22 February Friday

പ്രളയശേഷമുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന് 'ശ്രദ്ധ 2018'

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

കൊച്ചി > പ്രളയത്തിന് ശേഷം ഫീല്‍ഡ് തലത്തിലുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ ആരോഗ്യ വകുപ്പ്.  ജില്ലയില്‍ ആരംഭിച്ച 'ശ്രദ്ധ'(Surveillance and Rapid Action against Diseases in Disaster Aftermath)  പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ച പിന്നിടുമ്പോഴേക്കും പ്രളയബാധിത മേഖലകളിലെ ഒട്ടുമിക്ക വീടുകളിലും ഒരു പ്രാവശ്യം സന്ദര്‍ശനം പൂര്‍ത്തീകരിക്കുവാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

പ്രളയഘട്ടത്തിലും തുടര്‍ന്നുമായി നടത്തിവന്ന ഫീല്‍ഡ് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെമ്പാടും ഏകീകരിക്കുക , പകര്‍ച്ചവ്യാധി കേസുകളെല്ലാം ആരംഭത്തിലേ കണ്ടെത്തി കൃത്യസമയത്ത് തന്നെ പ്രതിരോധനടപടികള്‍ ആരംഭിക്കുക , കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷന്‍ ഉറപ്പ് വരുത്തുക , രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്നി ലക്ഷ്യങ്ങളുമായാണ് 'ശ്രദ്ധ' ആരംഭിച്ചത്.

    ജില്ലയില്‍ വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ കീഴിലുള്ള 280 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും, 426 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ക്കും പുറമെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും താത്ക്കാലികമായി നിയമിച്ച 85 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, 1995 ആശ പ്രവര്‍ത്തകര്‍ എന്നിവരും ശ്രദ്ധയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. കൂടാതെ അതത് പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തുന്ന സന്നദ്ധ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി ടീമുകള്‍ രൂപീകരിച്ചാണ് ശ്രദ്ധ പരിപാടിയുടെ ഭാഗമായുള്ള ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 ഒരു ദിവസം ചുരുങ്ങിയത് 40 വീടുകള്‍ ഓരോ സംഘവും സന്ദര്‍ശിക്കുന്നുണ്ട്. ശ്രദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആഗസ്റ്റ് 30 ന് 831 സംഘങ്ങളും, 31 ന് 923 സംഘങ്ങളും, സെപ്റ്റംബര്‍ ഒന്നിന് 1415 സംഘങ്ങളും, രണ്ടിന് 111 ഉം, മൂന്നിന് ന് 1345 സംഘങ്ങളും, നാലിന്  1404 സംഘങ്ങളും, അഞ്ചിന് 1887 സംഘങ്ങളും, ആറിന്  750 സംഘങ്ങളും ഭവനസന്ദര്‍ശനം നടത്തി. ഇത് വരെ 1,62,546 വീടുകള്‍ ശ്രദ്ധയുടെ ഭാഗമായി സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനങ്ങളിലൂടെ 3915 പനി കേസുകള്‍ കണ്ടെത്തി നേരത്തെ തന്നെ ചികിത്സ ഉറപ്പ് വരുത്തുവാനും, 566 വയറിളക്ക ബാധിതരെ കണ്ടെത്തി ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാനും സാധിച്ചു.

അതാത് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും, പ്രളയശേഷം ക്ലോറിനേഷന്‍ നടത്താത്ത സ്വകാര്യ, പൊതു കിണറുകളുടെ സൂപ്പര്‍ ക്ലോറിനേഷനും ഓരോ സംഘവും ഇതോടൊപ്പം നടത്തുന്നുണ്ട്. 1,09,727 ക്ലോറിന്‍ ടാബ്ലെറ്റുകളൂം, ബോധവല്‍ക്കരണ നോട്ടീസുകളും ശ്രദ്ധയുടെ ഭാഗമായി വീടുകളില്‍ വിതരണം ചെയ്തു. കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള 1,13,451 ഉറവിടങ്ങളും സംഘം നിര്‍മാര്‍ജ്ജനം ചെയ്തു.

