22 October Tuesday

കൂട്ടുകാരുടെ കുത്തിൽ നാട്ടുകാരുടെ ‘മണിയൻ' ഓർമയായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019


ബത്തേരി
നാട്ടുകാരുടെ സ‌്നേഹിതനായ കാട്ടാന ‘മണിയ’ന‌് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം.  പുൽപ്പള്ളി റൂട്ടിലെ യാത്രക്കാർക്കും ഇരുളം പ്രദേശത്തുള്ളവർക്കും ചിരപരിചിതനായ മണിയനെ ശനിയാഴ‌്ച രാവിലെയാണ്‌ ചെതലയം വനത്തിൽ ചരിഞ്ഞനിലയിൽ കണ്ടത്‌. ദേഹത്ത്‌ മുറികളുണ്ട്‌.   തലയിലും വയറിലും  കൊമ്പ്‌ കുത്തിയിറക്കിയിട്ടുണ്ട്‌. 

വെള്ളിയാഴ‌്ച രാത്രി  ആനകൾ പോരടിക്കുന്ന ശബ്ദം കേട്ടതായി  കുറിച്ച്യാട‌്  ഫോറസ‌്റ്റ‌് റെയിഞ്ച്‌ ഓഫീസിലുള്ളവർ പറയുന്നു. നാട്ടിൽ ചുറ്റിത്തിരിഞ്ഞ‌ിരുന്ന മണിയൻ കാട്ടിലെത്തിയാൽ മറ്റ്‌ ആനകളിൽനിന്ന്‌ അകലം പാലിച്ചിരുന്നു. ഇരുകൊമ്പുകളുടെയും അഗ്രങ്ങൾ കൂട്ടിമുട്ടുന്നതിനാൽ തീറ്റയെടുക്കാനും പ്രയാസപ്പെട്ടിരുന്നു. അക്രമണത്തിൽനിന്നും രക്ഷപ്പെടാനും ഇത്‌ തടസ്സമായെന്നാണ്‌ നിഗമനം.

30 കൊല്ലം മുമ്പ‌ാണ‌് ഇരുളം പ്രദേശത്തുള്ളവർ  കാട്ടാനയായ മണിയന്റെ  പ്രത്യേകതകൾ ശ്രദ്ധിച്ചു തുടങ്ങിയത‌്. ബത്തേരി–-പുൽപ്പള്ളി റോഡരികിൽ പതിവായി കാണുന്ന കുട്ടിക്കൊമ്പൻ വാഹനങ്ങളും ആളുകളും വരുമ്പോൾ മാറിനിൽക്കും. സ്ഥിരം സാന്നിധ്യമായതോടെ നാട്ടുകാർ  പഴക്കുലകളും മറ്റ‌ും കൊടുത്തു തുടങ്ങി. ശാന്തസ്വഭാവമായതിനാൽ  കുട്ടികൾ പോലും അടുത്ത്‌ ഇടപഴകി.  ഇതോടെ നാട്ടുകാർ ആനക്ക്‌ മണിയനെന്ന്‌ പേരിട്ടു. വേട്ടക്കാരുടെ വെടിയേറ്റ്‌ ഗുരുതരമായി പരിക്കേറ്റ മണിയനെ വനംവകുപ്പാണ്‌  ചികിത്സിച്ചത്‌. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ മുമ്പ്‌ നാല‌് തവണ പരിക്കേറ്റപ്പോഴും വനംവകുപ്പാണ്‌ ചികിത്സിച്ചത്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top