ചു. കടവത്തൂർ ടൗണിലെയും എലിത്തോട്‌ പാലത്തിന്‌ സമീപത്തെ കൂത്തുപറമ്പ്‌ രക്തസാക്ഷി സ്‌മാരക ബസ്‌ വെയ്‌റ്റിങ്‌‌ ഷെൽട്ടറും തകർത്തു.

പ്രദേശത്തുള്ളവർക്കൊപ്പം കോഴിക്കോട്‌ ജില്ലയിലെ നാദാപുരം, കുറ്റ്യാടി, എടച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽനിന്നും ക്രിമിനലുകളെ ഇറക്കി ആസൂത്രിതമായിരുന്നു ആക്രമണം. ഭൂരിഭാഗം ആക്രമികളുടെയും കൈയിൽ കമ്പിപ്പാരയടക്കമുള്ള ആയുധങ്ങളുണ്ടായിരുന്നു. ഓഫീസുകളിലേക്ക്‌ ഡീസൽ ഫിൽട്ടറുകൾ ഇട്ടാണ്‌ തീയിട്ടത്‌.

നൂറുകണക്കിന്‌ ഡീസൽ ഫിൽട്ടറുകളാണ്‌ ഇതിനായി എത്തിച്ചത്‌. കത്തിനശിച്ച ഓഫീസ്‌ പരിസരത്തുനിന്ന്‌ ഉപേക്ഷിച്ച ഡീസൽ ഫിൽട്ടറുകളും കണ്ടെത്തിയിട്ടുണ്ട്‌. ലീഗുകാർ തകർത്ത ഓഫീസുകളും വീടുകളും കടകളും സിപിഐ എം, എൽഡിഎഫ്‌ നേതാക്കൾ സന്ദർശിച്ചു.

പാനൂരിൽ ലീഗ്‌ ആസൂത്രണം 
ചെയ്‌തത്‌ വൻ കലാപം
ബോംബേറിൽ കൊല്ലപ്പെട്ട മൻസൂറിന്റെ വിലാപയാത്രയുടെ മറവിൽ പാനൂരിൽ മുസ്ലിംലീഗുകാർ ആസൂത്രണംചെയ്‌തത്‌ വൻ കലാപം. വീടുകളും കടകളും പാർടി ഓഫീസുകളും തകർക്കുമ്പോൾ ചെറുത്തുനിൽപ്പുണ്ടായാൽ നാടിനെ വലിയ കുഴപ്പത്തിലേക്ക്‌ കൊണ്ടുപോകാമെന്ന്‌ അവർ കണക്കുകൂട്ടി. കോഴിക്കോട്‌  ജില്ലയിൽനിന്നുള്ള ലീഗ്‌ ക്രിമിനലുകളുടെ പങ്കാളിത്തം അക്രമത്തിന്റെ ആസൂത്രണം വെളിവാക്കുന്നു. സിപിഐ എം ഓഫീസ്‌ കത്തിച്ചശേഷം അക്രമികൾ തക്‌ബീർ വിളിച്ചത്‌ പ്രത്യേക പരിശീലനം ലഭിച്ചവരുടെയും ലീഗിലെ തീവ്രവാദിഗ്രൂപ്പുകളുടെയും സാന്നിധ്യത്തിലേക്കാണ്‌‌ വിരൽചൂണ്ടുന്നത്‌.  

സിപിഐ എം ഓഫീസുകൾ ആക്രമിക്കുന്നതിന്‌ പുറത്തുനിന്നുള്ളവരെ ഇറക്കുകയായിരുന്നു ലീഗ്‌ നേതൃത്വം. കോഴിക്കോട്‌ ജില്ലയിലെ നാദാപുരം, കുറ്റ്യാടി, എടച്ചേരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് പെരിങ്ങത്തൂർ, പുല്ലൂക്കര, കടവത്തൂർ പ്രദേശങ്ങളിൽ ആക്രമണം നടത്തിയത്‌.‌ ഓഫീസുകൾ കത്തിക്കാൻ തീരുമാനിച്ചാണ്‌ സംഘമെത്തിയത്‌.

കത്തിച്ച ഓഫീസുകളുടെ പരിസരത്തുനിന്ന്‌ കണ്ടെടുത്ത ഡീസൽ ഫിൽട്ടറുകളും മുൻകൂട്ടിയുള്ള ആസൂത്രണമാണ്‌ തെളിയിക്കുന്നത്‌. മണിക്കൂറുകളോളം കത്തുന്നതാണ് ഡീസൽ ഫിൽട്ടർ.‌     സിപിഐ എം പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ജനൽഗ്രില്ലുകൾ കമ്പിപ്പാര ഉപയോഗിച്ച്‌ തകർത്താണ്‌ അക്രമികൾ അകത്തുകയറിയത്‌. നിലത്തെ ടൈൽ മുഴുവനും കുത്തിപ്പൊളിച്ചശേഷമാണ്‌ തീയിട്ടത്‌. അക്രമികളുടെ കൈയിൽ കമ്പിപ്പാര,  വടിവാൾ തുടങ്ങിയ ആയുധങ്ങൾ ഉണ്ടായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞു. ഡീസൽ ഫിൽട്ടറുകളിട്ടാണ്‌ സിപിഐ എം ഓഫീസുകൾ കത്തിച്ചത്‌. പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസിനുപുറത്ത്‌, പെട്ടിയിലാക്കിയ നൂറോളം ഡീസൽ ഫിൽട്ടർ കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top