30 May Saturday

തേനൂറും ചന്ദ്രികയുടെ ഓർമയിൽ മൻസൂറും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


സ്വന്തം ലേഖകൻ
രാഗങ്ങളുടെ രാജശിൽപ്പി എം കെ അർജുനൻ അരങ്ങൊഴിഞ്ഞശേഷമുള്ള ആദ്യ നിശീഥിനി പിന്നിട്ടു. പാട്ടുകളുടെ തേനൂറും ചന്ദ്രിക മാഞ്ഞ്‌ പള്ളുരുത്തിയിലെ അദ്ദേഹത്തിന്റെ വസതിയായ പാർവതി മന്ദിരവും മൂകം.

പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ച ആ ഗാനസാമ്രാജ്യത്തിൽ അർജുനൻ മാഷിന്‌ ഏറെ ഇഷ്‌ടപ്പെട്ടവ പാടിക്കേൾപ്പിച്ചതിന്റെ ഓർമയിലാണ്‌ ഗായകൻ കൊച്ചിൻ മൻസൂർ. അഞ്ചു വർഷംമുമ്പ്‌  ഇടപ്പള്ളി പുനർനവ ആയുർവേദ ആശുപത്രിയിൽ മാഷ് കിടന്നപ്പോൾ സന്ദർശിക്കാൻ എത്തിയതായിരുന്നു  അദ്ദേഹം. പതിനായിരത്തോളം പാട്ടുകൾ മനഃപാഠമാക്കി ഗിന്നസ്‌ ബുക്കിൽ ഇടംപിടിച്ചിട്ടുള്ള മൻസൂറിന്റെ കഴിവുകൾ മാഷിന്‌ നന്നായി അറിയാം. ‘വാ മോനേ’യെന്ന്‌  സ്നേഹത്തോടെ വിളിച്ച്‌ അടുത്തിരുത്തി. രണ്ടു മണിക്കൂർ പാട്ടിനെക്കുറിച്ച് മാത്രം സംസാരം. ഓരോ ഗാനങ്ങളും മാഷ് ചോദിക്കും.  മൻസൂർ പാടും. മാഷ് മറന്ന ചില ഗാനങ്ങളും പാടി. പലർക്കും പരിചയമില്ലാത്ത, ‘കുങ്കുമതീർഥത്തിൽ കുളിക്കാനിറങ്ങും’ ഗാനം  പാടിയപ്പോൾ ഏത് ചിത്രത്തിലെ ഗാനമാണ് എന്നറിയണം. ‘വാടക വീട്ടിലെ അതിഥി’ എന്നു പറഞ്ഞപ്പോൾ സ്നേഹത്തോടെ തലോടി.  

അർജുനൻ മാസ്റ്റർക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട ‘മനോഹരീ മനോഹരീ മറഞ്ഞു നിൽക്കുവതെന്തേ’ ഗാനം പാടാൻ ആവശ്യപ്പെട്ടു. 1973ൽ റിലീസ്‌ ചെയ്‌ത ‘റാഗിങ്‌’ സിനിമയ്‌ക്കുവേണ്ടി, പി ജെ ആന്റണി രചിച്ച്‌ താൻ സംഗീതം പകർന്ന ആ ഗാനം മാഷ്‌ കണ്ണടച്ചിരുന്ന്‌ കേട്ടു. യാത്ര പറഞ്ഞിറങ്ങുമ്പോൾ വല്ലാത്തൊരു നീറ്റൽ.
ഗിന്നസ് റെക്കോഡിനുവേണ്ടി  20 മണിക്കൂർ പാടി തൊണ്ടയ്‌ക്ക് പരിക്ക് പറ്റി  വീട്ടിൽ കഴിയുന്ന രാത്രി മാഷ് വീട്ടിലെത്തി ആശ്വസിപ്പിച്ചതും മൻസൂർ മറക്കില്ല. പിന്നീട് എത്രയെത്ര വേദികൾ. മകളുടെ വിവാഹം ക്ഷണിക്കാൻ  കഴിഞ്ഞമാസം മാഷിന്റെ വീട്ടിൽച്ചെന്ന്‌ ദക്ഷിണ കൊടുത്തു മടങ്ങിയതാണ്‌.  കസ്‌തൂരി ഗന്ധം പകർന്ന ആ പാട്ടുകളുടെ ഓർമകൾ പങ്കിട്ട്‌ സംഗീത  പ്രേമികളുടെ കൂട്ടായ്‌മയായ ‘ഓളവും തീരവും’ വാട്‌സാപ്പ്‌ ഗ്രൂപ്പിൽ മൻസൂർ ഒരാഴ്‌ച പാടുന്നുണ്ട്‌.


പ്രധാന വാർത്തകൾ
 Top