14 December Saturday

ജംബോയല്ല, അതുക്കും മേലെ ; പട്ടികയുമായി കോൺഗ്രസ്‌ നേതാക്കൾ ഡൽഹിക്ക്‌

പ്രത്യേക ലേഖകൻUpdated: Friday Nov 8, 2019



ജംബോ കമ്മിറ്റി ഒഴിവാക്കാനായി തുടങ്ങിയ കോൺഗ്രസ്‌ പുനഃസംഘടന ഒടുവിൽ ‘മെഗാ ജംബോ’ പട്ടികയിലെത്തി.  നൂറുപേരുടെ ഭാരവാഹി പട്ടികയുമായി, വെള്ളിയാഴ്‌ച മുല്ലപ്പള്ളി രാമചന്ദ്രനും രമേശ്‌ ചെന്നിത്തലയും ഡൽഹിക്ക്‌ പോയേക്കും. എന്നാൽ മുല്ലപ്പള്ളി, ഉമ്മൻചാണ്ടി, ചെന്നിത്തല ത്രയത്തിന്റെ നീക്കങ്ങൾക്ക്‌ തടയിട്ട്‌ കെ മുരളീധരൻ പരാതിയുമായി സോണിയ ഗാന്ധിയെ കണ്ടു.

30 ജനറൽ സെക്രട്ടറിമാർ, 60 സെക്രട്ടറിമാർ, നാല്‌ വർക്കിങ്‌ പ്രസിഡന്റുമാർ, നാല്‌ വൈസ്‌ പ്രസിഡന്റുമാർ,  ട്രഷറർ എന്നിവരുടെ പട്ടികയാണ്‌ തിരക്കിട്ട ചർച്ചകൾക്കുശേഷം തയ്യാറാക്കിയത്‌. വ്യാഴാഴ്‌ച രാത്രിയിലും പട്ടികയ്‌ക്ക്‌ അന്തിമ രൂപം നൽകാനുള്ള  ശ്രമമാണ്‌ നടത്തിയത്‌. നേരത്തേ 23 ജനറൽ സെക്രട്ടറിമാരും 40 സെക്രട്ടറിമാരും അടങ്ങിയ ഭാരവാഹികളാണ്‌ ഉണ്ടായിരുന്നത്‌. ഇത്‌ ജംബോ കമ്മിറ്റിയാണെന്ന്‌ ആക്ഷേപം ഉയർന്നതിനെ തുടർന്നാണ്‌ പുനഃസംഘടന തുടങ്ങിയത്‌. ജനറൽ സെക്രട്ടറിമാരും മറ്റു ഭാരവാഹികളും അടക്കം മുപ്പത്‌ പേരേ ഉണ്ടാകൂവെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ അവകാശപ്പെട്ടത്‌.

ഗ്രൂപ്പുകളുടെ വീതംവയ്‌പാണ്‌ പുനഃസംഘടനയിലും അരങ്ങേറിയത്‌. ഒരു ജില്ലയ്‌ക്ക്‌ രണ്ട്‌ വീതം ജനറൽ സെക്രട്ടറിമാരും ഒരു ജനറൽ സെക്രട്ടറിക്ക്‌ രണ്ട്‌ സെക്രട്ടറിമാരും കരട്‌ ലിസ്റ്റിൽ കടന്നുകൂടി. വർക്കിങ്‌ പ്രസിഡന്റ്‌ പദവി വേണ്ടെന്ന്‌ പറഞ്ഞെങ്കിലും ഇപ്പോൾ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കി. ഇതിനുപുറമെ വൈസ്‌ പ്രസിഡന്റുമാരും വരും.

ഒരാൾക്ക്‌ ഒരുപദവി എന്നതും പരണത്തായി. എംഎൽഎമാരും എംപിമാരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്‌. വൈസ്‌ പ്രസിഡന്റ്‌ ആകാനില്ലെന്ന്‌ നിലപാട്‌ എടുത്ത വി ഡി സതീശനെ വർക്കിങ്‌ പ്രസിഡന്റ്‌ സ്ഥാനത്ത്‌ ഉൾപ്പെടുത്തി. നിലവിൽ ഈ സ്ഥാനത്തുള്ള കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും പിന്മാറാൻ തയ്യാറായില്ല. ഇവർക്ക്‌ ഒപ്പം തമ്പാനൂർ രവിയെയും ഉൾപ്പെടുത്തും. വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കെ ബാബു, അടൂർ പ്രകാശ്‌ എന്നിവരടക്കം അഞ്ചുപേരാണുള്ളത്‌. നിലവിലുള്ള ജനപ്രതിനിധികളെ ആരെയും എ  ഗ്രൂപ്പ്‌ ഭാരവാഹിത്വത്തിലേക്ക്‌ നിർദേശിച്ചില്ല. എന്നാൽ, ഐ ഗ്രൂപ്പ്‌ നൽകിയ പട്ടികയിൽ എംപിമാരും എംഎൽഎമാരുമാണ്‌ ഏറെയും.

ഇനി കെപിസിസി യോഗം ചേരാൻ കല്യാണമണ്ഡപം വാടകയ്‌ക്ക്‌ എടുക്കേണ്ടിവരുമെന്ന്‌ കോൺഗ്രസ്‌ നേതാക്കൾ അടക്കം പറയുന്നു.  എന്നാൽ, കരട്‌ പട്ടിക അതേപടി ഹൈക്കമാൻഡ്‌ അംഗീകരിക്കുമെന്ന്‌ കെപിസിസി നേതൃത്വത്തിന്‌ ഉറപ്പുപോരാ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top