05 December Thursday

കെജിഒഎ സംസ്ഥാന കലോത്സവം 9ന്‌ തുടങ്ങും ; സാംസ്‌കാരിക ഘോഷയാത്ര നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

പാലക്കാട്‌
കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന കലോത്സവം ഒമ്പത്‌, 10 തീയതികളിൽ പാലക്കാട്‌ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗവ.മോയൻ എൽപി സ്‌കൂൾ, എൻജിഒ യൂണിയൻ ഹാൾ, സംഗീതകോളേജിലെ എം ഡി രാമനാഥൻ ഹാൾ എന്നിവിടങ്ങളിലാണ്‌ വേദി. ഡോക്ടർമാർ, എൻജിനീയർമാർ, ഭരണനിർവഹണ ഉദ്യോഗസ്ഥർ എന്നിവർ മേളയിൽ പങ്കെടുക്കും. 33 ഇനങ്ങളിൽ വിവിധ ജില്ലകളിലെ 400 പ്രതിഭകൾ പങ്കെടുക്കും. കലോത്സവത്തിന്‌ തുടക്കംകുറിച്ച്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 4.30ന്‌ എസ്‌ബിഐ ജങ്‌ഷനിൽനിന്ന്‌ ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഗവ.മോയൻ സ്‌കൂളിൽ സമാപിക്കും.

ശനിയാഴ്‌ച രാവിലെ ഒമ്പതിന്‌ എൻജിഒ യൂണിയൻ ഹാളിൽ മന്ത്രി കെ കൃഷ്‌ണൻകുട്ടി മേള ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മുഖ്യാതിഥിയാവും. കെ വി വിജയദാസ്‌ എംഎൽഎ അധ്യക്ഷനാകും. സമാപനം ഞായറാഴ്‌ച വൈകിട്ട്‌ നാലിന്‌ എം എ ആരീഫ്‌ എംപി ഉദ്‌ഘാടനം ചെയ്യും.
കലാമേളയുടെ പ്രചാരണത്തിന്‌ വിപുലമായ പരിപാടികൾ നടത്തി. നടൻമാരായ ജയറാം, ഇന്ദ്രൻസ്‌ എന്നിവർ പ്രചാരണ സെൽഫി വീഡിയോ പുറത്തിറക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top