13 December Friday
പ്രധാനപ്പെട്ട ഇടത്താവളങ്ങളിലടക്കം 
 കുടിവെള്ളവും ഭക്ഷണവും ഉണ്ടാകും

ശബരിമല ; ഒരുക്കങ്ങൾ പൂർത്തിയായി , തത്സമയ ബുക്കിങ്ങിന്‌ ആധാര്‍ നിര്‍ബന്ധം

സ്വന്തം ലേഖകൻUpdated: Friday Nov 8, 2024


പത്തനംതിട്ട
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മൂന്നിടത്ത് ആരംഭിക്കുന്ന തത്സമയ ബുക്കിങ്ങിനും ആധാർ കാർഡ് നിർബന്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്  പി എസ് പ്രശാന്ത് പറഞ്ഞു. വണ്ടിപ്പെരിയാറിലും  എരുമേലിയിലും പമ്പയിലുമാണ് തത്സമയ ബുക്കിങ് തുടങ്ങുന്നത്. തീർഥാടകരുടെ പൂർണവിവരങ്ങൾ രേഖപ്പെടുത്താനാണിത്. പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപതിനായിരത്തോളം വെര്‍ച്വല്‍ ബുക്കിങ്ങും പതിനായിരത്തോളം തത്സമയ ബുക്കിങ്ങും ഉണ്ടാകും. തത്സമയ ബുക്കിങ് നടത്തുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വേണം. തീർഥാടനത്തിന് എത്തുന്നവർ ദർശനം ലഭിക്കാതെ തിരിച്ചുപോകുന്ന സാഹചര്യം ഉണ്ടാകില്ല.

വിരിവയ്ക്കാനും വിശ്രമിക്കാനും കുടിവെള്ളത്തിനും ഭക്ഷണത്തിനും ആവശ്യമായ ക്രമീകരണങ്ങൾ പ്രധാന ഇടത്താവളം മുതൽ ഉറപ്പാക്കി. എന്തെങ്കിലും ചെറിയ വീഴ്ചകളോ പോരായ്മകളോ കണ്ടാൽ അത് സുവർണാവസരമാക്കി മാറ്റുന്ന പ്രവണത  ഉണ്ടാകരുത്‌. കഴിഞ്ഞതവണ പൊലീസ് തീര്‍ഥാടകരെ നേരിടുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചിരുന്നു.

വൃശ്ചികം ഒന്നിന് നട തുറക്കുമ്പോഴേക്കും അരവണ 45 ലക്ഷം കണ്ടെയ്നര്‍ സ്റ്റോക്കുണ്ടാകും. അപ്പത്തിനും  ക്ഷാമമില്ല. വെര്‍ച്വല്‍ ക്യൂ ബുക്കിങ് 35 ശതമാനത്തോളം നടന്നു. പമ്പയിൽ ആകെ എട്ട്‌ നടപ്പന്തൽ ഒരുങ്ങുന്നു. മഴയും വെയിലും കൊള്ളാതെ നാലായിരത്തോളം തീർഥാടകർക്ക് രണ്ടുവരിയായി ഇവിടെ നിൽക്കാം. വിരിവയ്ക്കാന്‍ താൽക്കാലിക പന്തലും തയ്യാറാകും. പമ്പമുതൽ കുടിവെള്ള വിതരണം ഉറപ്പാക്കും. കുടിവെള്ളം ശേഖരിക്കാനുള്ള സ്റ്റീല്‍ കുപ്പി നൂറുരൂപ ഡെപ്പോസിറ്റ് വാങ്ങി പമ്പയിൽ വിതരണംചെയ്യും. ശരംകുത്തിമുതൽ തീർഥാടന പാതകളിൽ 50 മീറ്റർ ഇടവിട്ട് കിയോസ്‌കുകൾവഴി കുടിവെള്ളം ലഭ്യമാക്കും. എല്ലാം വകുപ്പുകളുടെയും  ഏകോപിച്ച  പ്രവർത്തനമാണ് നടക്കുന്നത്. പൊലീസിന്റെ നേതൃത്വത്തിൽ വിപുലമായ സംഘം നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമുണ്ടാകും.

ദര്‍ശന സമയം 
18 മണിക്കൂര്‍
ഇത്തവണ തുടക്കംമുതൽതന്നെ ദർശനസമയം ദിവസവും 18 മണിക്കൂറാക്കി. പുലര്‍ച്ചെ മൂന്നിന് നടതുറക്കും. പിന്നീട് ഉച്ചയ്ക്ക് ഒന്നിനേ അടയ്ക്കൂ. തുടർന്ന് മൂന്നുമുതല്‍ രാത്രി 11 വരെയും തുറക്കും. 18  മണിക്കൂര്‍ തുടര്‍ച്ചയായി തീർഥാടകർക്ക് ദർശന സൗകര്യം ലഭിക്കും. കഴി‌ഞ്ഞതവണ 16 മണിക്കൂറായിരുന്നു.അന്നദാന സൗകര്യം ഇത്തവണയും ഉണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top