28 May Thursday

ആശ്വാസമില്ല, ഇവിടം ആശങ്കയുടെ മണലാരണ്യം

അമൽ ഷൈജുUpdated: Wednesday Apr 8, 2020


കൊച്ചി
കോവിഡ്–-19 ലോകവ്യാപകമായി പടരുമ്പോൾ ആശങ്കയും ആശ്വാസവും ഒരുപോലെ അനുഭവിക്കുകയാണ് ഷാർജയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന എൽദോ തോമസ്‌. എറണാകുളം സ്വദേശിയായ എൽദോ ഷാർജയിലെത്തിയിട്ട് നാലുമാസം കഴിഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട്‌ മറ്റു രാജ്യങ്ങളെപ്പോലെ കടുത്ത നിയന്ത്രണങ്ങൾ ഇവിടെയില്ല. എന്നാലതിൽ ആശങ്കയാണോ ആശ്വാസമാണോ വേണ്ടതെന്ന് എൽദോയ്ക്ക്‌ അറിയില്ല. ജോലിക്ക് കേറി വൈകാതെതന്നെ ഇങ്ങനെ ഒരു പ്രതിസന്ധി നേരിടുമെന്ന് കരുതിയില്ലെന്നും എൽദോ പറഞ്ഞു.

ഷാർജയിൽ എത്രപേർക്ക് രോഗമുണ്ടെന്ന വിവരം ഭരണനേതൃത്വം പുറത്തുവിട്ടിട്ടില്ല.   അതുകൊണ്ട്‌ മുൻകരുതലുകൾ എങ്ങനെ വേണമെന്ന്‌ ധാരണയില്ല. താമസിക്കുന്ന ഫ്ലാറ്റിനോട് ചേർന്നുതന്നെയാണ്  കമ്പനി. കോവിഡ് വ്യാപനത്തെ തുടർന്ന് രാത്രി എട്ടുമുതൽ രാവിലെ ഏഴുവരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണമാണ്. ഈ സമയം കടകളൊന്നും തുറക്കില്ല. ആരെങ്കിലും പുറത്തിറങ്ങിയാൽ കനത്ത പിഴ നൽകണം. പകൽ നഗരത്തിലൂടെ സഞ്ചരിച്ചാൽ മാസ്ക് നിർബന്ധമാണ്. മറന്നാൽ അതിനും പിഴ നൽകണം. ആയിരം ദിർഹമാണ്‌ പിഴ. ഇന്ത്യൻ രൂപ 20,000 വരുമത്.

അഞ്ചിന്‌ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുമെന്ന്‌ നേരത്തെ അറിയിപ്പ്‌ കിട്ടിയിരുന്നെങ്കിലും രണ്ടാഴ്ചകൂടി നീട്ടി. കൂടുതൽ കർശനമാക്കുകയും ചെയ്തു. ദുബായ്‌, യുഎഇ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ പൂർണമായും നിരോധിച്ചു. നിയന്ത്രണങ്ങളുടെ സമയത്ത് പൊതു ഇടങ്ങളും ഗതാഗതസംവിധാനങ്ങളും ശുചീകരിക്കുകമാത്രമാണ് ഭരണനേതൃത്വം ചെയ്യുന്നത്‌. രാത്രിയിൽ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർ എട്ടിനുമുമ്പ് സ്ഥാപനത്തിൽ കയറണം. പിറ്റേന്ന് നിയന്ത്രണത്തിന്റെ സമയം കഴിഞ്ഞാൽമാത്രമാണ് പുറത്തിറങ്ങാൻ അനുമതി. ഭക്ഷണം ആവശ്യമുള്ളവർക്ക് ആരോഗ്യപ്രവർത്തകർ എത്തിച്ചുനൽകും. പനിയോ മറ്റ്‌ രോഗങ്ങളോ വന്നാൽ ക്ലിനിക്കുകളിൽ പരിശോധന നടത്താം.  കോവിഡാണെന്ന് തെളിഞ്ഞാൽമാത്രമാണ് ചികിത്സ. എന്നാൽ, കഴിഞ്ഞദിവസംമുതൽ രോഗികളെ സ്വീകരിക്കാൻ ചില ആശുപത്രികൾ തയ്യാറാകുന്നില്ല.

വിമാനത്താവളങ്ങൾ അടച്ചിരിക്കുന്നതിനാൽ നാട്ടിൽ പോകാനും കഴിയില്ല. വിവരങ്ങൾ അറിയാൻ വാർത്താമാധ്യമങ്ങളും സജീവമല്ല. എങ്കിലും സുരക്ഷിതമാണെന്ന വിശ്വാസത്തിലാണ് എല്ലാവരും കഴിയുന്നതെന്നും എൽദോ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top