22 May Sunday

2016ൽ ആഹാ... 22ൽ ഓഹോ ; പറഞ്ഞതെല്ലാം അതിവേഗം വിഴുങ്ങി ഇ ശ്രീധരൻ

പ്രത്യേക ലേഖകൻUpdated: Saturday Jan 8, 2022


തിരുവനന്തപുരം
സിൽവർ ലൈൻ അർധഅതിവേഗ പാതയ്‌ക്കെതിരെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ രൂക്ഷ ആരോപണങ്ങൾ ഉന്നയിക്കുന്ന ഇ ശ്രീധരൻ മുമ്പ്‌ പറഞ്ഞതെല്ലാം വിഴുങ്ങി. കേരളത്തിൽ അതിവേഗ പാത വേണമെന്ന്‌ ആവർത്തിച്ച്‌ പറഞ്ഞതെല്ലാം പക്ഷേ, രേഖകളിലുണ്ട്‌. ‘തിരുവനന്തപുരത്തുനിന്ന് കൊല്ലംവരെ 20 മിനിറ്റിലും തിരുവനന്തപുരത്തുനിന്ന് കൊച്ചിവരെ 53 മിനിറ്റിലും എത്താം. ഹൈസ്‌പീഡ് റെയിൽവേ ലൈൻ റോഡപകടങ്ങൾ 30 ശതമാനം കുറയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത്, ഓരോ വർഷവും 2400 പേരുടെ ജീവൻ രക്ഷപ്പെടും’‐ ഹൈസ്‌‌പീഡ്‌ റെയിൽ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ 2016 ജനുവരി 15ന്‌ മാതൃഭൂമി ഓൺലൈനിൽ ഇ ശ്രീധരൻ എഴുതിയ ലേഖനത്തിലെ വരികൾ. കെ–-റെയിലിനെതിരെ ഏതാനും മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഏറ്റുപറയുന്നതിലൂടെ അദ്ദേഹത്തിന്റെ ഇരട്ടത്താപ്പാണ്‌ പുറത്താകുന്നത്‌.

‘ഹൈസ്‌പീഡ് റെയിൽ എത്രകാലം നീട്ടിക്കൊണ്ടുപോകും’ എന്നായിരുന്നു അന്നെഴുതിയ ലേഖനത്തിന്റെ തലക്കെട്ട്‌. റൂട്ട്, സമയ ലാഭം, റോഡപകടങ്ങളിലെ കുറവ്‌, കുരുക്കിൽനിന്നുള്ള മോചനം എന്നിവ ലേഖനത്തിൽ വിശദീകരിച്ചു.  ‘എട്ടുവരി മോട്ടോർവേയെ അപേക്ഷിച്ച് ഈ അതിവേഗ റെയിൽവേ ലൈനിന്റെ പ്രധാനമേന്മ റോഡിനുവേണ്ടി 70 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിന് പകരം 20 മീറ്റർ വീതി മതിയെന്നതാണ്.

റോഡിനെ അപേക്ഷിച്ച് അതിവേഗ റെയിൽവേ ലൈനിന്റെ വാഹനശേഷി ഏതാണ്ട് ഇരട്ടിയായിരിക്കും. നോക്കിനടത്തിപ്പിന്റെ മൂലധനച്ചെലവും റോഡ് നോക്കിനടത്തൽച്ചെലവും ഇന്ധനച്ചെലവുമെല്ലാം കൂട്ടിയാൽ റെയിൽ യാത്രയുടെ ഇരട്ടിയാകും മൊത്തം ചെലവ്’. വേഗപാതയുടെ ഗുണഗണങ്ങളായിരുന്നു അന്ന്‌ ഇ ശ്രീധരന്റെ വാക്കുകളിലെങ്കിൽ ഇന്ന്‌ അടിമുടി എതിർപ്പും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top