27 March Monday

പണം "ഭൂമി രാശി' പോർട്ടൽവഴി ; ദേശീയപാത 66: നഷ്ടപരിഹാര വിതരണം അവതാളത്തിൽ

വി ദിലീപ് കുമാര്‍Updated: Wednesday Feb 8, 2023


പറവൂർ
ദേശീയപാത 66 നിർമാണത്തിന്‌ സ്ഥലം വിട്ടുകൊടുത്തവർക്കുള്ള അവസാനഘട്ട നഷ്ടപരിഹാരത്തുക വിതരണം അവതാളത്തിൽ. പണം നൽകുന്ന രീതിയിൽ ദേശീയപാത അതോറിറ്റി വരുത്തിയ മാറ്റങ്ങളാണ് വിതരണത്തിന്‌ വിലങ്ങുതടിയാകുന്നത്‌. മുമ്പ്‌ ഭൂമിയേറ്റെടുക്കൽ സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടറുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടിൽനിന്ന്‌ നേരിട്ടാണ്‌ ഭൂ ഉടമകളുടെ അക്കൗണ്ടിലേക്ക് പണം നൽകിയത്. എന്നാലിത്‌ "ഭൂമി രാശി' എന്ന പോർട്ടലിലൂടെ ആക്കിയതോടെ വിതരണവും മന്ദഗതിയിലായി.

നൂറിൽ താഴെ ഭൂ ഉടമകൾക്കാണ് പണം കിട്ടാനുള്ളത്. വിജ്ഞാപനം ഇറങ്ങിയതിലെ കാലതാമസം, രേഖകൾ സംബന്ധിച്ച വ്യക്തതയില്ലായ്മ, അവകാശത്തർക്കം തുടങ്ങിയ പ്രശ്നങ്ങളാണ്‌ വിതരണം വൈകിച്ചത്. ഭൂരിഭാഗം ഭൂ ഉടമകൾക്കും നേരത്തേതന്നെ നഷ്ടപരിഹാരം ലഭിച്ചു. നിലവിൽ നഷ്ടപരിഹാരത്തുക പാസാക്കിയ ഫയലുകൾ തീർപ്പാക്കാൻ 75 കോടിയോളം രൂപ ആവശ്യമാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ നമ്പൂരിയച്ചൻ ആലിനുസമീപമുള്ള ഭൂമിയേറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടർ ഓഫീസിൽനിന്ന് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നുണ്ടെങ്കിലും അപേക്ഷകളിലെ ചെറിയ ന്യൂനതകൾ ചൂണ്ടിക്കാട്ടി ഭൂരിഭാഗം അപേക്ഷകളും നിരസിക്കുകയാണ്. ഇത്‌ പരിഹരിച്ച് വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടിവരുന്നത്‌ കാലതാമസം വരുത്തുന്നു. മാർച്ച് മുപ്പത്തൊന്നിനകം എല്ലാവരുടെയും പണം കൊടുത്തുതീർക്കണമെന്നാണ്‌ നിർദേശം. എന്നാൽ, പോർട്ടൽ സമ്പ്രദായം തുടർന്നാൽ പൂർത്തിയാക്കാൻ കഴിയില്ല. ഡെപ്യൂട്ടി കലക്ടറുടെ അക്കൗണ്ട് വഴി നഷ്ടപരിഹാരം നൽകുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ അധികൃതർ പറയുന്നു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ. നഷ്ടപരിഹാരത്തുകയ്ക്കായി കേരളം നൽകേണ്ട വിഹിതം ദേശീയപാത അതോറിറ്റിക്ക് നേരത്തേ നൽകിയിട്ടും അവസാനഘട്ടത്തിൽ അനാവശ്യമായ കാലതാമസമുണ്ടാക്കുന്ന കേന്ദ്രനടപടി ഭൂ ഉടമകളിൽ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top