09 October Wednesday

ഹിൽ സ്റ്റേഷനുകളിലെ സൗകര്യങ്ങളിൽ സമഗ്ര റിപ്പോർട്ട്‌ നൽകണം : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


കൊച്ചി
വയനാട് ഉൾപ്പെടെയുള്ള പശ്ചിമഘട്ടമേഖലയിലെ ഹിൽ സ്‌റ്റേഷനുകളിൽ ഒരേസമയം എത്ര സന്ദർശകരെയും വാഹനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുമെന്നും അവിടത്തെ  പരിസ്ഥിതിയെയും പ്രദേശവാസികളെയും ഇതെങ്ങനെ ബാധിക്കുമെന്നും പരിശോധിക്കണമെന്ന് ഹൈക്കോടതി. താമസ, -പാർക്കിങ്‌ സൗകര്യം, ജലലഭ്യത, വൈദ്യുതി, മാലിന്യസംസ്‌കരണം എന്നിവ പരിശോധിക്കണം. സമഗ്ര റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം നൽകണമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു.

സഞ്ചാരികളുടെ എണ്ണം കൂടുന്നതോടെ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടിവരുന്നു. ഇത് ആ സ്ഥലത്തിന് ഉൾക്കൊള്ളാൻ കഴിയാതായാൽ പ്രദേശവാസികൾക്കും പ്രശ്നമാകും. വയനാട് ദുരന്തത്തെ തുടർന്ന് സ്വമേധയാ എടുത്ത ഹർജിയിലാണ് നിർദേശം. ദുരന്തബാധിത മേഖലയിലെ കുട്ടികൾക്ക്‌ ആവശ്യമായ കൗൺസലിങ് നൽകണമെന്ന്‌ ശിശുക്ഷേമസമിതിക്ക്‌ നിർദേശം നൽകി.

വയനാട് ആനക്കാംപൊയ്യിൽ മേപ്പാടി തുരങ്കപാത നിർമിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടുന്നില്ലെങ്കിലും കോടതിയെ അറിയിച്ചശേഷമേ നടപടികൾ തുടങ്ങാവൂ എന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വയനാട്ടിലെ ക്യാമ്പിലുണ്ടായിരുന്ന എല്ലാവരെയും സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്കും വീടുകളിലേക്കും മാറ്റിയതായി അഡ്വക്കറ്റ്‌ ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. കണ്ടെത്താനാകാത്തവരെ മരിച്ചതായി കണക്കാക്കാൻ ഏഴുവർഷം കഴിയണമെന്ന ചട്ടത്തിൽ ഇളവ് അനുവദിക്കേണ്ടത് എജി ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ സർക്കാരിനോട് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു.

ദുരന്തബാധിതമേഖലയിലുള്ളവരുടെ ബാങ്ക് വായ്പയുടെ കാര്യത്തിൽ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്നും അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലടക്കം വിശദീകരണത്തിന് അഡീഷണൽ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ ആറാഴ്ച സമയംതേടി. കേന്ദ്രത്തിലെ ഏഴു മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങിയ ടീം ഉടൻ വയനാട്ടിൽ പരിശോധനയ്ക്കായി എത്തുമെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. വായ്പകളുടെ മൊറട്ടോറിയം അടക്കമുള്ള കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. ഓരോ വകുപ്പിനും ദുരന്തനിവാരണ പ്ലാൻ ആവശ്യമാണെന്നും സ്‌കൂളുകൾ ദുരിതാശ്വാസക്യാമ്പുകളായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നുമുള്ള നിർദേശം അമിക്കസ് ക്യൂറി രഞ്ജിത് തമ്പാൻ മുന്നോട്ടുവച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top