20 April Tuesday

ജില്ലയിൽ 32,598 കുട്ടികള്‍
 എസ്എസ്എല്‍സി പരീക്ഷയെഴുതും

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

എറണാകുളം സെന്റ് ആന്റണീസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനികൾ പരീക്ഷ തലേന്ന്‌  പ്രധാന അധ്യാപിക സിസ്റ്റർ ഐവിയ്ക്കൊപ്പം


കൊച്ചി
ജില്ലയിൽ  32,598 കുട്ടികൾ വ്യാഴാഴ്ച എസ്എസ്എൽസി പരീക്ഷയെഴുതും. 52 ക്ലസ്റ്ററുകളിലായി 319 കേന്ദ്രങ്ങളാണുള്ളത്. ആലുവ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത്. 12,401 കുട്ടികൾ ഇവിടെ പരീക്ഷയെഴുതും. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലാണ്. 3482 കുട്ടികൾ. എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ 11,261 കുട്ടികളും കോതമം​ഗലത്ത് 5454 കുട്ടികളും പരീക്ഷയെഴതും.  ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിലാണ് ഇത്തവണയും ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്നത്. 551 പേർ. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത് മൂവാറ്റുപുഴ ശിവൻകുന്ന് ​ഗവ. ഹൈസ്കൂളിലാണ്. നാലുപേർ. കഴിഞ്ഞവർഷം 55 ക്ലസ്റ്ററുകളിലായി 327 കേന്ദ്രങ്ങളിൽ 31,724 കുട്ടികൾ പരീക്ഷയെഴുതി.

പരീക്ഷ കോവിഡ് മാനദണ്ഡം പാലിച്ച്
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പരീക്ഷ നടത്തുന്നത്. ഓരോ കേന്ദ്രങ്ങളിലും താപനില പരിശോധിക്കാൻ തെർമൽ സ്കാനിങ് സംവിധാനമുണ്ടാകും. സാനിറ്റൈസർ നൽകി കൈകൾ വൃത്തിയാക്കിച്ചശേഷമാകും കുട്ടികളെ പരീക്ഷാഹാളിലേക്ക് കടത്തിവിടുക. വോട്ടെടുപ്പ് കേന്ദ്രങ്ങളായിരുന്ന സ്കൂളുകൾ ഉൾപ്പെടെ അണുവിമുക്തമാക്കിയിട്ടുണ്ട്. ശുചീകരണത്തിൽ അഗ്നിശമന സേനയുടെ സഹകരണവുമുണ്ടായിരുന്നു.

ജില്ലയിൽനിന്ന് കോവിഡ് ബാധിതരായ കുട്ടികളാരും പരീക്ഷയെഴുതാൻ വിദ്യാഭ്യാസവകുപ്പിനെ സമീപിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ പറഞ്ഞു. എങ്കിലും ക്വാറന്റൈനിലുള്ളവര്‍ക്കും കോവിഡ്ബാധിതര്‍ക്കും പരീക്ഷയെഴുതാനുള്ള പ്രത്യേക ക്രമീകരണം പരീക്ഷാ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിനായുള്ള ഇന്‍വിജിലേറ്റര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ക്രമീകരണങ്ങളും പൂര്‍ത്തിയായി. പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി പ്രത്യേകം സ്ക്വാഡുകള്‍ രൂപീകരിച്ചു.

ചോദ്യപേപ്പര്‍ വിതരണത്തിനായി ക്ലസ്റ്ററുകള്‍ തിരിച്ച് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യം ഒന്നാംഭാഷ
ഒന്നാംഭാഷ പാർട്ട് ഒന്ന് (മലയാളം, തമിഴ്, കന്നട, ഉറുദു, ​ഗുജറാത്തി, അഡീഷണൽ ഇം​ഗ്ലീഷ്, അഡീഷണൽ ഹിന്ദി, സംസ്കൃതം, അറബി) ആണ്  വ്യാഴാഴ്ചത്തെ പരീക്ഷ. പകൽ 1.40ന് തുടങ്ങി 3.30ന് സമാപിക്കും. ​വെള്ളിയാഴ്ച ഹിന്ദി/ജനറൽ നോളഡ്ജ്. പകൽ 2.40 മുതൽ 4.30 വരെയാണ്‌ പരീക്ഷ. 12ന് പകൽ 1.40ന് ആരംഭിക്കുന്ന ഇം​ഗ്ലീഷ് 4.30ന് സമാപിക്കും. ഇം​ഗ്ലീഷ്, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം പരീക്ഷകൾക്ക് ഒരുമണിക്കൂർ അധികസമയം അനുവദിച്ചിട്ടുണ്ട്. 19, 21, 28, 29 തീയതികളിൽ രാവിലെ 9.40നാണ് പരീക്ഷയാരംഭിക്കുന്നത്.

ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കും വ്യാഴാഴ്ച തുടക്കമാകും. രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും.  റെ​ഗുലർ വിഭാ​ഗത്തിൽ 31,476‌ കുട്ടികളാണ് പരീക്ഷയെഴുതുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top