16 June Sunday

കടബാധ്യത പർവതീകരിക്കൽ ആശാസ്യമല്ല: ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ കടബാധ്യതയെ പർവതീകരിച്ചുള്ള പ്രചാരണം ആശാസ്യകരമല്ലെന്ന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച‌് ബിജെപി ഉയർത്തുന്ന വാദങ്ങളെ സഹായിക്കാനേ ഇതുകൊണ്ട‌് കഴിയൂ. കടബാധ്യത താങ്ങാവുന്നതാണോ എന്നതാണ‌് പ്രധാനമെന്നും വോട്ട‌് ഓൺ അക്കൗണ്ട‌് ചർച്ചയ‌്ക്ക‌് മറുപടിയായി ധനമന്ത്രി പറഞ്ഞു.

ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിന്റെ 30 ശതമാനംവരെ കടമാകാമെന്നാണ‌് 14–-ാം ധന കമീഷൻ നിർദേശിച്ചിട്ടുള്ളത‌്. പലിശ ബാധ്യത 15 ശതമാനംവരെയാകാമെന്ന‌് 12–-ാം ധന കമീഷനും നിർദേശിച്ചിട്ടുണ്ട‌്. നിലവിൽ സംസ്ഥാനത്തിന്റെ പലിശബാധ്യത ഏകദേശം 12 ശതമാനമാണ‌്. ഇത‌് സംസ്ഥാനത്തിന‌് അഭികാമ്യമായ സാമ്പത്തികനിലയാണ‌്. ധന ഉത്തരവാദിത്ത നിയമപ്രകാരം സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ധനകമ്മി പരിധി ദേശീയ വരുമാനത്തിന്റെ മൂന്നു ശതമാനമാണ‌്.

കേന്ദ്രത്തിന്റെ നിരക്ക‌് നാലു ശതമാനമായി ഉയർത്തണമെന്നും സംസ്ഥാനങ്ങളുടെ നിരക്ക‌് രണ്ട‌് ശതമാനമായി താഴ‌്ത്തണമെന്നുമാണ‌് കേന്ദ്ര ധനമന്ത്രി വാദിക്കുന്നത‌്. നിരക്ക‌് താഴ‌്ത്തൽ സംസ്ഥാനത്തിന്റെ കടമെടുപ്പ‌് അവകാശം കുറയ‌്ക്കുകയും  ധനാവശ്യങ്ങളെ ഗണ്യമായി ബാധിക്കുകയും ചെയ്യും.  കിഫ‌്ബി സഹായത്തോടെയുള്ള നിക്ഷേപ പദ്ധതികൾക്ക‌് വ്യക്തമായ മാനദണ്ഡങ്ങളുണ്ട‌്. ഇവ പാലിക്കാൻ കഴിയാത്ത പദ്ധതികളാണ‌് കിഫ‌്ബി ഏറ്റെടുക്കാത്തത‌്. ഇത്തരം പദ്ധതികളെ ബജറ്റ‌് വിഹിതത്തിൽ ഉൾപ്പെടുത്തി ഏറ്റെടുക്കുകയാണ‌്.

ലൈഫ‌് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നേകാൽ ലക്ഷത്തോളം വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. ആദ്യഗഡു വിതരണം ചെയ‌്തു‌. രണ്ടാം ഗഡു 325 കോടി കൈമാറി. മൂന്നാം ഗഡു ഉടൻ കൈമാറും. ആറളത്ത‌് അന്താരാഷ്ട്ര യോഗ പരിശീലനകേന്ദ്രം ആരംഭിക്കും. ഇതിന്റെ വിശദ പദ്ധതി രേഖയായതായും ധനമന്ത്രി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top