06 October Thursday

മഴ കുറഞ്ഞു; ജാഗ്രത തുടരുന്നു ; ജില്ലയിൽ അടിയന്തര സാഹചര്യങ്ങൾ 
നേരിടാനുള്ള ഒരുക്കങ്ങളായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ആലുവപ്പുഴയിലെ ജലനിരപ്പ് പരിശോധിക്കുന്നു


കൊച്ചി
ജില്ലയിൽ ശനിയാഴ്‌ച പകൽ മഴ മാറിനിന്നെങ്കിലും പല ഡാമുകളുടെയും വൃഷ്‌ടിപ്രദേശത്ത്‌ മഴ പെയ്തതിനാൽ നദികളിലെ ജലനിരപ്പിൽ കാര്യമായ കുറവുണ്ടായില്ല.  ഇടുക്കി ഡാമിൽ റെഡ്‌ അലെർട്ടും ഇടമലയാർ, പെരിങ്ങൽക്കൂത്ത്‌  ഡാമുകളിൽ ബ്ലൂ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. ജില്ലയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ഒരുക്കങ്ങളായി. 

ഇടമലയാർ ഡാമിന്റെ പരമാവധി സംഭരണശേഷി 169 മീറ്ററാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ 161 മീറ്റർവരെ ജലവിതാനം ഉയർന്നതോടെയാണ് ബ്ലൂ അലെർട്ട്‌ പുറപ്പെടുവിച്ചത്‌. ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഡാമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജലനിരപ്പ്‌ 163 മീറ്ററിലെത്തിയാൽ തുറക്കാനായിരുന്നു ഡാം അധികൃതരുടെ തീരുമാനം. എന്നാൽ, വൈകിട്ടും ജലനിരപ്പ്‌ ഉയരാത്തിനാൽ ഡാം തുറക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചു. വൈകിട്ടോടെ 161.5 മീറ്ററായിട്ടുണ്ട്‌. ഇടമലയാർ ഡാമിന്റെ വൃഷ്‌ടിപ്രദേശമായ തമിഴ്‌നാട്ടിലെ നീരാർ ഡാമിൽ മഴ ഇപ്പോഴും തുടരുകയാണ്‌. ഇടമലയാർ തുറന്നാൽ വെള്ളം ഭൂതത്താൻകെട്ട് ഡാമിലെത്തി പെരിയാറിലേക്ക് ഒഴുകും.

ഇടുക്കി ഡാമിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാൽ പറവൂർ താലൂക്കിലെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ദ്രുതകർമസേന (ഇൻസിഡന്റ്‌ റെസ്‌പോൺസ് സിസ്റ്റം) യോഗം ചേർന്നു. സബ് കലക്ടർ പി വിഷ്ണുരാജിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പ്രശ്നബാധിത പ്രദേശങ്ങളിലുള്ളവരെ ഉടൻ മാറ്റി പാർപ്പിക്കാനും ക്യാമ്പുകളിലേക്ക് യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകി.

ക്യാമ്പുകളിൽ എത്തുന്നവർക്ക് മെഡിക്കൽ സ്ക്രീനിങ്‌ നടത്തി വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും. അപകടസ്ഥലങ്ങൾ സന്ദർശിക്കാനെത്തുന്നവരെ ഒഴിവാക്കാൻ ഡിവൈഎസ്‌പി  എം കെ മുരളിക്ക് നിർദേശം നൽകി. താലൂക്കിലെ കണക്കൻകടവ് പാലത്തിനടിയിൽ വന്നടിഞ്ഞ മരവും മറ്റ്‌ അവശിഷ്ടങ്ങളും നീക്കിയ ഫയർ ആൻഡ് റെസ്ക്യു യൂണിറ്റിനെ അഭിനന്ദിച്ചു.

പെരിങ്ങൽക്കുത്ത്‌ ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് വാൽവ്‌ തുറന്നതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ്‌ 10 സെന്റീമീറ്ററോളം ഉയരാന്‍ സാധ്യത. തുടർന്ന്‌ പുഴയുടെ തീരത്തുള്ള പുത്തൻവേലിക്കര പഞ്ചായത്തിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി. ആർആർടി വളന്റിയർമാർ സജീവമായി രംഗത്തുണ്ട്. വഞ്ചിയുൾപ്പെടെ സജ്ജമാക്കിയതായി പ്രസിഡന്റ്‌ റോസി ജോഷി പറഞ്ഞു.

