20 September Sunday

10,000 കടന്ന്‌ ഇ സഞ്ജീവനി ; ടെലിമെഡിസിൻ അർബുദബാധിതർക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ ഇ–- സഞ്ജീവനി ടെലി മെഡിസിനിലൂടെ സേവനം ലഭ്യമായവരുടെ എണ്ണം 10,000 കടന്നു. കോവിഡ്‌ കാലത്ത്‌ വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന്‌ വൈദ്യസഹായം തേടാൻ ജൂൺ അവസാനമാണ്‌ ടെലി മെഡിസിൻ ആരംഭിച്ചത്‌. പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ അർബുദ രോഗികൾക്കുള്ള ഓൺലൈൻ കൺസൾട്ടേഷനും ആരംഭിച്ചു. കോവിഡ്‌ പ്രഥമതല ചികിത്സാ കേന്ദ്രങ്ങളിൽ ഉള്ളവർക്കും ഉടൻ സേവനം ലഭ്യമാക്കും. ഇതിനായി പോർട്ടലിൽ പ്രത്യേക ലിങ്ക്‌ നൽകും.

അർബുദ ചികിത്സയ്‌ക്കായി തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്റർ, തലശ്ശേരി മലബാർ ക്യാൻസർ സെന്റർ, കൊച്ചിൻ ക്യാൻസർ സെന്റർ എന്നിവയാണ്‌ ഇ–- സഞ്ജീവനിയുമായി സഹകരിക്കുന്നത്‌. മാനസിക പ്രശ്‌നങ്ങൾ ഉള്ളവർക്കായി കോഴിക്കോട്‌ ഇംഹാൻസ്, പ്രമേഹ രോഗികൾക്കായി തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ്‌ എന്നിവയുടെ സേവനവും ലഭ്യമാക്കി‌. മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, കുട്ടികൾക്കുള്ള ക്യാൻസർ ചികിത്സാ ക്ലിനിക്കുകൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്‌. സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജുകളുമായി ചേർന്ന് കൂടുതൽ മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിക്കും.

ടൈം ടേബിൾ
esanjeevaniopd. in /kerala സൈറ്റിൽ പ്രവേശിച്ചോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തോ ഓൺലൈനായി ഡോക്ടറെ കാണാം. എല്ലാദിവസവും രാവിലെ എട്ടുമുതൽ വൈകിട്ട്‌ എട്ടുവരെ സാധാരണ കൺസൾട്ടേഷൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസ്‌–- ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പകൽ രണ്ടുമുതൽ നാലുവരെ. ഇംഹാൻസ്‌–- കുട്ടികൾക്ക്: ‌ചൊവ്വാഴ്ചകളിൽ പകൽ പത്തുമുതൽ 12 വരെ. മുതിർന്നവർക്ക്: ബുധനാഴ്ചകളിൽ പകൽ 10മുതൽ 12 വരെ. മലബാർ ക്യാൻസർ സെന്റർ–- വ്യാഴം, വെള്ളി പകൽ മൂന്നുമുതൽ നാലുവരെ. -കൊച്ചിൻ ക്യാൻസർ സെന്റർ–- തിങ്കൾമുതൽ വെള്ളിവരെ രാവിലെ ഒമ്പതുമുതൽ 12വരെ. ആർസിസി–- ചൊവ്വ, വെള്ളി പകൽ രണ്ടുമുതൽ മൂന്നുവരെ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top