16 January Saturday

മുന്നൊരുക്കം മുൻപ്രളയങ്ങളുടെ അനുഭവങ്ങൾ കണക്കിലെടുത്ത്; ഇരട്ടദുരന്തത്തെ നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

തിരുവനന്തപുരം > കാലവർഷക്കെടുതി നേരിടാൻ കഴിഞ്ഞ രണ്ടുവർഷങ്ങളിലെ അനുഭവങ്ങൾ കൂടി കണക്കിലെടുത്താണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.

കോവിഡിൻറെ പശ്ചാത്തലത്തിൽ അതുകൂടി കണക്കിലെടുത്തുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. വിവരങ്ങൾ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ക്യാമ്പ് നടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായി പ്രോട്ടോകോൾ ഉണ്ടാക്കുകയും അനുയോജ്യമായ സ്ഥലങ്ങൾ നേരത്തെ കണ്ടെത്തുകയും ചെയ്തു.

ദേശീയ ദുരന്ത പ്രതികരണസേനയുടെ പത്ത് ടീമിനെ സംസ്ഥാനത്തേക്ക് അയക്കണമെന്നാണ് കാലവർഷത്തിൻറെ തുടക്കത്തിൽത്തന്നെ സംസ്ഥാനം ആവശ്യപ്പെട്ടത്. ഒന്നാം ഘട്ടത്തിൽ നാല് ടീമിനെ നമുക്കു ലഭിച്ചു. വയനാട്, ഇടുക്കി, തൃശൂർ, ആലപ്പുഴ ജില്ലകളിലായി ഈ സേനയെ വിന്യസിക്കുകയാണ് ചെയ്തത്. ഇപ്പോൾ കൂടുതൽ ടീമിനെ കൂടി സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായാണ് മഴ കൂടുതൽ ശക്തിപ്പെട്ടത്. ഇതിൻറെ ഭാഗമായി എല്ലാ ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെയും അപകടമേഖലയിൽ താമസിക്കുന്നവരെയും മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

കേരളത്തിൻറെ സമീപപ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. തമിഴ്‌നാട്ടിൽ നീലഗിരി ജില്ലയിലും സമീപ ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. കർണാടകയിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കുടക് തുടങ്ങിയ പ്രദേശങ്ങളിലും മഹാരാഷ്ട്രയിലെ മുംബൈ കൊങ്കൺ ബെൽറ്റിലും മഴ രൂക്ഷമാണ്. ഇത്തരം സാഹചര്യത്തിൽ അന്തർസംസ്ഥാന യാത്രകൾ പരമാവധി ഒഴിവാക്കണം.

കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഇവയെല്ലാം മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യറെടുപ്പുകൾ ഊർജിതമാക്കും.

നാളെ ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്. എന്നീ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത. മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മില്ലിമീറ്റർ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും ദുരന്ത സാധ്യതാ മേഖലകളിൽ ഉള്ളവരെയും ഉടനെ തന്നെ മുൻകരുതലിൻറെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റും. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ ആളുകളെ മാറ്റി പാർപ്പിക്കും.

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണം. 

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്; മറ്റെന്നാൾ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട പതിനേഴ് അണക്കെട്ടുകൾ തുറന്നു. ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ, പൊൻമുടി, ഇരട്ടയാർ ഡാമുകളും, പത്തനംതിട്ട ജില്ലയിലെ മണിയാർ, മൂഴിയാർ ഡാമുകളും, പാലക്കാട് ജില്ലയിലെ മൂലത്തറ, മംഗലം, ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകളും, തൃശൂർ ജില്ലയിലെ പൊരിങ്ങൽകൂത്തും, വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമും, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമും, കണ്ണൂരിലെ പഴശി ഡാമും തുറന്നിട്ടുണ്ട്.

ജലവിഭവ വകുപ്പിൻറെ കീഴിലുള്ള ഡാമുകൾ അലെർട് ലെവൽ എത്തുന്നതിനു മുന്നേ തന്നെ നേരത്തെ തുറന്നിരുന്നു. കെഎസ്ഇബിക്ക് കീഴിലുള്ള ഡാമുകൾ റൂൾ കർവ്വ് അനുസരിച്ചു ശാസ്ത്രീയമായാണ് തുറക്കുന്നത്. പൊ?ുടി, കക്കയം ഡാമുകളാണ് ആണ് പുതുതായി തുറന്നിട്ടുള്ളത്.

നദികൾക്ക് ഇരുവശവും താമസിക്കുന്നവരും, ചെരിഞ്ഞ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തേണ്ടതാണ്. സർക്കാർ നിലക്കുന്ന നിർദ്ദേശങ്ങൾ അതേപടി പാലിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെൻറ് സോണുകളിലും ഓഗസ്റ്റ് 16 വരെ ലോക്ക്ഡൗൺ കർശനമായി തുടരാൻ തീരുമാനിച്ചു. ഓഗസ്റ്റ് പത്തു മുതൽ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കും നിബന്ധനകളോടെ അനുമതി നൽകി. ചാല മാർക്കറ്റിലെ കടകൾക്ക് കർശന നിർദ്ദേശങ്ങൾ പാലിച്ച് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി.

കൊല്ലം ജില്ലയിലെ കണ്ടയിൻമെൻറ് സോണുകളിലുള്ള സ്ഥിതിചെയ്യുന്ന കശുവണ്ടി ഫാക്ടറികൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകി.

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയ മാർക്കറ്റ് പൂർണമായും അടച്ചു. പട്ടണക്കാട് പഞ്ചായത്ത് പൂർണമായും കണ്ടെയിൻമെൻറ് സോൺ ആക്കി.

നാം ഒരു ഇരട്ടദുരന്തമാണ് നേരിടുന്നത്. ഒരുഭാഗത്ത് കോവിഡ് പ്രതിരോധ സമരം. ഇപ്പോൾ കാലവർഷക്കെടുതികൾക്കെതിരായ പ്രവർത്തനവും വേണ്ടിവന്നിരിക്കുന്നു. ഇതുവരെ വന്ന മുന്നറിയിപ്പുകൾ വെച്ച് അപകടസാധ്യതകൾ കൂടുതലാണ്.

വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണവും വർധിക്കും എന്നാണ് വിദഗ്ധ നിഗമനം. അങ്ങനെ പ്രവചിക്കപ്പെട്ട മട്ടിലുള്ള വർധനയുടെ തോത് കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഒപ്പംതന്നെ പ്രകൃതിദുരന്ത നിവാരണത്തിനുവേണ്ടിയുള്ള ഇടപെടലും ഊർജിതമായി മുന്നോട്ടുകൊണ്ടുപോകുകയാണ്. ഇത് സർക്കാർ തീരുമാനത്തിൻറെ ഭാഗമായി മാത്രം പൂർത്തീക്കരികാവുന്ന ദൗത്യമല്ല.

ഈ പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി അണിചേരേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയ ഭേദങ്ങൾ മാറ്റിവെച്ച്, മറ്റെല്ലാ ഭേദചിന്തകൾക്കും അതീതമായി ഒന്നിച്ച് ഈ ദുർഘടസന്ധിയെ നേരിടേണ്ടതുണ്ട്. അതിന് മുഴുവൻ ജനങ്ങളുടെയും സഹായവും പങ്കാളിത്തവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top