30 September Wednesday

അവധിക്കഥ: പുറത്തായത്‌ മറ്റൊരു നുണ

കെ ശ്രീകണ‌്ഠൻUpdated: Saturday Dec 7, 2019


സിപിഐ എം വിരുദ്ധ വാർത്താ നിർമിതിയുടെ ഏറ്റവും ജീർണമായ മുഖമാണ്‌ കോടിയേരി ബാലകൃഷ്‌ണന്റെ രോഗവുമായി ബന്ധപ്പെട്ട്‌  കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിഭാഗം മാധ്യമങ്ങളിൽ അരങ്ങേറിയത്‌. കോടിയേരി അവധിയിൽ പോകുന്നൂവെന്നും പകരക്കാരനെ ഉടൻ നിശ്ചയിക്കും എന്ന മട്ടിൽ കെട്ടിയുയർത്തിയ നുണക്കോട്ട മാധ്യമങ്ങളുടെ മരവിച്ച മനഃസാക്ഷിയുടെ ഒടുവിലത്തെ ഉദാഹരണംകൂടിയാണ്‌. വാർത്ത അടിസ്ഥാനരഹിതമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ വ്യക്തമാക്കിയതോടെ ഇതിന്റെ മുന ഒടിഞ്ഞെങ്കിലും പടച്ചുവിട്ട കള്ളം സാധൂകരിക്കുന്നതിനുള്ള തന്ത്രമാണ്‌ പിന്നീട്‌ പുറത്തെടുത്തത്‌.

ഏതോ രഹസ്യകേന്ദ്രത്തിൽ ആസൂത്രണംചെയ്‌ത നുണക്കഥയാണ്‌ ആശയക്കുഴപ്പം സൃഷ്ടിക്കാനായി മാധ്യമങ്ങൾ ഏറ്റുപിടിച്ചത്‌.  രോഗത്തിന്റെ  പേരിലും വേട്ടയ്‌ക്ക്‌ ഒരുമ്പെട്ടിറങ്ങിയ ക്രൂരതയാണ്‌ ശരിക്കും അരങ്ങേറിയത്‌. കഴിഞ്ഞ ഏതാനും നാളുകളായി സർക്കാരിനെതിരെ നടത്തിത്തുന്ന കള്ളപ്രചാരണത്തിന്റെ തുടർച്ചയായി വേണം ഇതിനെയും കണക്കിലെടുക്കാൻ. 

ആരോഗ്യപ്രശ്‌നംമൂലം കോടിയേരി ചികിത്സ തേടിയെന്നത്‌ വസ്‌തുതയാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ഔദ്യോഗികമായിത്തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതുമാണ്‌. ഡോക്ടർമാരുടെ ഉപദേശപ്രകാരം വിദേശത്ത്‌ ചികിത്സ തേടിയ കോടിയേരി തിരികെ എത്തിയിട്ട്‌ ദിവസങ്ങളായി. എ കെ ജി സെന്ററിൽ അദ്ദേഹം പാർടി യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു. രോഗം പൂർണമായും ഭേദപ്പെടുത്തുന്നതിന്‌ ചികിത്സ തുടരുകയുമാണ്‌. അതിന്‌ ആവശ്യമായ ചില കരുതലും മറ്റും അനിവാര്യവുമാണ്‌.   ഇതിനെയാണ്‌ കോടിയേരി അവധിയിലേക്കെന്നും പുതിയ സെക്രട്ടറിവരുമെന്നും മറ്റും ഒരു വിഭാഗം മാധ്യമങ്ങൾ വ്യാഖ്യാനം ചമച്ചത്‌.

മനോരമയും മാതൃഭൂമിയും വ്യാഴാഴ്‌ച ഒന്നാംപേജിൽ പ്രധാന വാർത്തയായാണ്‌ ഇത്‌ പ്രസിദ്ധീകരിച്ചത്‌. മറ്റു ചില പത്രങ്ങൾ ഉൾപേജിലും  നൽകി. വ്യാഴാഴ്‌ച രാവിലെതന്നെ വാർത്ത അടിസ്ഥാനരഹിതമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിലൂടെ അറിയിച്ചു. പക്ഷേ, തങ്ങളുടെ നുണ  ന്യായീകരിക്കുന്നതിനുള്ള ശ്രമമാണ്‌ വെള്ളിയാഴ്‌ച മനോരമയും മറ്റും നടത്തിയത്‌. കോടിയേരിയുടെ ആരോഗ്യാവസ്ഥയിൽ ആശങ്കയില്ലെന്ന്‌ സിപിഐ എം വ്യക്തമാക്കിയിട്ടും അത്‌ ബോധ്യപ്പെടാതെ അഭ്യൂഹം പരത്തുകയാണ്‌ മാധ്യമങ്ങൾ. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും എ കെ ജി സെന്ററിൽ പാർടി യോഗങ്ങളിൽ കോടിയേരി പങ്കെടുത്തു. വെള്ളിയാഴ്‌ച സെക്രട്ടറിയറ്റ്‌ യോഗത്തിലുടനീളം അദ്ദേഹം സംബന്ധിക്കുകയും ചെയ്‌തു. 

കേരളത്തിലെ നിരവധി രാഷ്‌ട്രീയ നേതാക്കൾ ഇതിനുമുമ്പ്‌ രോഗബാധിതരായിട്ടുണ്ട്‌. അവരിൽ പലരും ചികിത്സാർഥം വിദേശത്ത്‌ പോയിട്ടുമുണ്ട്‌. ആ ഘട്ടങ്ങളിലൊന്നും അവധിക്കത്ത്‌ നൽകുകയോ പകരക്കാരനെ തേടുകയോ ചെയ്‌തിട്ടില്ല. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി നിരവധി തവണ വിദേശത്ത്‌ ചികിത്സ തേടിയിട്ടുണ്ട്‌.  കെ കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവർ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്ന സമയത്താണ്‌ വിദേശത്ത്‌ ചികിത്സയ്‌ക്ക്‌ പോയത്‌.
എ കെ ആന്റണിയും രോഗം ഭേദമാക്കാൻ വിദേശ ഡോക്ടറെയാണ്‌ ആശ്രയിച്ചത്‌. കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽനിന്ന്‌ അവധി എടുത്തല്ല അദ്ദേഹം ചികിത്സിച്ചത്‌. ഇവരുടെ കാര്യത്തിലൊന്നുമില്ലാത്ത ‘ഉൽക്കണ്‌ഠ’യാണ്‌ മാധ്യമങ്ങൾക്ക്‌ ഇപ്പോൾ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top