22 October Tuesday

കാശ്‌ കൂടില്ല, കീശ ചോരില്ല ; വാഗ്‌ദാനം അക്ഷരംപ്രതി പാലിച്ച്‌ എൽഡിഎഫ്‌ സർക്കാർ

സുമേഷ്‌ കെ ബാലൻUpdated: Saturday Sep 7, 2019


അവശ്യസാധനങ്ങളുടെ വില അഞ്ചുവർഷവും വർധിപ്പിക്കില്ലെന്ന വാഗ്‌ദാനം അക്ഷരംപ്രതി പാലിച്ച്‌ എൽഡിഎഫ്‌ സർക്കാർ. ഭരണം മൂന്നുവർഷം പിന്നിടുമ്പോഴും  നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയില്ലെന്നുമാത്രമല്ല, പലതിനും വില കുറയ്‌ക്കാനുമായി. 2016ൽ എൽഡിഎഫ്‌ അധികാരത്തിലെത്തുമ്പോഴുള്ള വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ്‌ ഈ ഓണക്കാലത്ത്‌ സപ്ലൈകോവഴി സാധനങ്ങളുടെ വിതരണം.   പ്രളയമുൾപ്പെടെ പ്രകൃതിദുരന്തങ്ങൾ നേരിട്ടിട്ടും വിലക്കയറ്റമില്ലാതായത്‌  കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാനായതിനാലാണ്‌.

എൽഡിഎഫ്‌ അധികാരത്തിലെത്തുമ്പോൾ ചെറുപയറിന്റെ സപ്ലൈകോ വില  74 രൂപയാണ്‌. ഇപ്പോൾ അത്‌ 61 രൂപയായി. 13രൂപ കുറവ്‌.  പൊതുവിപണിയിൽ ഏതാണ്ട്‌ 100 രൂപയുള്ളപ്പോഴാണിത്‌. 2016നെ അപേക്ഷിച്ച്‌ ഉഴുന്നിന്‌ ആറ്‌ രൂപയും തുവരപരിപ്പിന് ഏഴ്‌ രൂപയും വൻകടലയ്‌ക്ക്‌ ഒരു രൂപയും കുറഞ്ഞു.

സപ്ലൈകോ വഴിയുള്ള ചെറുപയർ, കടല, തുവരപ്പരിപ്പ് എന്നിവയുടെ വില ജനുവരിയിൽ 25 മുതൽ 30 ശതമാനം വരെ കുറച്ചിരുന്നു.  നാഫെഡ്‌ വഴി  നേരിട്ട്‌ വാങ്ങി സംഭരിച്ചതിലൂടെയാണ്‌ വില കുറയ്‌ക്കാനായത്‌. സബ്‌സിഡി സാധനങ്ങൾ മാസം ഒരുകിലോ വീതമാണ് നൽകിയിരുന്നത്. ചെറുപയറും കടലയും തുവരപ്പരിപ്പും കാർഡിന്‌ പ്രതിമാസം രണ്ട്‌ കിലോയാക്കി. പൊതുവിപണിയിലെ അരിവില ഉയർന്നപ്പോൾ അത്‌  കുറയ്‌ക്കാനും സർക്കാരിനായി. കണസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ വ്യാപകമായി സഹകരണ അരിക്കടകൾ വഴിയായിരുന്നു ഇത്‌. നെല്ല് കർഷകർക്ക്‌ മികച്ച വില ലഭിക്കാൻ നെല്ല്‌ സംഭരണം കാര്യക്ഷമമാക്കി.

സപ്ലൈകോ, കൺസ്യൂമർഫെഡ്, കൃഷിവകുപ്പ്  തുടങ്ങിയവ വഴി സംസ്ഥാനത്തുടനീളം ഇത്തവണയും ഓണച്ചന്തകളുണ്ട്‌. കൺസ്യൂമർഫെഡ്‌ 3500 ഓണച്ചന്ത തുറന്നു. സപ്ലൈകോ ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിലെ പ്രത്യേക ചന്തകൾക്കൊപ്പം പ്രത്യേക ഓണം മാർക്കറ്റുകളും സ്പെഷ്യൽ മിനി ഫെയറുകളും ഒരുക്കി. ഹോർട്ടികോർപ് കർഷകരിൽനിന്ന്‌ പൊതുവിപണിയേക്കാൾ 10 ശതമാനം അധികവില നൽകി സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ  30 ശതമാനംവരെ വിലക്കുറവിലാണ്‌  നൽകുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top