കിഴക്കമ്പലം
കുടിവെള്ളക്കുഴലിടാൻ കുത്തിപ്പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ. കിഴക്കമ്പലം പഞ്ചായത്തിലെ മലയിടംതുരുത്ത് വാർഡിലെ കാവുങ്ങൽ–-ആട്ടുപടി റോഡാണ് മൂന്നു മാസംമുമ്പ് വാട്ടർ അതോറിറ്റിയും കരാറുകാരനും ചേർന്ന് പൊളിച്ചത്. ഒരു കിലോമീറ്ററിലധികം നീളമുള്ള റോഡിൽ വിരിച്ചിരുന്ന കട്ടകൾ മുഴുവൻ പൈപ്പ് സ്ഥാപിക്കാൻ പൊളിച്ചശേഷം കരാറുകാരനും അധികൃതരും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്ത് അംഗത്തിനോടും പ്രസിഡന്റിനോടും ഇവിടെയുള്ള നൂറോളം കുടുംബങ്ങൾ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. പൊളിഞ്ഞുകിടന്ന റോഡിൽ മഴയത്ത് ചെളിനിറഞ്ഞ് വശങ്ങളിലെ വീടുകളിലേക്ക് ഒഴുകി.
ഇംപെക്സ്, റിലയൻസ് കമ്പനികളുടെ ഗോഡൗണുകളിലേക്കും സമീപത്തെ ക്വാറികളിലേക്കും വലിയ വാഹനങ്ങൾ ദിവസേന പോകുന്ന റോഡാണിത്. ബൈക്ക് യാത്രികർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. പുക്കാട്ടുപടി ചെമ്പറക്കി വഴി പെരുമ്പാവൂരിലേക്കും പുക്കാട്ടുപടിയിൽനിന്ന് എറണാകുളം, ആലുവ ഭാഗങ്ങളിലേക്കും പോകാൻ എളുപ്പമാർഗമാണ്. റോഡ് ഉടൻ പൂർവസ്ഥിതിയിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..