14 December Saturday

ഈ കൈപ്പുണ്യം ഓൺലൈനിലും; കുടുംബശ്രീ കിച്ചൺ ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019


കൊച്ചി
വാട്ടിയ തൂശനിലയിൽ പൊതിഞ്ഞ ചോറും കൈപ്പുണ്യം നിറഞ്ഞ കപ്പയും മീൻകറിയുമൊക്കെ ഇനി മേശപ്പുറത്തെത്തും, ഓൺലൈൻ വഴി. ഇഡ്ഡലി, ഇടിയപ്പം, മുട്ടക്കറി, ചപ്പാത്തി, ബിരിയാണി, ചിക്കൻ, ഫിഷ്ഫ്രൈ, ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ, ഇറച്ചിച്ചാേർ, കപ്പ ബിരിയാണി, പത്തിരി, ബീഫ് റോസ്റ്റ്‌ എന്നിവയും നാടൻ സ്വാദും തനിമയും ചോരാതെ ഇനി ആവശ്യക്കാർക്കു മുന്നിലെത്തും. കുടംബശ്രീ കിച്ചൻ എന്ന പേരിൽ ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗിയും സൊമാറ്റോയുമായി സഹകരിച്ചാണ്‌ വിഭവങ്ങളുടെ വിൽപ്പന നടത്തുന്നതെന്ന്‌ കുടുംബശ്രീ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കുടുംബശ്രീ മിഷൻ സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഓൺലൈൻ ഭക്ഷ്യ ശൃംഖലയൊരുക്കുന്നത്‌. കുടുംബശ്രീ കിച്ചന്റെ  ഉദ്‌ഘാടനം വെള്ളിയാഴ്‌ച കൊച്ചിയിൽ നടക്കും. പ്രളയത്തിൽ തകർന്ന കുടുംബശ്രീ കഫേ യൂണിറ്റുകൾക്ക്‌ പുതുജീവൻ പകരാനാണ്‌ ഭക്ഷ്യവിഭവങ്ങൾ ഓൺലൈനിൽ വിൽപ്പന നടത്തുന്നത്‌. കുടുംബശ്രീ മിഷനും അമേരിക്കൻ ഇന്ത്യൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ്‌ കിച്ചൺ പ്രവർത്തിക്കുക. കാറ്ററിങ് രംഗത്തെ കുടുംബശ്രീ മൈക്രോ സംരംഭകർക്ക് സ്ഥിരം തൊഴിലും കൂടുതൽ വരുമാനവും പദ്ധതിവഴി ലഭിക്കുമെന്ന്‌  കുടുംബശ്രീ മിഷൻ കോ–-ഓർഡിനേറ്റർ ടി പി ഗീവർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്ന ഭക്ഷണം ഇരുമ്പനം, വൈറ്റില, കലൂർ, കളമശേരി എന്നിവിടങ്ങളിലെ അടുക്കളയിലെത്തിച്ച്‌ പായ്‌ക്ക്‌ ചെയ്യും. ഇവിടെനിന്ന്‌ സ്വിഗ്ഗി, സൊമാറ്റോ ഏജൻസികൾ ഓൺലൈൻവഴി വിതരണം നടത്തും. ഓരോ കേന്ദ്രത്തിന്റെയും ആറു കിലോമീറ്റർ ചുറ്റളവിലാണ് ഭക്ഷണമെത്തിക്കുന്നത്. രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ കുടുംബശ്രീ അടുക്കളയിൽനിന്ന് ഭക്ഷണം ലഭിക്കും. ഐടി ജീവനക്കാരുടെ സൗകര്യം കണക്കിലെടുത്ത് കാക്കനാട് ഭാഗത്തു മാത്രം രാത്രി 10.30 വരെ ഭക്ഷണമെത്തിക്കും. പ്രഭാതഭക്ഷണം രാവിലെ ഏഴുമുതൽ 11.30 വരെയും ഉച്ചഭക്ഷണം 11.30 മുതൽ വൈകിട്ട്‌ നാലുവരെയും അത്താഴം ഒമ്പതുവരെയും ലഭിക്കും. ആദ്യഘട്ടത്തിൽ 20 മൈക്രോ സംരംഭങ്ങൾക്കും 112 കുടുംബശ്രീ അംഗങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. 12 ശതമാനംവരെ വിലക്കുറവിലാണ്‌ വിഭവങ്ങൾ നൽകുന്നത്‌.

വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചിന് തോപ്പുംപടി ബിഎം ഓഡിറ്റോറിയത്തിൽ കുടുംബശ്രീ കിച്ചൺ മന്ത്രി എ സി മൊയ്തീൻ  ഉദ്‌ഘാടനം ചെയ്യും. ഇരുമ്പനം, വൈറ്റില കിച്ചണുകൾ പ്രവർത്തനം ആരംഭിച്ചു. മറ്റ് രണ്ടു കേന്ദ്രങ്ങൾ ഒരു മാസത്തിനുശേഷം പ്രവർത്തനം ആരംഭിക്കും. പദ്ധതി മാനേജർ കെ ആർ ദിൽരാജും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top