24 November Tuesday

ശബരിമലയിൽ നിയന്ത്രണങ്ങളോടെ ദർശനമാകാമെന്ന്‌ വിദഗ്‌ധസമിതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 7, 2020


തിരുവനന്തപുരം
ശബരിമലയിൽ കർശന നിയന്ത്രണങ്ങളോടെ തീർഥാടകർക്ക്‌ ദർശനം അനുവദിക്കാമെന്ന്‌ വിദഗ്‌ധ സമിതി. ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട്‌ സർക്കാരിന്‌ ലഭിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി നൽകി.

സംസ്ഥാന സർക്കാരിന്റെ കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്നവർക്കുമാത്രമേ ശബരിമല കയറാൻ അവസരം നൽകാവൂവെന്നതാണ്‌ സമിതി ശുപാർശകളിലൊന്ന്‌. ഇതിനായി മല കയറുന്നതിന്‌ 48 മണിക്കൂർമുമ്പുള്ള കോവിഡ്‌ നെഗറ്റീവ്‌‌ സാക്ഷ്യപത്രവും ഓൺലൈനിൽ അപ്‌ലോഡ്‌ ചെയ്യണം. പമ്പയിൽ പ്രവേശന കവാടത്തിനുമുമ്പ്‌ കോവിഡ്‌ പരിശോധനാ സൗകര്യമൊരുക്കണം. ഇവിടെ തീർഥാടകർ സ്വന്തം ചെലവിൽ കോവിഡ്‌ പരിശോധന നടത്തി രോഗമില്ലെന്ന്‌ ഉറപ്പുവരുത്തണം. പത്തിനും അറുപതു വയസ്സിനുമിടയിലുള്ളവർക്കുമാത്രം പ്രവേശനം അനുവദിക്കുന്നതായിരിക്കും ഉചിതം. 60ന്‌ മുകളിൽ 65 വരെ വയസ്സുള്ളവർക്ക്‌ മറ്റു രോഗങ്ങളില്ലെന്ന സാക്ഷ്യപത്രത്തിൽ പ്രവേശനം അനുവദിക്കാം.

സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ താമസം അനുവദിക്കാൻ പാടില്ലെന്നും സമിതി ശുപാർശകളിൽ പറയുന്നു. റിപ്പോർട്ട്‌ പരിശോധിച്ച്‌, ആവശ്യമായ ചർച്ചകൾക്കുശേഷം തീരുമാനമുണ്ടാകുമെന്ന്‌ മന്ത്രി പറഞ്ഞു.  ഓൺലൈൻ ദർശനത്തിനുള്ള സാധ്യത പരിശോധിക്കണമെന്നതും സമിതിയുടെ ശുപാർശയിൽ ഉൾപ്പെടുന്നു. മാസപൂജയ്‌ക്ക് നട തുറക്കുന്ന തീയതി നീട്ടണമെന്ന ആവശ്യവുമുണ്ട്‌. നിലവിൽ അഞ്ചുദിവസമെന്നത്‌ 10 ദിവസമാക്കണമെന്നാണ്‌ നിർദേശം. ഇക്കാര്യങ്ങളിലടക്കം തന്ത്രി ഉൾപ്പെടെയുള്ള ക്ഷേത്രാധികാരികളുമായും ചർച്ച വേണം. തുലാമാസ പൂജയ്‌ക്ക്‌ നട തുറക്കുമ്പോൾ തീർഥാടകരെ അനുവദിക്കണമോ എന്നതിൽ ബുധനാഴ്‌ച തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top