13 December Friday

സിദ്ദിഖിന്റെ ഭൂമിതട്ടിപ്പ്‌: കൂടുതൽ അന്വേഷണം വേണമെന്ന്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

കോഴിക്കോട്‌
കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്‌ ഉൾപ്പെട്ട ഭൂമിതട്ടിപ്പിനെക്കുറിച്ച്‌ കൂടുതൽ അന്വേഷിക്കണമെന്ന്‌ പൊലീസ്‌. വ്യാജ ഒസ്യത്ത്‌ തയ്യാറാക്കാൻ മധ്യസ്ഥനായത്‌, പ്രതിഫലമായി ഭൂമി സ്വന്തമാക്കിയത്‌ എന്നിവയെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ്‌ താമരശേരി ഡിവൈഎസ്‌പി കെ പി അബ്ദുൾറസാഖിന്റെ റിപ്പോർട്ടിലുള്ളത്‌.

ഭൂമി കൈമാറ്റത്തിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും എസ്‌പിക്ക്‌ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേരള കർഷക യൂണിയൻ പ്രസിഡന്റ്‌ എ എച്ച്‌ ഹാഫിസിന്റെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയാണ്‌ റിപ്പോർട്ട്‌ നൽകിയത്‌. ദേശീയപാതക്കടുത്ത്‌ വൻവിലയുള്ള ഭൂമി  തുച്ഛമായ വിലയ്‌ക്ക്‌ സ്വന്തമാക്കിയത്‌ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കേസുമായി ബന്ധപ്പെട്ട്‌ സിദ്ദിഖിനെ നേരത്തെ ഡിവൈഎസ്‌പി ചോദ്യം ചെയ്‌തിരുന്നു. പരാതിയിൽ ഉൾപ്പെട്ട ഡിസിസി ജനറൽ സെക്രട്ടറി ഹബീബ്‌ തമ്പി, കെപിസിസി നിർവാഹകസമിതി അംഗം എൻ കെ അബ്ദുറഹ്മാൻ എന്നിവരെയും ചോദ്യംചെയ്‌തു. പരാതിക്കാരനായ എ എച്ച്‌ ഹാഫിസിൽനിന്ന്‌  മൊഴിയെടുത്ത പൊലീസ്‌ ഭൂമി തട്ടിപ്പും വ്യാജഒസ്യത്തുമായി ബന്ധപ്പെട്ട്‌ പരാതിക്കിടയായ ട്രസ്റ്റിലെ ചിലരെയും ചോദ്യംചെയ്‌തിരുന്നു.

റിട്ട. ജുഡീഷ്യൽ മജിസ്ട്രേട്ട്‌ ലിങ്കൺ എബ്രഹാമിന്റെ മരണത്തിൽ ദുരൂഹത, ഭൂമിതട്ടിപ്പ്‌ ഇവയായിരുന്നു ഹാഫിസിന്റെ പരാതിയിൽ ഉന്നയിച്ചത്‌. ലിങ്കൺ അബ്രഹാമിന്റെ പതിമൂന്നര ഏക്കറിലധികം വരുന്ന ഭൂമി തട്ടിയെടുക്കാൻ സഹോദരൻ ഫിലോമെൻ അബ്രഹാമിന് ഇടനിലക്കാരായി പ്രവർത്തിച്ചു എന്നാണ് സിദ്ദിഖടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾക്കെതിരായ പരാതി.  പ്രതിഫലമായി കോൺഗ്രസ്‌ നേതാക്കൾക്ക്‌ ഒരേക്കർ ഭൂമി ലഭിച്ചെന്നും പരാതിയിൽ പറയുന്നു. 2015 സെപ്‌തംബർ 22ന്‌ താമരശേരി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്‌ത്‌ ഭൂമി ഇവർ സ്വന്തമാക്കുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top