പെരിയാറിലെ ജലനിരപ്പ് ഉയർന്നാൽ ആലുവ താലൂക്കിൽ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കത്തെക്കുറിച്ച് അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ ചർച്ചചെയ്‌തു. രക്ഷാപ്രവർത്തനത്തിന് എല്ലാ വകുപ്പുകളും സജ്ജമാണെന്ന് യോഗം വിലയിരുത്തി. ഡാം തുറക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസുകളും  പ്രവർത്തിക്കും. താലൂക്ക് ഓഫീസിൽ 24 മണിക്കൂറും കൺട്രോൾ റൂമുണ്ടാകും. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതിനാൽ താലൂക്കിൽ ഏഴ് ക്യാമ്പുകളും പ്രവർത്തനം തുടരുന്നു. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കാൻ പഞ്ചായത്തുകൾ സജ്ജമാണ്.

ഇരുപത്തിനാല് മണിക്കൂറും പൊലീസിന്റെ സേവനം ലഭ്യമാക്കും. ആലുവ മണപ്പുറം ഉൾപ്പെടെ നദിയുടെ തീരത്തും കടവുകളിലും ആളുകളെ നിയന്ത്രിക്കാനും വിവരം നൽകാനും പൊലീസിന് നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും തയ്യാറാക്കിയതായി അഗ്‌നി രക്ഷാസേന അറിയിച്ചു. ആവശ്യമായ വാഹനങ്ങളും ക്രെയിൻ അടക്കമുള്ള സംവിധാനങ്ങളും സജ്ജമാണെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ഇന്റർ ഏജൻസി ഗ്രൂപ്പുകളുമായി ചേർന്ന് ക്യാമ്പുകളിൽ ആവശ്യമായ വസ്തുക്കളും സംവിധാനങ്ങളും തിങ്കളാഴ്ച രാവിലെവരെയുള്ള ഭക്ഷണസാധനങ്ങളും ഒരുക്കും.

ആശങ്ക വേണ്ട: മന്ത്രി പി രാജീവ്
ഇടുക്കി ഡാം തുറക്കുന്നതിനുമുന്നോടിയായി എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. ഡാം തുറന്നാലും പെരിയാറിൽ എത്തുന്ന വെള്ളം സുഗമമായി ഒഴുകിപ്പോകും. ഓപ്പറേഷൻ വാഹിനി പദ്ധതിക്കുശേഷം പെരിയാറിന്റെ കൈവഴികളിലൂടെയുള്ള നീരൊഴുക്ക് സുഗമമായിട്ടുണ്ട്. കടലിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ഔട്ട്‌ലെറ്റുകളെല്ലാം തുറന്നു. നിലവിൽ പെരിയാറിലെ മാർത്താണ്ഡവർമ പാലം, മംഗലപ്പുഴ, കാലടി സ്റ്റേഷനുകളിലെ ജലനിരപ്പ് കുറയുകയാണ്. ഇവിടെ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നിട്ടില്ലെന്നും അവലോകനയോഗത്തിനുശേഷം മന്ത്രി പറഞ്ഞു.


 

പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കി. എല്ലാ താലൂക്കിലും ക്യാമ്പുകൾ സജ്ജമാക്കി. ക്യാമ്പുകളിലേക്കുള്ള ഭക്ഷണം, മരുന്നുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാണ്. ഏത് അടിയന്തരസാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഏകോപനത്തിനായി നോഡൽ ഓഫീസർമാരെ നിയോഗിച്ചു. വിവരങ്ങൾ യഥാസമയം അറിയിക്കാനായി ജനപ്രതിനിധികളെ ഉൾക്കൊള്ളിച്ച് വാട്സാപ് ഗ്രൂപ്പുകൾ ആരംഭിക്കും. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കരയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇവരോട് രണ്ടുദിവസംകൂടി ക്യാമ്പിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. കലക്ടറുടെ നേതൃത്വത്തിലാകും സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top