'ശ്രദ്ധയുടെ പരിപാടി ജില്ലയിലൊട്ടാകെ നടപ്പിലാക്കാനാണ് തീരുമാനമെങ്കിലും ഏറ്റവും പ്രളയബാധിതമായ 10 ഹെല്‍ത്ത് ബ്ലോക്കുകള്‍ക്ക് ഏറ്റവും മുന്‍ഗണന നല്‍കികൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

'ശ്രദ്ധ' പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായി കുടിവെള്ള സ്രോതസ്സുകളുടെ ശാസ്ത്രീയമായ ക്ലോറിനേഷന്‍ സംബന്ധിച്ച് ചെന്നൈ പൊതുജനാരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ ജില്ലയിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയുണ്ടായി. കുടിവെള്ള സ്രോതസ്സുകള്‍ ബ്ലീച്ചിങ്ങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്ത ശേഷമുള്ള ക്ലോറിന്റെ അളവ് പരിശോധിക്കുന്നതിനുള്ള ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം സംബന്ധിച്ചും ചെന്നൈ സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

കൂടാതെ ഇതിനാവശ്യമായ 7000 കിറ്റുകളും ആരോഗ്യവകുപ്പിന് കൈമാറി. കൊച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി ആരോഗ്യവകുപ്പുമായി സഹകരിച്ച് പ്രളയബാധിത മേഖലകളിലെ കുടിവെള്ള സ്രോതസുകളുടെ ഭൂപട രേഖ തയ്യാറാക്കുവാനായി 4 പഞ്ചായത്തുകളില്‍ സര്‍വ്വേ നടത്തി വരുന്നു.

ഇതുവരെ 18 ലക്ഷം ഡോക്‌സിസൈക്ലിന്‍ ഗുളികകളാണ് ജില്ലയില്‍ ആരോഗ്യവകുപ്പ് ദുരിതാശ്വാസ ക്യാമ്പുകളിലെ മെഡിക്കല്‍ ക്യാമ്പുകള്‍ വഴിയും , സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലൂടെയും വിതരണം ചെയ്തത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പില്‍ നിന്ന് മാത്രം 90 ടണ്‍ ബ്ലീച്ചിങ്ങ് പൗഡര്‍ വിതരണം നടത്തി. പ്രളയശേഷമുണ്ടായേക്കാവുന്ന പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ മറ്റു അവശ്യമരുന്നുകളും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മുഖേന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഉറപ്പ് വരുത്തിയിട്ടുണ്ട്.

 പകര്‍ച്ചവ്യാധി പ്രതിരോധം സംബന്ധിച്ചും, കിണറുകളുടെ ക്ലോറിനേഷന്‍ സംബന്ധിച്ചും പ്രളയബാധിത മേഖലകളില്‍ ആഗസ്റ്റ് 27, 28 എന്നീ തീയതികളില്‍ കുടിവെള്ള ശുചിത്വം, ക്ലോറിനേഷന്‍, എലിപ്പനി പ്രതിരോധം എന്നിവയെ സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൈക്ക് പ്രചാരണവും നടത്തി. . 'ശ്രദ്ധ' പ്രവര്‍ത്തനങ്ങള്‍ക്കായി 3 ലക്ഷം ബോധവല്‍ക്കരണ നോട്ടീസുകള്‍ തയ്യാറാക്കി ജില്ലയില്‍ വിതരണം ചെയ്തു. പ്രിന്റര്‍മാരുടെ സംഘടനയും ഒരു ലക്ഷം നോട്ടീസുകള്‍ സൗജന്യമായി അച്ചടിച്ച് നല്‍കി.

ജനങ്ങളുടെകൂടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ട് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് ശ്രദ്ധ പരിപാടിയിലൂടെ ആരോഗ്യ വകുപ്പ് ഊന്നല്‍ നല്‍കുന്നത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top