26 September Saturday

മാനേജ്‌മെന്റ്‌ വിഭാഗത്തിനും വിആർഎസ്‌ ബാധകമെന്ന്‌ ബിപിസിഎൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


കൊച്ചി
ബിപിസിഎൽ നടപ്പാക്കുന്ന സ്വയംവിരമിക്കൽ പദ്ധതി തൊഴിലാളികൾക്കു മാത്രമല്ല, മാനേജ്‌മെന്റ്‌ വിഭാഗം ജീവനക്കാർക്കും ബാധകമാണെന്ന്‌ വിശദീകരണം. തൊഴിലാളികളെ നിർബന്ധിച്ച്‌ വിആർഎസ്‌ എടുപ്പിക്കാൻ മാനേജ്‌മെന്റ്‌ ശ്രമിക്കുന്നതിനെതിരെ കൊച്ചി റിഫൈനറി വർക്കേഴ്‌സ്‌ അസോസിയേഷൻ നൽകിയ പരാതിക്ക്‌ കമ്പനി ചീഫ്‌ ജനറൽ മാനേജർ നൽകിയ മറുപടിയിലാണ്‌ ഇക്കാര്യമുള്ളത്‌. എന്നാൽ, അക്കാര്യത്തിൽ അവ്യക്തതയുണ്ടെന്ന്‌ ജീവനക്കാരുടെ സംഘടനകൾ പറയുന്നു.

കമ്പനി സ്വകാര്യവൽക്കരണത്തിന്റെ പശ്‌ചാത്തലത്തിൽ നടപ്പാക്കുന്ന വിആർഎസ്‌ പദ്ധതി സംബന്ധിച്ച്‌ മാനേജ്‌മെന്റ്‌ തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്‌. അവരെ ശരിയായ തീരുമാനമെടുക്കാൻ സഹായിക്കാനാണ്‌ അത്‌. അല്ലാതെ നിർബന്ധിക്കലോ ഭീഷണിപ്പെടുത്തലോ അല്ല. മാനേജ്‌മെന്റ്‌ വിഭാഗത്തിനും പദ്ധതി ബാധകമാണ്‌. ഡിപ്പാർട്ട്‌മെന്റ്‌ മേധാവികൾ അവരുമായും ഇക്കാര്യങ്ങൾ സംസാരിക്കുന്നുണ്ടെന്നും സിജിഎം മറുപടിയിൽ പറഞ്ഞു.

മാനേജ്‌മെന്റ്‌ വിഭാഗത്തിലെ ജീവനക്കാർക്കും വിആർഎസ്‌ ബാധകമാണെന്ന്‌ സിജിഎം പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ വ്യക്തതയില്ലെന്ന്‌ കൊച്ചിൻ റിഫൈനറി വർക്കേഴ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. തൊഴിലാളികളെ ഓരോരുത്തരെയും വിളിച്ച്‌ വിആർഎസ്‌ എടുത്ത്‌ പിരിയാൻ മാനേജർമാർ നിർബന്ധിക്കുന്നുണ്ട്‌. അല്ലാത്തപക്ഷം കമ്പനി സ്വകാര്യവൽക്കരിക്കുമ്പോൾ ആനുകൂല്യങ്ങൾ പോലുമില്ലാതെ പിരിച്ചുവിട്ടേക്കുമെന്നും പറയുന്നതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top