22 October Tuesday

കണ്ടനാട്‌ പള്ളിത്തർക്കം : കേരള ഹൈക്കോടതി ജഡ്‌ജിക്ക്‌ സുപ്രീംകോടതി വിമർശം

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019


ന്യൂഡൽഹി
കണ്ടനാട്‌ പള്ളിത്തർക്കക്കേസിൽ കേരള ഹൈക്കോടതി ജഡ്‌ജിക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം. സുപ്രീംകോടതി വിധി മറികടന്ന്‌ ഉത്തരവിറക്കിയ ഹൈക്കോടതി ജഡ്‌ജി ഹരിപ്രസാദിനെയാണ്‌ ജസ്റ്റിസ്‌ അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച്‌ രൂക്ഷമായി വിമർശിച്ചത്‌.

വളരെ ആക്ഷേപകരമായ ഉത്തരവാണിതെന്നും ഏത്‌ ജഡ്‌ജിയാണ്‌ ഈ ഉത്തരവ്‌ പുറപ്പെടുവിച്ചതെന്നും ജസ്റ്റിസ്‌ അരുൺമിശ്ര ചോദിച്ചു. സുപ്രീംകോടതി ഉത്തരവിന്‌ കടകവിരുദ്ധമായ ഉത്തരവാണ്‌ ഹൈക്കോടതി പുറപ്പെടുവിച്ചതെന്നും നിയമസംവിധാനത്തിനുള്ളിൽ  അച്ചടക്കം ഇല്ലാതാകുകയാണെന്നും ജഡ്‌ജി ചൂണ്ടിക്കാട്ടി.

‘സുപ്രീംകോടതി ഉത്തരവിനെ മറികടക്കാൻ ഒരു ഹൈക്കോടതിക്കും അധികാരമില്ല. കേരളത്തിലെ ജഡ്‌ജിമാരോട്‌ അവർ രാജ്യത്തിന്റെ ഭാഗമാണെന്ന വസ്‌തുത പറഞ്ഞുകൊടുക്കൂ’–- ജസ്റ്റിസ്‌ അരുൺമിശ്ര പൊട്ടിത്തെറിച്ചു. വിധി നടപ്പാക്കിയില്ലെങ്കിൽ ചീഫ്‌ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരും.

കണ്ടനാട്‌ പള്ളിയിൽ തൽസ്ഥിതി തുടരാനുള്ള കേരള ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി റദ്ദാക്കി.  സെന്റ്‌മേരീസ്‌ ഓർത്തഡോക്‌സ്‌ സിറിയൻ പള്ളി വികാരി ഐസക്‌ മാട്ടമേൽ കോർ എപ്പിസ്‌കോപ്പ  ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയാണ്‌ പരിഗണിച്ചത്‌.

മലങ്കരസഭയ്‌ക്ക്‌ കീഴിലുള്ള പള്ളികൾ 1934ലെ സഭാ ഭരണഘടന അനുസരിച്ച്‌ ഭരിക്കണമെന്ന്‌ 2017ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ  ഉത്തരവിന്റെ പരിധിയിൽ വരുന്ന ഹർജികൾ രാജ്യത്തെ മറ്റ്‌ കോടതികൾ പരിഗണിക്കരുതെന്നും നിർദേശിച്ചിരുന്നു. കട്ടച്ചിറ പള്ളിക്കേസിൽ യാക്കോബായ വിഭാഗം നൽകിയ പുനഃപരിശോധനാഹർജിയും  സുപ്രീംകോടതി തള്ളി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top