26 February Wednesday

ഒറ്റയ്‌‌ക്ക്‌ നിൽക്കാനാകില്ല; മലപ്പുറം ബാങ്കിനെ ലയിപ്പിക്കാൻ ഓർഡിനൻസ്

സ്വന്തം ലേഖകൻUpdated: Wednesday Jan 8, 2020

തിരുവനന്തപുരം > മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുന്നതിന്‌ ഓർഡിനൻസ്‌ പുറപ്പെടുവക്കാൻ ഗവർണറോട്‌ ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1969ലെ കേരള സഹകരണ സംഘം നിയമത്തിൽ, മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ലയനത്തിന്‌ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയായിരിക്കും ഓർഡിനൻസ്‌.

മലപ്പുറം ഒഴികെ 13 ജില്ലാ സഹകരണ ബാങ്കുകളും  സംസ്ഥാന സഹകരണ ബാങ്കുമായുള്ള ലയനം അംഗീകരിച്ചിരുന്നു.  മലപ്പുറം ബാങ്ക്‌ കേരള ബാങ്കിൽ ലയിക്കാത്തത്‌ പരക്കെ ആക്ഷേപത്തിന്‌ കാരണമായി. മലപ്പുറം ജില്ലയിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, അർബൻ ബാങ്കുകൾ, ജില്ലാ ബാങ്കിലെ ജീവനക്കാർ ഉൾപ്പെടെ ലയന ആവശ്യം നിരന്തരം ഉയർത്തി. ഒരു ജില്ലാ സഹകരണ ബാങ്കുമാത്രം ലയിക്കാത്തത്‌ കേരള ബാങ്ക്‌ വിഭാവനംചെയ്യുന്ന മെച്ചപ്പെട്ട സേവനം നിഷേധിക്കപ്പെടുമെന്ന പരാതി സർക്കാർമുമ്പാകെയും വന്നു. ഇതെല്ലാം പരിശോധിച്ച്‌, റിസർവ്‌ ബാങ്കുമായി  കൂടിയാലോചിച്ചാണ്‌ മലപ്പുറം ജില്ലാ ബാങ്കിനെയും സംസ്ഥാന ബാങ്കിൽ ലയിപ്പിക്കുന്ന നിലയിൽ സഹകരണ നിയമ ഭേദഗതി വരുത്തി ഓർഡിനൻസ്‌ പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചത്‌.

ഒറ്റയ്‌ക്ക്‌ നിൽക്കാനാകില്ല

2019ലെ കേരള സഹകരണ നിയമ ഭേദഗതിയിലൂടെ ജില്ലാ സഹകരണ ബാങ്ക്‌ എന്ന തട്ട്‌ ഒഴിവാക്കിയിരുന്നു. ആ സാഹചര്യത്തിൽ മലപ്പുറം ജില്ലാ ബാങ്കിന്‌ ഒറ്റയ്‌ക്കു നിൽക്കാനാകില്ല. ബാങ്കിങ്‌ സംവിധാനത്തിന്റെ വലിയതോതിലുള്ള മാറ്റം, ബാങ്കിങ്‌ നിയമങ്ങളുടെ ഭേദഗതികൾ, ആധുനിക ബാങ്കിങ്‌ സൗകര്യങ്ങൾ സ്വന്തം നിലയിൽ ഏർപ്പെടുത്താനുള്ള ഭാരിച്ച ചെലവ്‌, ബാങ്കിന്റെ നിഷ്‌ക്രിയ ആസ്‌തി തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ മലപ്പുറം ബാങ്കിന്റെ നിലനിൽപ്പിന്‌ ഭീഷണിയാണ്‌.


പ്രധാന വാർത്തകൾ
 Top